രൂപയുടെ മൂല്യത്തിൽ ആശങ്കയില്ല –റിസർവ് ബാങ്ക് ഗവർണർ
text_fieldsസഞ്ജയ് മൽഹോത്ര
ന്യൂഡൽഹി: യു.എസ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം കണക്കാക്കുന്നത് വിപണിയുമായി ബന്ധപ്പെട്ട ഘടകങ്ങളാണെന്നും കറൻസി മൂല്യത്തിലെ ദൈനംദിന മാറ്റം സംബന്ധിച്ച് ആശങ്കയില്ലെന്നും റിസർവ് ബാങ്ക് (ആർ.ബി.ഐ) ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. റിസർവ് ബാങ്ക് ബോർഡുമായുള്ള ധനമന്ത്രി നിർമല സീതാരാമന്റെ യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മൽഹോത്ര.
ഹ്രസ്വകാലം മുതൽ ദീർഘകാലം വരെയുള്ള രൂപയുടെ മൂല്യത്തിലാണ് ആർ.ബി.ഐ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആർ.ബി.ഐയുടെ സമീപനത്തിൽ മാറ്റങ്ങളില്ല. വില നിലവാരം പോലുള്ള കാര്യങ്ങളിലല്ല, മറിച്ച് അമിതമായ ചാഞ്ചാട്ടം തടയാനുള്ള ശ്രമമാണ് നടത്തുന്നത്. ദൈനംദിന മാറ്റമോ വിനിമയ നിരക്കോ നോക്കിയിരിക്കേണ്ടതില്ലെന്നും രൂപയുടെ മൂല്യത്തകർച്ചയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അഞ്ചു ശതമാനം മൂല്യത്തകർച്ച ആഭ്യന്തര പണപ്പെരുപ്പത്തിൽ 30-35 അടിസ്ഥാന നിരക്കിൽ വരെ ബാധിക്കുമെന്ന് രൂപയുടെ മൂല്യത്തകർച്ച വിലക്കയറ്റത്തിലുണ്ടാക്കിയ ആഘാതം സംബന്ധിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വളർച്ചയും പണപ്പെരുപ്പവും കണക്കാക്കുന്ന ഘട്ടത്തിലാണ് നിലവിലെ രൂപ-ഡോളർ നിരക്ക് ആർ.ബി.ഐ ചർച്ചക്കെടുത്തത്. രൂപയുടെ മൂല്യം വെള്ളിയാഴ്ച എക്കാലത്തെയും താഴ്ന്ന നിലവാരത്തിൽനിന്ന് ഒമ്പത് പൈസ വീണ്ടെടുത്ത് യു.എസ് ഡോളറിനെതിരെ 87.50ൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

