രൂപയ്ക്ക് നേട്ടം; ഡോളറിനെതിരെ 20 പൈസ ഉയർന്ന് 94.79 ലെത്തി
text_fieldsമുംബൈ: യു.എസ് ഡോളറിനെതിരെ വെള്ളിയാഴ്ചയും നേട്ടമുണ്ടാക്കി ഇന്ത്യൻ രൂപ. ഡോളറിനെതിരെ രൂപ 20 പൈസ ഉയർച്ച നേടിയ രൂപ 94.79 നിലയിലെത്തി. കഴിഞ്ഞ ദിവസം രൂപ 18 പൈസ ഉയർന്ന് 94.99ലാണ് രൂപ വ്യാപാരം അവസാനിച്ചത്.
അമേരിക്കൻ കറൻസി ദുർബലമാകുന്നതും റിസർവ് ബാങ്കിന്റെ വിദേശനാണ്യ വിപണിയുടെ ഇടപെടലുകളുടെ പോസിറ്റീവ് ആഘാതവുമാണ് രൂപയ്ക്ക് കരുത്തായത്. യു.എസ് ട്രഷറി വരുമാനം കുറഞ്ഞതും ആഭ്യന്തര കറൻസിയുടെ ഉയർച്ചയ്ക്ക് തുണയായി. എന്നാൽ ക്രൂഡ് ഓയിൽ വില ഉയർന്നതും ഓഹരി വിപണിയിലെ ഇടിവും കാരണം ഇന്ത്യൻ രൂപയ്ക്ക് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ ഡോളറിനെതിരെ രൂപ 94.75ലാണ് വ്യാപാരം തുടങ്ങിയത്. പിന്നീടത് 94.79 ലെത്തുകയായിരുന്നു.
"ഡോളർ സൂചികയിലെ ഇടിവും യു.എസ് ട്രഷറി വരുമാനം കുറഞ്ഞതും രൂപയെ പിന്തുണച്ചു. എന്നിരുന്നാലും, ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുതിപ്പ് രൂപയുടെ മുന്നേറ്റത്തിന് കടിഞ്ഞാണിട്ടു. യു.എസ് പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (പി.പി.ഐ) പ്രതീക്ഷിച്ചതിലും ഉയർന്നതായിരുന്നു. അതേസമയം റീട്ടെയിൽ വിൽപ്പന പ്രവചനങ്ങളെ മറികടന്നു. പ്രതിവാര തൊഴിലില്ലായ്മ ക്ലെയിമുകൾ പ്രതീക്ഷകൾക്ക് അനുസൃതമായിരുന്നു," മിറേ അസറ്റ് ഷെയർഖാനിലെ റിസർച്ച് അനലിസ്റ്റ് അനുജ് ചൗധരി പറഞ്ഞു.
അതേസമയം, ആറ് കറൻസികളുമായുള്ള വിനിമയത്തിൽ ഡോളറിന്റെ കരുത്ത് അളക്കുന്ന ഡോളർ സൂചിക 0.54 ശതമാനം ഇടിഞ്ഞ് 102ലാണ് വ്യാപാരം നടത്തിയത്. ഭാവി വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡ് 0.54 ശതമാനം ഇടിഞ്ഞ് ബാരലിന് 105.35 ഡോളറിലെത്തി. ഓഹരി വിപണിയിൽ സെൻസെക്സും നിഫ്റ്റിക്കും നഷ്ടമുണ്ടായി. സെൻസെക്സ് 113 പോയിന്റ് ഇടിഞ്ഞ് 74187 ലെത്തിയപ്പോൾ നിഫ്റ്റി 27.20 പോയിന്റ് ഇടിഞ്ഞ് 22967.15 ലുമാണ് വ്യാപാരം തുടങ്ങിയത്. വ്യാഴാഴ്ച വിദേശ സ്ഥാപന നിക്ഷേപകർ (എഫ്.ഐ.ഐഎസ്) മൊത്തം 5,285.37 കോടി രൂപയുടെ ഓഹരികൾ വിറ്റൊഴിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

