Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഗസ്റ്റിൽ കയറ്റുമതിയിൽ 26% വർധനവ്; ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു

text_fields
bookmark_border
ആഗസ്റ്റിൽ കയറ്റുമതിയിൽ 26% വർധനവ്; ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു
cancel

ന്യൂഡൽഹി: ആഗസ്റ്റിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി വാർഷികാടിസ്ഥാനത്തിൽ 26 ശതമാനത്തിലധികം വർധിച്ച് 43.81 ബില്യൺ ഡോളറിലെത്തി. ഇതേകാലയളവിൽ ഇറക്കുമതി 14 ശതമാനം വർധിച്ച് 70.67 ബില്യൺ ഡോളറായി. കയറ്റുമതി വളർച്ച ഇറക്കുമതിയേക്കാൾ ഉയർന്നതോടെ ഇന്ത്യയുടെ വ്യാപാര കമ്മി കുറഞ്ഞു. വ്യാപാര വൈവിധ്യവൽക്കരണം, ഉഭയകക്ഷി കരാറുകൾ, സ്വർണ്ണം പോലുള്ള ഉൽപന്നങ്ങളുടെ അനാവശ്യ ഇറക്കുമതിക്കുള്ള നിയന്ത്രണങ്ങൾ തുടങ്ങിയ നയപരമായ തീരുമാനങ്ങളാണ് ഇതിന് വഴിയൊരുക്കിയത്.

നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസങ്ങളിൽ ഇന്ത്യയുടെ കയറ്റുമതി വളർച്ചാ വേഗത ശക്തമായിരുന്നുവെന്നും ആഗസ്റ്റിൽ ഇത് കൂടുതൽ വേഗത്തിലായെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ചരക്ക്-സേവന മേഖലകളിലെ മൊത്തം കയറ്റുമതി 13 ശതമാനത്തിലധികം വർധിച്ച് 236.28 ബില്യൺ ഡോളറിലെത്തിയെന്ന് രാജേഷ് അഗർവാൾ വ്യക്തമാക്കി.

ചരക്ക്, സേവന മേഖലകൾ ഉൾപ്പെടെയുള്ള മൊത്തം കയറ്റുമതി വളർച്ച ഈ വർഷം ജൂലൈയിൽ 16.58 ശതമാനമായി വർധിച്ച് 82.42 ബില്യൺ ഡോളറിലും ആഗസ്റ്റിൽ 25.4 ശതമാനം വർധിച്ച് 82.68 ബില്യൻ ഡോളറിലും എത്തിയതായി ചൊവ്വാഴ്ച വ്യാപാര കണക്കുകൾ പുറത്തുവിട്ടുകൊണ്ട് രാജേഷ് അഗർവാൾ പറഞ്ഞു. സേവന മേഖലയിലെ വിവരങ്ങൾ ആർ.ബി.ഐ വൈകി പുറത്തുവിടുന്നതിനാൽ ആഗസ്റ്റിലെ സേവന മേഖലയിലെ കണക്കുകൾ മുൻ മാസത്തെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകളാണ്.

ആദ്യമായി ഇറക്കുമതി വളർച്ച കയറ്റുമതിയേക്കാൾ പിന്നിൽ

ഇറക്കുമതിയെക്കുറിച്ച് സംസാരിക്കവേ 2026 ആഗസ്റ്റിൽ ചരക്ക് ഇറക്കുമതി 70.67 ബില്യൺ ഡോളറിലെത്തിയതായി രാജേഷ് അഗർവാൾ പറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസമിത് 61.96 ബില്യൺ ഡോളറായിരുന്നു. മൊത്തത്തിലുള്ള (ചരക്കുകളും സേവനങ്ങളും ഉൾപ്പെടെയുള്ള) വ്യാപാര കമ്മി പരിശോധിച്ചാൽ, കഴിഞ്ഞ വർഷം ആഗസ്റ്റിൽ 11.62 ബില്യൺ ഡോളറായിരുന്നത് 2026 ഓഗസ്റ്റിൽ 9.41 ബില്യൺ ഡോളറായി കുറഞ്ഞു. അതുകൊണ്ട് മൊത്തം വ്യാപാര കമ്മിയിൽ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആഗസ്റ്റിൽ സ്വർണ്ണ ഇറക്കുമതിയിൽ 58 ശതമാനത്തോളം ഇടിവ്

