Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightനികുതി വരുമാനം...

നികുതി വരുമാനം മെച്ചപ്പെട്ടു; പതറി ഓഹരി വിപണിയും കയറ്റുമതിയും

text_fields
bookmark_border
Tax
cancel

ന്യൂഡൽഹി: നവംബർ അവസാനമായപ്പോഴേക്കും നികുതി വരുമാനം ബജറ്റ് ലക്ഷ്യത്തിന്‍റെ മൂന്നിൽ രണ്ടിലെത്തിയതായി സാമ്പത്തിക സർവേ (65 %). ആദ്യ എട്ടു മാസങ്ങളിൽ 17.81 ലക്ഷം കോടി. ജി.എസ്.ടി, കോർപറേറ്റ് നികുതി ഇളവ് തുടങ്ങിയ പരിഷ്കാരങ്ങൾ നികുതിഭാരം കുറച്ചതായും സർവേ അവകാശപ്പെട്ടു. നികുതി ഇനത്തിൽ നടപ്പു സാമ്പത്തിക വർഷത്തെ ലക്ഷ്യം 27.58 ലക്ഷം കോടി രൂപയാണ്. പ്രത്യക്ഷ നികുതി വരുമാനത്തിൽ 26 ശതമാനം വർധന. പ്രത്യക്ഷ നികുതി വരുമാനം 8.67 ലക്ഷം കോടി; പരോക്ഷ നികുതി വരുമാനം 8.91 ലക്ഷം കോടി. ജി.എസ്.ടി പ്രതീക്ഷ 7.80 ലക്ഷംകോടി; ഇതിൽ 5.57 ലക്ഷം കോടിയും കിട്ടി. 2017-18ൽ 90,000 കോടിയായിരുന്ന പ്രതിമാസ ജി.എസ്.ടി വരുമാനം നടപ്പു വർഷം 1.49 ലക്ഷം കോടിയായി. ചെറുകിട വ്യവസായങ്ങളിൽ നിന്നുള്ള ജി.എസ്.ടി വരുമാനം കോവിഡിനു മുമ്പത്തെ സ്ഥിതിയിലേക്ക്.

വിദേശ നിക്ഷേപത്തിൽ പ്രതീക്ഷ

സാമ്പത്തിക വളർച്ച കൂടിയതിനാൽ പ്രത്യക്ഷ വിദേശ നിക്ഷേപം വരും മാസങ്ങളിൽ കൂടും. അത് ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തും. നിലവിൽ വിദേശ നിക്ഷേപ തോത് കോവിഡിന് മുമ്പത്തെ നിലയിലേക്ക് എത്തിയിട്ടുണ്ട്. മിക്ക മേഖലകളിലും സമ്പൂർണ വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പലതും നീക്കി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഇതെല്ലാം ഗുണം ചെയ്യും. കമ്പ്യൂട്ടർ സോഫ്ട്വെയർ, ഹാർഡ്വെയർ, സേവനരംഗം, വാഹനം, അടിസ്ഥാന സൗകര്യ നിർമാണം എന്നിവയിലാണ് കൂടുതൽ നിക്ഷേപം. സിംഗപ്പൂർ, മൊറീഷ്യസ്, യു.എ.ഇ, യു.എസ്, നെതർലൻഡ്സ്, ജപ്പാൻ എന്നിവയാണ് പ്രധാന നിക്ഷേപക രാജ്യങ്ങൾ.

വാഹന വിൽപനക്ക് വൈദ്യുതിവേഗം

കഴിഞ്ഞ ഡിസംബറോടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായി. ജപ്പാനെയും ജർമനിയേയും മറികടന്നു. 2022ൽ വൈദ്യുതി വാഹന വിൽപന 10 ലക്ഷം മാത്രം. എന്നാൽ, 2030 ആകുമ്പോൾ പ്രതിവർഷ വിൽപന ഒരു കോടി കടക്കുമെന്നാണ് കണക്കാക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും അഞ്ചുകോടി പേർക്ക് തൊഴിൽ. നിലവിലുള്ളതിന്‍റെ 49 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. 2021ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര, മുച്ചക്ര വാഹന നിർമാതാവായി. ജി.ഡി.പിയുടെ 7.1 ശതമാനം വാഹന വിപണിയിൽ നിന്നാണ്. സ്പെയർ പാർട്സ് വിപണിയും മുന്നേറുന്നു.

വളരുന്നു, മരുന്ന് തിന്ന്

വരുന്ന എട്ടു വർഷം കൊണ്ട് ആഭ്യന്തര മരുന്നു വിപണി 13,000 കോടി ഡോളറിന്‍റേതായി വളരും. 2024 ആകുമ്പോൾ ഇടപാട് 6500 കോടി ഡോളറിന്‍റേതാവും. ഫാർമ ഉൽപന്ന നിർമാണത്തിൽ ഇന്ത്യക്ക് മൂന്നാം സ്ഥാനമാകും. ജനറിക് മെഡിസിൻ 20 ശതമാനവും ഇന്ത്യയിൽനിന്ന്. വാക്സിൻ വിപണിയിൽ 60 ശതമാനവും ഇന്ത്യയുടെ സംഭാവന. ഈ രംഗത്ത് വിദേശ നിക്ഷേപം കൂടുന്നു.

