ഉൽപാദനത്തിൽ 40 ശതമാനം ഇടിവ്; കുരുമുളക് വില ഉയരുന്നു
text_fieldsകട്ടപ്പന: കുരുമുളക് വിളവെടുപ്പ് സീസൺ ആരംഭിച്ചിരിക്കെ ഉൽപാദനത്തിൽ 40 ശതമാനത്തിന്റെ ഇടിവ്. കറുത്ത പൊന്നിന്റെ വില ഇതോടെ വീണ്ടും ഉയരുകയാണ്. കാലാവസ്ഥ വ്യതിയാനവും രോഗബാധയുമാണ് ഉൽപാദനത്തിൽ ഇടിവിന് കാരണം. ഒരു മാസത്തിനിടെ വിലയിൽ കിലോക്ക് 40 രൂപയുടെ വർധനയുണ്ടായി.
കുരുമുളക് കൃഷിയുടെ പ്രധാന കേന്ദ്രമായ ഹൈറേഞ്ചിലെ ഒട്ടുമിക്ക പ്രദേശത്തും വിളവെടുപ്പ് ആരംഭിച്ചതേയുള്ളൂ. ഫെബ്രുവരി, മാർച്ച് മാസത്തോടെ വിളവെടുപ്പ് പൂർണതോതിലാകും. കാലാവസ്ഥ വ്യതിയാനം വിളവെടുപ്പ് വൈകാനും ഇടയാക്കി. ഒരു മാസം മുമ്പ് കിലോക്ക് 610 രൂപയായിരുന്ന കുരുമുളകിന് വില 652 രൂപയിലേക്കാണ് ഉയർന്നത്. വരും ദിവസങ്ങളിൽ വില ഇനിയും മെച്ചപ്പെടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കുരുമുളക് വിപണിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കട്ടപ്പന മാർക്കറ്റിൽ ഇന്നലെ കിലോക്ക് 650 - 660 രൂപയിലേക്ക് വില ഉയർന്നു. കൊച്ചി മാർക്കറ്റിൽ ക്വിന്റലിന് 65,000 രൂപ വരെ വിലയുണ്ടായിരുന്നു.
ഇന്ത്യൻ കുരുമുളകിന്റെ ഉൽപാദനം ഇടിഞ്ഞതും നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കള്ളക്കടത്തായി വന്നിരുന്ന കുരുമുളകിന്റെ വരവ് കുറഞ്ഞതും ആഭ്യന്തര മാർക്കറ്റിൽ വില ഉയരാൻ ഇടയാക്കി. ഇന്തോനേഷ്യ, ബ്രസീൽ, ശ്രീലങ്ക, വിയറ്റ്നാം എന്നിവിടങ്ങളിൽ ഈ വർഷം കുരുമുളക് ഉൽപാദനം കുറയുമെന്ന സൂചനകളും വില ഉയരാൻ സഹായിച്ചിട്ടുണ്ട്. 2014ൽ കിലോക്ക് 710 രൂപ വരെ കുരുമുളക് വില ഉയർന്നിരുന്നു. അടുത്ത രണ്ടുമാസത്തിനിടെ കുരുമുളക് വില 700 കടക്കുമെന്നാണ് വിപണിയിൽനിന്ന് ലഭിക്കുന്ന സൂചനയെന്ന് മലഞ്ചരക്ക് വ്യാപാരകേന്ദ്രങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

