Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightഅപൂർവ ധാതുക്കൾക്കായി...

അപൂർവ ധാതുക്കൾക്കായി മത്സരം

text_fields
bookmark_border
അപൂർവ ധാതുക്കൾക്കായി മത്സരം
cancel

പ്രതിരോധം, മെഡിക്കൽ, ഇലക്ട്രോണിക്സ് ഉപകരണ നിർമാണത്തിലെ അസംസ്കൃത വസ്തുക്കളായ അപൂർവ ധാതുക്കളുടെ ഖനനവും സംസ്കരണവും വിതരണവും പ്രോത്സാഹിപ്പിക്കാൻ 7280 കോടി രൂപയുടെ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വർധിച്ചുവരുന്ന ആവശ്യകതക്കൊപ്പം കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തിയും നിബന്ധനകൾ മുന്നോട്ടുവെച്ചും ചൈന ഉയർത്തുന്ന വെല്ലുവിളി മറികടക്കുകയുമാണ് രാജ്യം ലക്ഷ്യമിടുന്നത്.

ബജാജ്, ടി.വി.എസ് തുടങ്ങിയ വാഹന നിർമാണ കമ്പനികൾക്ക് അപൂർവ ധാതുക്കളുടെ ക്ഷാമം കാരണം ഉൽപാദനം നിർത്തിവെക്കേണ്ടിവന്നെന്ന് പറയുമ്പോൾ തന്നെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാമല്ലോ. ഫോർഡ്, ആപ്പിൾ തുടങ്ങിയ അമേരിക്കൻ കമ്പനികളും പ്രതിസന്ധി നേരിട്ടു.

ഇതോടെയാണ് ചൈനീസ് ആശ്രിതത്വം കുറക്കാൻ രാജ്യങ്ങൾ ഗൗരവമായ ആലോചന തുടങ്ങിയത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവയെ വ്യാപാര യുദ്ധത്തിൽ ആയുധമാക്കിയതോടെയാണ് അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി ചൈന തിരിച്ചടിച്ചത്.

അപൂർവ ധാതുക്കളുടെ സംസ്കരണ ശേഷിയിൽ 90 ശതമാനവും റിസർവിൽ 60-70 ശതമാനവും കൈയാളുന്നത് ചൈനയാണ്. ലോകത്തെ മിക്കവാറും രാജ്യങ്ങൾ അപൂർവ ധാതുക്കൾക്കായി ചൈനയെ ആശ്രയിക്കുന്നുണ്ട്. ചൈനീസ് കമ്പനികൾ ഇന്ത്യയിൽ നിക്ഷേപിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന് നിബന്ധന വെച്ച് ഇന്ത്യക്ക് മേലും സമ്മർദം ചെലുത്തി.

ലോകത്ത് ഏറ്റവും കൂടുതൽ അപൂർവ ധാതുക്കളുടെ നിക്ഷേപമുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. എന്നിട്ടുപോലും ഓരോ വർഷവും ആഭ്യന്തര വിപണിക്ക് ആവശ്യമായ 900 ടൺ ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഭൂ വൈവിധ്യം നിറഞ്ഞ ഇന്ത്യ അപൂർവ ധാതുക്കളുടെ കലവറയാണ്. എന്നാൽ, സംസ്കരണത്തിനാവശ്യമായ സാങ്കേതികവിദ്യയിൽ മുന്നേറാൻ കഴിയാഞ്ഞിട്ടല്ല. ആ കുറവ് നികത്താനാണ് സർക്കാർ ഇപ്പോൾ സ്വകാര്യ മേഖലയെ കൂടി പങ്കാളിയാക്കി വലിയ പദ്ധതി പ്രഖ്യാപിച്ചത്.

ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ ഏഴ് വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രതിവർഷം 6000 ടൺ ഉൽപാദനമാണ് ലക്ഷ്യം. അഞ്ചു വർഷത്തിനുള്ളിൽ രാജ്യത്തെ അപൂർവ ധാതുക്കളുടെ ഉപഭോഗം ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടൽ. അതുകൊണ്ടുതന്നെ ഉൽപാദനം വർധിപ്പിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.