2026 ആഗസ്റ്റിൽ സ്വർണ്ണ ഇറക്കുമതിയിലുണ്ടായ കുത്തനെയുള്ള കുറവാണ് വ്യാപാര കമ്മി കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് എന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 2025 ഓഗസ്റ്റിൽ 5.44 ബില്യൺ ഡോളറായിരുന്ന സ്വർണ്ണ ഇറക്കുമതി 2026 ഓഗസ്റ്റിൽ 58 ശതമാനത്തോളം ഇടിഞ്ഞ് 2.3 ബില്യൺ ഡോളറായി. തൊട്ടുതലേ മാസമായ 2026 ജൂലൈയിലെ (4.16 ബില്യൺ ഡോളർ) കണക്കുമായി താരതമ്യം ചെയ്യുമ്പോൾ പോലും 45 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ ഒഴിവാക്കാനും സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് നീട്ടിവെക്കാനും മേയ് 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യത്തിൽ ഊർജം, വളം തുടങ്ങിയ അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി വിദേശനാണ്യം സംരക്ഷിക്കുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനുമായി സർക്കാർ മേയ് 13ന് സ്വർണ്ണം, വെള്ളി ഉൾപ്പെടെയുള്ള വിലകൂടിയ ലോഹങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു.

വാണിജ്യ സെക്രട്ടറിയുടെ അഭിപ്രായത്തിൽ, 2026 ആഗസ്റ്റിൽ വ്യാപാര കമ്മിയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിലെ മൊത്തം വ്യാപാര കമ്മി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്. ആദ്യ അഞ്ച് മാസങ്ങളിൽ ഉയർന്ന വ്യാപാര കമ്മിക്ക് കാരണമായ ഇറക്കുമതി ആവശ്യകതയെക്കുറിച്ച് സംസാരിക്കവെ ശക്തമായ ആഭ്യന്തര സാമ്പത്തിക വളർച്ച, വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ, ഉൽപ്പാദന മേഖലയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി എന്നിവയാണ് ഇതിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ കയറ്റുമതി വളരുന്നത് നയപരമായ ചില പ്രധാന തീരുമാനങ്ങൾ കൊണ്ടാണ്. വ്യാപാര വൈവിധ്യവൽക്കരണം, 25,000 കോടിയുടെ എക്‌സ്‌പോർട്ട് പ്രൊമോഷൻ മിഷൻ (EPM), ഓസ്‌ട്രേലിയ, യു.എ.ഇ, യു.കെ തുടങ്ങിയ 40ഓളം രാജ്യങ്ങളുമായി 2021 മുതൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാര കരാറുകൾ (FTA) എന്നിവ ഇതിൽ ഉൾപ്പെടുന്നു. അടുത്ത മാസം മുതൽ ഇന്ത്യ-ന്യൂസിലാൻഡ് സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി അഗർവാൾ പറഞ്ഞു. കൂടാതെ, കാനഡയിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം നിലവിൽ ന്യൂഡൽഹിയിൽ ഇന്ത്യൻ അധികൃതരുമായി ചർച്ച നടത്തിവരികയാണ്.

നിർദ്ദിഷ്ട സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്‍റെ രണ്ട് അധ്യായങ്ങൾ ഇന്ത്യയും കാനഡയും ഇതിനകം അന്തിമമാക്കിയിട്ടുണ്ടെന്ന് വാണിജ്യ സെക്രട്ടറി പറഞ്ഞു. ഈ വർഷം അവസാനത്തോടെയോ അതിനുമുമ്പോ ഇന്ത്യയും യൂറോപ്യൻ യൂനിയനും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India's trade deficit narrows
Next Story