സാമ്പത്തികാവലോകന റിപ്പോർട്ട്; അപകടരേഖയിലേക്ക് പൊതുകടം; ആശ്വാസമായി തനത് നികുതി വരുമാനം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ പൊതുകടം വർധിക്കുന്നുവെന്ന് അടിവരയിട്ട് സാമ്പത്തികാവലോകന റിപ്പോർട്ട്. 2023-24 വർഷത്തെ 12.60 ശതമാനത്തിൽ നിന്ന് 15.68 ശതമാനത്തിലേക്കാണ് 2024-25ൽ പൊതുകടം ഉയർന്നത്. പൊതുകടവും ആഭ്യന്തര വളർച്ചയും തമ്മിലെ അനുപാതം മുൻ വർഷത്തെ 23.60 ശതമാനത്തിൽ നിന്ന് 2024-25ൽ 24.83 ആയി വർധിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഈ അനുപാതം 25 ശതമാനമുള്ള 14 സംസ്ഥാനങ്ങളാണുള്ളത്. ഈ പട്ടികയിലേക്ക് അടുക്കുകയാണ് കേരളത്തിന്‍റെയും കടം-മൊത്തം ആഭ്യന്തര ഉൽപാദന (ജി.എസ്.ഡി.പി) അനുപാതം. സംസ്ഥാനത്തിന്‍റെ ആകെ പൊതുകടത്തിൽ 95.71 ശതമാനവും ആഭ്യന്തര കടമാണ്. മുൻ വർഷത്തെ 2.57 ലക്ഷം കോടിയിൽ നിന്ന് 2024-25ൽ 2.96 ലക്ഷം കോടിയായാണ് പൊതുകടം വർധിച്ചത്. അതായത് ആഭ്യന്തര കടത്തിന്‍റെ വളർച്ച നിരക്ക് 15.38 ശതമാനമാണ്. സംസ്ഥാനത്തിന്‍റെ ആകെ പൊതുകടത്തിൽ കേന്ദ്രവായ്പയുടെ വിഹിതം 4.29 ശതമാനവും.
സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ സിംഹഭാഗവും തനത് നികുതി വരുമാനത്തിൽ നിന്നാണ്. ചരക്ക് സേവന നികുതി, പെട്രോളിയം, മദ്യം എന്നിവയുടെ വിൽപന നികുതി, സ്റ്റാമ്പ് ഡ്യൂട്ടി, വാഹനനികുതി, രജിസ്ട്രേഷൻ ഫീസ്, സംസ്ഥാന എക്സൈസ് ഡ്യൂട്ടി, ഭൂനികുതി എന്നിവയാണ് തനത് നികുതി വരുമാനത്തിന്‍റെ പ്രധാന സ്രോതസുകൾ. ആകെ വരുമാനത്തിന്‍റെ 61.38 ശതമാനം വരുമിത്.
തൊട്ടുമുമ്പുള്ള നാല് വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2021-22 മുതൽ 2024-25 വരെയുള്ള കാലയളവിൽ സംസ്ഥാനത്തിന്‍റെ മൊത്തം തനത് വരുമാനത്തിൽ 42.93 ശതമാനം വളർച്ച പ്രതിഫലിക്കുന്നുവെന്നാണ് സാമ്പത്തികാവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 2015-16ൽ ആകെ വരുമാനത്തിന്‍റെ 56.49 ശതമാനമായിരുന്നു തനത് നികുതിയെങ്കിൽ 2024-25ൽ ഇത് 61.38 ശതമാനമായി വർധിച്ചു. 2024-25 വർഷത്തെ മാത്രം കണക്കെടുത്താൽ തനത് നികുതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 2313.19 കോടിയുടെ വർധനവുണ്ടായി.
എന്നാൽ ഇതേ കാലയളവിൽ നികുതിയേതര വരുമാനത്തിൽ 140.66 കോടിയുടെ നാമമാത്ര വർധനയേ ഉണ്ടായിട്ടുള്ളൂ. നികുതിയേതര വരുമാനത്തിന്‍റെ പ്രധാന സ്രോതസ് ഭാഗ്യക്കുറിയാണ്. പലിശ, ഡിവിഡന്‍റ്, വനവിഭവങ്ങളിൽ നിന്നുള്ള വരുമാനം, സാമൂഹിക സേവന മേഖലകളിൽ നിന്ന് ലഭിക്കുന്ന ഫീസ്, പിഴ എന്നിവയാണ് മറ്റ് പ്രധാന സ്രോതസുകൾ. ഇതിൽ 2024-25ൽ ലോട്ടറികളിൽ നിന്നുള്ള വരുമാനം 12711.18 കോടിയാണ്.
തൊട്ടു മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 1.44 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം നികുതിയേതര വരുമാനത്തിന്‍റെ 77.10 ശതമാനമാണ് ലോട്ടറിയിൽ നിന്ന് ലഭിക്കുന്നത്. സാമൂഹിക സേവന ഇനത്തിൽ 1655.76 കോടിയും (10.04 ശതമാനം), പലിശയും ഡിവിഡന്‍റുമായി 351.44 കോടി (2.13 ശതമാനം), വനവിഭവങ്ങളുടെ വിൽപനയിൽ 255.79 കോടിയും (1.55 ശതമാനം), മറ്റ് സ്രോതസ്സുകളിൽ നിന്ന് 1512.45 കോടിയും (9.17 ശതമാനം) 2024-25 സാമ്പത്തിക വർഷം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

