ജി.എസ്.ടി നഷ്ടം നികത്താൻ സംസ്ഥാനങ്ങൾക്ക് 40,000 കോടി
text_fieldsന്യൂഡൽഹി: ജി.എസ്.ടി വരുമാനത്തിലെ കുറവ് പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 40,000 കോടി രൂപ വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ. ഈ വർഷം ജൂലൈ 15ന് 75,000 കോടി രൂപ ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയം നൽകിയിരുന്നു. ഇതോടെ ഈ സാമ്പത്തിക വർഷം ആകെ 1.15 ലക്ഷം കോടി രൂപ ഇതുവരെ വായ്പയായി അനുവദിച്ചതായി ധനമന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
1.59 ലക്ഷം കോടി രൂപയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് ആകെ അനുവദിച്ചിരിക്കുന്നത്. ഇതിൽ 72 ശതമാനവും വിതരണം ചെയ്തതായും ബാക്കി തുക യഥാസമയം നൽകുമെന്നും ധനമന്ത്രാലയം അറിയിച്ചു. കേന്ദ്ര സർക്കാർ 1.59 ലക്ഷം കോടി രൂപ വായ്പയായി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നൽകണമെന്ന് േമയ് 28ന് ചേർന്ന 43ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനമായിരുന്നു.
സെസ് ഇനത്തിൽ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന ഒരു ലക്ഷം കോടി രൂപ കൂടിയാകുേമ്പാൾ ഈ സാമ്പത്തിക വർഷം 2.59 ലക്ഷം കോടി രൂപ സംസ്ഥാനങ്ങൾക്ക് ലഭിക്കും എന്നാണ് കണക്കാക്കുന്നത്.

