പ്രവാസികൾക്ക് ആശ്വാസം; വിമാനയാത്രാ ചെലവ് കുറക്കാൻ സർക്കാർ ഇടപെടൽ, 15 കോടിയുടെ കോർപസ് ഫണ്ട്
text_fieldsതിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളുടെ ചെലവ് യുക്തിസഹമാക്കാനും അതുവഴി യാത്രക്കാർക്ക് താങ്ങാവുന്ന പരിധിക്കുള്ളിൽ ടിക്കറ്റ് നിരക്ക് നിലനിർത്താനും പ്രാഥമികമായി 15 കോടി രൂപയുടെ കോർപസ് ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഏതെങ്കിലും പ്രത്യേക വിമാനത്താവളം ഇതിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ ഈ ഫണ്ട് ഒരു അണ്ടർ റൈറ്റിങ് ഫണ്ട് ആയി ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
വിമാനങ്ങൾ ചാർട്ടർ ചെയ്യാനുള്ള കുറഞ്ഞ ക്വട്ടേഷനുകൾ എയർലൈൻ ഓപ്പറേറ്റർമാരിൽ നിന്ന് സുതാര്യമായ പ്രക്രിയയിലൂടെ വാങ്ങും. നോർക്ക-റൂട്ട്സ് വിമാനയാത്രക്കാരുടെ ഡിമാൻഡ് അഗ്രിഗേഷനായി പ്രത്യേക പോർട്ടൽ നടപ്പിലാക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഗൾഫ് മേഖലയിലുള്ള പ്രവാസികൾ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുമ്പോൾ നൽകേണ്ടി വരുന്ന ഉയർന്ന വിമാന യാത്രാ ചെലവുകൾ നിയന്ത്രിക്കുന്നതിന് ആഭ്യന്തര, വിദേശ എയർലൈൻ ഓപ്പറേറ്റർമാരുടെയും ട്രാവൽ ഏജൻസികളുടെയും പ്രവാസി അസോസിയേഷനുകളുമായും സർക്കാർ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.