മെൽബൺ: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ ആസ്ട്രേലിയയിലും പ്രതിഷേധം. മ്യാൻമർ സൈന്യവുമായി ഉണ്ടാക്കിയ കരാറിലാണ് വിവാദം. ആസ്ട്രേലിയൻ സെന്‍റർ ഫോർ ഇന്‍റർനാഷണൽ ജസ്റ്റിസാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. അദാനിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സംഘടന കത്തയച്ചു.
ഇതുമായി ബന്ധപ്പെട്ട് അദാനി പോർട്സ് മാർച്ച് 31ന് പുറത്തിറക്കിയ പ്രസ്താവന പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സംഘടന ആരോപിക്കുന്നു. വ്യാജ വിവരങ്ങളാണ് കരാറുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് പങ്കുവെച്ചത്. മ്യാൻമർ ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം അധികാരം ഏറ്റെടുത്തതിന് ശേഷം നിരവധി പേരാണ് മ്യാൻമറിൽ ഇതുവരെ കൊല്ലപ്പെട്ടത്. സൈന്യം നിയന്ത്രിക്കുന്ന മ്യാൻമർ ഇക്കണോമിക് കോർപ്പറേഷനുമായാണ് അദാനി ഗ്രൂപ്പ് കരാറുണ്ടാക്കിയത്.
അതേസമയം, എൻ.എസ്.ഇയിലും ബി.എസ്.ഇയിലും അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് കഴിഞ്ഞ ദിവസവും വില വർധിച്ചു. അദാനി പോർട്സിന്റെ ഓഹരി എൻ.എസ്.ഇയിൽ 4.43 ശതമാനവും ബി.എസ്.ഇയിൽ 4.77 ശതമാനവും ഉയർന്നു.