ഉന്നം പിഴച്ച് ഓഹരി വിൽപന

പൊതുമേഖല സ്ഥാപന വിൽപനയിലൂടെ നടപ്പു സാമ്പത്തിക വർഷം ബജറ്റിൽ ലക്ഷ്യമിട്ടത് 65,000 കോടി സമാഹരിക്കാനാണ്. എന്നാൽ, പകുതിപോലും ലക്ഷ്യം നേടിയില്ല. ജനുവരി 18ലെ കണക്കു പ്രകാരം കിട്ടിയത് 31,000 കോടി. എയർ ഇന്ത്യ വിൽപന സ്വകാര്യ വിൽപനക്ക് വീണ്ടും വേഗം നൽകി. പൊതുമേഖല സ്ഥാപന ഓഹരി വിൽപന കാര്യക്ഷമത കൂട്ടി. ഷിപ്പിങ് കോർപറേഷൻ, എൻ.എം.ഡി.സി, സ്റ്റീൽ ലിമിറ്റഡ്, ബെമ്ൽ, കണ്ടെയ്നർ കോർപറേഷൻ തുടങ്ങിയവ സ്വകാര്യവത്കരണ പാതയിൽ. ഏപ്രിലിനു മുമ്പ് പൂർത്തിയാക്കും. ഒമ്പതു വർഷത്തിനിടയിൽ ഓഹരി വിൽപനയിലൂടെ കിട്ടിയത് 4.07 ലക്ഷം കോടി രൂപയാണെന്നും സാമ്പത്തിക സർവേ.

വിറ്റുപോകുന്നില്ല, ഫ്ലാറ്റ്

കോവിഡ് റിയൽ എസ്റ്റേറ്റ് മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി തുടരുകയാണ്. ഫ്ലാറ്റുകൾ വിൽക്കാനാവാതെ കിടക്കുന്നത് നിർമാണങ്ങളെയും ബാധിക്കുന്നു. അതേസമയം, അടിസ്ഥാന സൗകര്യ വികസന നിർമാണങ്ങൾ കൂടുന്നു. നഗരങ്ങളിലേക്ക് കുടിയേറ്റ തൊഴിലാളികൾ തിരിച്ചെത്തുന്നു. നിർമാണപ്രവർത്തനങ്ങൾ കൂടുതൽ തൊഴിലവസരം നൽകുന്നു.

കയറ്റുമതി ‘ഫ്ലാറ്റ്’

ആഗോള വ്യാപാരത്തിൽ ഈ വർഷം ഒരു ശതമാനത്തിന്‍റെമാത്രം വളർച്ചയാണ് ലോക വ്യാപാര സംഘടന കണക്കാക്കുന്നത്. ആഗോളതലത്തിൽ വളർച്ച വേഗം ഉണ്ടായില്ലെങ്കിൽ കയറ്റുമതിയിൽ പുരോഗതിയുണ്ടാകില്ല. ആഗോള സാധന വില, അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങൾ കൂടുതൽ മുറുക്കി വരുന്നു. ധനവിപണിയിലെ ചാഞ്ചാട്ടം, കറൻസിയുടെ മൂല്യശോഷണം, ആഗോള വളർച്ച-വ്യാപാര മാന്ദ്യം എന്നിവയെല്ലാം കാരണങ്ങൾ. ആഗോള തലത്തിൽ സാധനവില ഉയർന്നു നിൽക്കുന്നതിനാൽ കറന്‍റ് അക്കൗണ്ട് കമ്മി കൂടും. ഇപ്പോൾ 4.4 ശതമാനമായി വളർന്നിട്ടുണ്ട്. ഏപ്രിൽ-ജൂൺ കാലയളവിൽ ഇത് 2.2 മാത്രമായിരുന്നു.

മരുന്ന്, പെട്രോകെമിക്കൽസ്, ആഭരണങ്ങൾ, തുകൽ, കാർപറ്റ്, എൻജിനീയറിങ് സാമഗ്രികളുടെ കയറ്റുമതി കുറഞ്ഞു. 2021-22ൽ 42200 ഡോളറിന്‍റെ കയറ്റുമതി നടന്നതാണ്. 2022 ഡിസംബർ എത്തിയപ്പോൾ അത് 12.2 ശതമാനം കുറഞ്ഞ് 3448 കോടി ഡോളറിലെത്തി. ഏപ്രിൽ മുതൽ ഡിസംബർവരെ കയറ്റുമതി ഏഴു ശതമാനമാണ് വർധിച്ചതെങ്കിൽ ഇറക്കുമതിയിൽ ഉണ്ടായ വർധന 25 ശതമാനമാണ്. ഇതുമൂലം വ്യാപാര കമ്മി 2376 കോടി ഡോളറായി വർധിച്ചു. സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ പുതിയ മേഖലകളിലേക്ക് വ്യാപാര സാധ്യത വർധിപ്പിക്കണം. അസംസ്കൃത എണ്ണവില കുറഞ്ഞുനിൽക്കുന്ന സാഹചര്യം ഗുണകരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union Budget 2023
News Summary - Ecnomic survey report
Next Story