ഇ-കോമേഴ്സ് ഇടപാടുകൾ 319 കോടി റിയാൽ- ഖത്തർ സെൻട്രൽ ബാങ്ക്
text_fieldsദോഹ: ഖത്തറിലെ ഇ-കോമേഴ്സ്, ഓൺലൈൻ ഇടപാടുകളിൽ കാര്യമായ വളർച്ചയെന്ന് ഖത്തർ സെൻട്രൽ ബാങ്ക് റിപ്പോർട്ട്. ആഗസ്റ്റ് മാസത്തിലെ പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്), ഇ-കോമേഴ്സ് ഇടപാടുകളുടെ വിശദാംശങ്ങൾ സെൻട്രൽ ബാങ്ക് വെളിപ്പെടുത്തി.
ആഗസ്റ്റ് മാസത്തിൽ രാജ്യത്തെ ഇ-കോമേഴ്സ് ഇടപാടുകളുടെ എണ്ണം 54 ലക്ഷമാണ്. 319 കോടി റിയാൽ വിലമതിക്കുന്നതാണിത്. പി.ഒ.എസ് ഇടപാടുകൾ 674 കോടി റിയാൽ മൂല്യമാണ് കണക്കാക്കുന്നത്. രാജ്യത്തെ പി.ഒ.എസ് ഉപകരണങ്ങളുടെ എണ്ണം 68,898 ആയി വർധിച്ചു.
ഈ വർഷം ഒൺലൈൻ വിപണി 10.6 ശതമാനം വാർഷിക വളർച്ച കൈവരിക്കുമെന്ന് സ്റ്റാറ്റിസ്റ്റയുടെ സമീപകാല റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രാജ്യത്തെ ഇ-കോമേഴ്സ് വ്യാപാരമേഖലയുടെ ഗണ്യമായ വളർച്ചയെയാണ് ഇത് സൂചിപ്പിക്കുന്നത്. കൂടുതൽ ഉപഭോക്താക്കളും റീട്ടെയിൽ സ്ഥാപനങ്ങളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് ചേക്കേറുന്നത് തുടരുന്നതിനാൽ ഇ-കോമേഴ്സ് വിപണിയിലെ കുതിപ്പ് തുടരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഡിജിറ്റൽ ബാങ്കിങ് ഉൽപന്നങ്ങളുടെയും സേവനങ്ങളിലും ആവശ്യകതയിലും ഗണ്യമായ വർധനയാണ് പോയ മാസങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിപണി ഡിജിറ്റൽ രംഗത്തേക്ക് ചുവടുമാറ്റുന്നതിൽ കോവിഡ് മഹാമാരി വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
ഡിജിറ്റൽ പണമിടപാടുകൾക്ക് മടിച്ചിരുന്ന പല ഉപഭോക്താക്കളും ഇപ്പോൾ ഒൺലൈൻ പണമിടപാടിനെ പുണരുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇൻറർനെറ്റ് വേഗവും ഇൻറർനെറ്റ് സേവനങ്ങളുടെ കടന്നുകയറ്റവും രാജ്യത്തെ ഇ-കോമേഴ്സ് വിപണിയുടെ കുതിപ്പിൽ നിർണായകമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

