കേന്ദ്രസർക്കാർ ജീവനക്കാർക്ക് തിരിച്ചടി; ജൂലൈ ഒന്ന് മുതൽ ടി.എ വർധിക്കില്ല
text_fieldsന്യൂഡൽഹി: 50 ലക്ഷത്തോളം കേന്ദ്രസർക്കാർ ജീവനക്കാർക്ക് തിരിച്ചടിയായി ജൂലൈ ഒന്ന് മുതൽ ടി.എ വർധിക്കില്ലെന്ന് സൂചന. ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം പകരുന്ന ഡി.എ, ഡി.ആർ വർധനവ് ജൂലൈ ഒന്നിനാണ് നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ടി.എയും വർധിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇതുണ്ടാവില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലൈവ് മിൻറാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
ജീവനക്കാരുടെ നിലവിലെ ഡി.എ 25 ശതമാനത്തിന് മുകളിലല്ലാത്തതാണ് ടി.എ വർധിക്കാതിരിക്കാനുള്ള കാരണം. നിലവിൽ 17 ശതമാനമാണ് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ ഡി.എ. 2020 ജനുവരി മുതൽ രണ്ട് തവണകളിലുള്ള ഡി.എ വർധനവ് കോവിഡിെൻറ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ മരവിപ്പിച്ചിരുന്നു.
കഴിഞ്ഞ വർഷം നാല് ശതമാനമാണ് കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി.എ വർധിപ്പിച്ചത്. ജീവനക്കാർക്ക് ലഭിക്കാനുള്ള മുഴുവൻ തുകയും ജൂലൈ ഒന്ന് മുതൽ നൽകുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ കഴിഞ്ഞ മാർച്ചിൽ പാർലമെൻറിനെ അറിയിച്ചിരുന്നു.