ചൈനയെ ആശ്രയിക്കുന്നത് കുറക്കാൻ ഘാന, നമീബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളുമായും ആസ്‌ട്രേലിയയുമായും ഇറക്കുമതി കരാറുണ്ടാക്കാൻ ഇന്ത്യ ശ്രമിക്കുന്നു. ദക്ഷിണാഫ്രിക്ക, മൊസാംബിക്, താൻസനിയ, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും അപൂർവ ധാതു ശേഖരമുണ്ടെങ്കിലും ഖനനത്തിനും സംസ്കരണത്തിനുമാവശ്യമായ സാമ്പത്തിക, സാങ്കേതിക പരാധീനതകൾ വെല്ലുവിളിയാണ്. അതിൽ അവർക്ക് പിന്തുണ നൽകി പങ്ക് കൈക്കലാക്കാൻ മുൻനിര രാജ്യങ്ങൾ ശ്രമം തുടങ്ങിക്കഴിഞ്ഞു.

അപൂർവ ധാതുക്കൾ

സ്‌കാന്‍ഡിയം, യിട്രിയം, ലാന്തനം, സിറിയം, പ്രസിയോഡിമിയം, നിയോഡിമിയം, പ്രോമിത്തിയം, സമേരിയം, യൂറോപ്യം, ഗാഡോലിനിയം, ടെർബിയം, ഡിസ്‌പ്രോസിയം, ഹോൾമിയം, എർബിയം, തൂലിയം, യറ്റർബിയം, ലൂട്ടീഷ്യം എന്നീ 17 ലോഹ മൂലകങ്ങളാണ് അപൂർവ ധാതുക്കൾ (റെയർ എർത് മിനറൽസ്) ആയി കണക്കാക്കുന്നത്.

ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറുകള്‍, പ്രതിരോധ ഉപകരണങ്ങൾ, ക്ലീൻ എനർജി, ഹൈബ്രിഡ് കാറുകൾ, സോളാർ പാനലുകൾ, എം.ആർ.ഐ യന്ത്രങ്ങൾ, എൽ.ഇ.ഡി ലൈറ്റുകൾ, സെമി കണ്ടക്ടറുകൾ, ബാറ്ററികൾ തുടങ്ങിയവയുടെ നിർമാണത്തിൽ ഈ അപൂർവ ധാതുക്കൾ അനിവാര്യമാണ്.

എങ്ങനെ ചൈന മുന്നിലെത്തി

ഭൂമി ഖനനം ചെയ്ത് അപൂർവ ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിന് വലിയ നിക്ഷേപവും സാങ്കേതിക മികവും ആവശ്യമാണ്. പരിസ്ഥിതി, മാലിന്യ പ്രശ്നങ്ങളുമുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങൾ പാശ്ചാത്യ രാജ്യങ്ങളെ പിറകോട്ടടിപ്പിച്ചപ്പോൾ ചൈന അത് അവഗണിച്ച് മുന്നേറി.

മലിനീകരണം സംഭവിക്കുന്ന ഖനന മേഖലയെയും ജനവാസ മേഖലയെയും വേർതിരിച്ച് ഖനനവുമായി മുന്നോട്ടുപോകാനാണ് ചൈന തീരുമാനിച്ചത്. ചൈനയുടെ വിശാലമായ ഭൂഘടനയും തുണയായി. പ്രാധാന്യം തിരിച്ചറിഞ്ഞ് പതിറ്റാണ്ടുകൾ മുമ്പ് തന്നെ ചൈനീസ് ഭരണാധികാരികൾ ഗവേഷണത്തിലും അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിലും ശ്രദ്ധ പുലർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central governmentNew projectmineralsChina
News Summary - central government new project; Competition for rare minerals
Next Story