'ബ്രിക്സ് കറൻസി' പ്രചാരണത്തിന് പിന്നിലെ യാഥാർത്ഥ്യം എന്ത്? കള്ളത്തരങ്ങൾ പൊളിച്ച് സാമ്പത്തിക വിദഗ്ധർ
text_fieldsന്യൂഡൽഹി: ലോകമെമ്പാടുമുള്ള സാമ്പത്തിക വിപണികളിലും സമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയ 'ബ്രിക്സ് കറൻസി' യാഥാർത്ഥ്യമല്ലെന്ന വെളിപ്പെടുത്തലുമായി സാമ്പത്തിക വിദഗ്ധർ രംഗത്ത്. അമേരിക്കൻ ഡോളറിന് പകരമായി ബ്രിക്സ് കൂട്ടായ്മ പുതിയൊരു പൊതു കറൻസി പുറത്തിറക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തെറ്റാണെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഈ ചർച്ചകൾ വീണ്ടും സജീവമായെങ്കിലും, അത്തരത്തിലുള്ള ഒരു പദ്ധതിയും നിലവിലില്ലെന്നും കൂട്ടായ്മ ഇതുവരെ അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ ആവർത്തിച്ചു വ്യക്തമാക്കി.
യൂറോപ്യൻ യൂണിയന്റെ 'യൂറോ' മാതൃകയിൽ എല്ലാ അംഗരാജ്യങ്ങൾക്കുംകൂടി പൊതുവായി ഒരു കറൻസി കൊണ്ടുവരിക എന്നത് ബ്രിക്സ് രാജ്യങ്ങളുടെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ തികച്ചും അപ്രായോഗികമാണ്. അംഗരാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക വളർച്ചയിലെ അന്തരം, പണപ്പെരുപ്പ നിരക്കുകളിലെ വലിയ വ്യത്യാസങ്ങൾ, വ്യത്യസ്ത പലിശ നിരക്കുകൾ, കടുത്ത മൂലധന നിയന്ത്രണങ്ങൾ എന്നിവയെല്ലാം ഇത്തരം ഒരു പൊതു കറൻസി രൂപീകരിക്കുന്നതിന് തടസ്സമാണ്. ബ്രിക്സിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ കറൻസിക്ക് മേൽക്കൈ ലഭിക്കാൻ ഇത് കാരണമാകുമെന്ന ആശങ്ക ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ, യൂറോ പോലെയുള്ള ഒരു പൊതു കറൻസി ബ്രിക്സിന്റെ അജണ്ടയിലുള്ളതേയല്ല എന്നതാണ് യാഥാർത്ഥ്യം.
എന്നിരുന്നാലും, ആഗോള വ്യാപാരങ്ങളിൽ അമേരിക്കൻ ഡോളറിനുള്ള അമിത ആശ്രിതത്വം കുറക്കുക എന്ന ലക്ഷ്യത്തോടെ നിർണായക നീക്കങ്ങളുമായി അംഗരാജ്യങ്ങൾ മുന്നോട്ട് പോകുന്നുണ്ട്. ആഗോളതലത്തിലുള്ള കറൻസി വ്യാപാരങ്ങളിൽ ഭൂരിഭാഗവും ഇപ്പോഴും ഡോളറിലാണ് നടക്കുന്നത്. എങ്കിലും, പരമ്പരാഗത കറൻസികൾ പൂർണമായി ഒഴിവാക്കുന്നതിന് പകരം പുതിയൊരു സാമ്പത്തിക ക്രമത്തിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഇതിന്റെ ഭാഗമായി, ബ്രിക്സ് രാജ്യങ്ങളിലെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ തമ്മിൽ പരസ്പരം ബന്ധിപ്പിച്ച് അതിർത്തി കടന്നുള്ള പണമിടപാടുകൾ കൂടുതൽ വേഗത്തിലാക്കാനുള്ള മാസ്റ്റർപ്ലാനാണ് ഇന്ത്യ മുന്നോട്ടുവെച്ചിരിക്കുന്നത്. ഡിജിറ്റൽ രൂപ പോലുള്ള സംവിധാനങ്ങൾ വഴി സ്വന്തം ദേശീയ കറൻസികളിൽ തന്നെ വ്യാപാരം സുഗമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും, പുതിയ നോട്ടിസോ അന്താരാഷ്ട്ര കറൻസി വരുന്നു എന്ന വാദം വിശ്വസിച്ച് ആരും അബദ്ധത്തിൽ ചാടേണ്ടതില്ല. നിലവിലുള്ള പ്രചാരണങ്ങൾ വെറുമൊരു മാധ്യമസൃഷ്ടി മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

