കയറ്റുമതി ആനുകുല്യങ്ങൾ കുറക്കും; പകരം നികുതി ഇളവ് വാഗ്ദാനം
text_fieldsന്യൂഡൽഹി: എട്ടുവർഷം കൊണ്ട് കയറ്റുമതി രണ്ടു ലക്ഷം കോടി ഡോളറായി വർധിപ്പിക്കണമെന്ന ലക്ഷ്യവുമായി പുതിയ വിദേശ വ്യാപാരനയം വാണിജ്യ മന്ത്രാലയം പുറത്തിറക്കി. കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്ന രീതി മാറ്റി നികുതിനിരക്ക് കുറക്കുകയെന്ന നയം സർക്കാർ മുന്നോട്ടുവെച്ചു.
വാണിജ്യമന്ത്രി പീയൂഷ് ഗോയലാണ് നയം പുറത്തിറക്കിയത്. നിലവിലെ വ്യാപാരനയ കാലാവധി 2020ൽ അവസാനിച്ചെങ്കിലും കോവിഡ് സാഹചര്യങ്ങൾമൂലം പല തവണയായി 2023 മാർച്ച് 31 വരെ കാലാവധി നീട്ടുകയായിരുന്നു. അഞ്ചു വർഷത്തിലൊരിക്കൽ വ്യാപാര നയം പുതുക്കുന്നതായിരുന്നു ഇതുവരെ രീതി. എന്നാൽ, പുതിയ നയത്തിന് കാലാവധി ഇല്ല. മാറുന്ന സാഹചര്യത്തിനൊത്ത് നയം പുതുക്കും.
കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ വലിയ പദ്ധതികളൊന്നും നയത്തിൽ പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ രൂപയിൽ കയറ്റുമതി ഇടപാട് പ്രോത്സാഹിപ്പിക്കും. കയറ്റുമതിയിൽ ഇടപാടു ചെലവ് കുറക്കും. കൂടുതൽ കയറ്റുമതി കേന്ദ്രങ്ങൾ തുറക്കും. ഇ-കൊമേഴ്സ് വ്യാപാരത്തിന് കൂടുതൽ ആനുകൂല്യങ്ങൾ. കയറ്റുമതി ബാധ്യത നിർവഹണ വീഴ്ചകൾക്ക് ഒറ്റത്തവണ മാപ്പ് പദ്ധതി നടപ്പാക്കും. ഇതിന്‍റെ ഭാഗമായി തീരുവ കുടിശ്ശികയിൽ പലിശയിളവ് അനുവദിക്കും.
ഹരിത സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉല്പന്നങ്ങുടെ പട്ടികയിൽ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ, മലിനജല സംസ്കരണ സംവിധാനങ്ങൾ, മഴക്കൊയ്ത്ത് സജ്ജീകരണങ്ങൾ, ഹരിത ഹൈഡ്രജൻ എന്നിവ ഉൾപ്പെടുത്തും. വിദേശ വ്യാപാര നയവുമായി ബന്ധപ്പെട്ട അപേക്ഷകൾക്കും അനുമതിക്കും ഡിജിറ്റൽ രീതി നടപ്പാക്കും. മറ്റൊരു രാജ്യത്തുനിന്ന് ചരക്കു വാങ്ങി ഇന്ത്യയിലേക്ക് കൊണ്ടുവരാതെതന്നെ മൂന്നാമതൊരു രാജ്യത്തേക്ക് അയക്കാൻ കഴിയുന്ന മർച്ചന്‍റിങ് ട്രേഡ് രീതിക്ക് അംഗീകാരം നൽകും. ഇ-കൊമേഴ്സ് കയറ്റുമതി ക്രമപ്പെടുത്താൻ മാർഗനിർദേശം കൊണ്ടുവരും.
നിലവിൽ കയറ്റുമതി 76,000 കോടി ഡോളറാണ്. 2030ൽ ഇത് രണ്ടു ലക്ഷം കോടി ഡോളറാക്കണമെന്നാണ് അഭിലാഷം. കയറ്റുമതിക്ക് സബ്സിഡിയെ ആശ്രയിക്കാതെ മത്സരക്ഷമത നേടുകയാണ് വ്യവസായികൾ ചെയ്യേണ്ടതെന്ന് മന്ത്രി പീയൂഷ് ഗോയൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

