Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightഭക്ഷണവും കഴിക്കാം...

ഭക്ഷണവും കഴിക്കാം പാത്രവും തിന്നാം!

text_fields
bookmark_border
vinay
cancel
ഭക്ഷണം കഴിക്കുന്നതോടൊപ്പംതന്നെ പാത്രവും കറുമുറെ തിന്നാൻ പറ്റിയാലോ? ഐഡിയ കൊള്ളാം അല്ലേ... എന്നാൽ ഇത് നടക്കാത്ത കാര്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വിനയ്കുമാർ ബാലകൃഷ്ണൻ എന്നയാൾ. 'തൂശൻ' പാത്രങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? പരിസ്ഥിതി സൗഹൃദ പാത്രങ്ങൾ നിർമിച്ച് ശ്രദ്ധേയനാവുകയാണ് വിനയ് കുമാറും അദ്ദേഹത്തിന്റെ 'തൂശൻ' ബ്രാൻഡും. തന്റെ പുതിയ സംരംഭത്തെക്കുറിച്ച് വിനയ് കുമാർ ബാലകൃഷ്ണൻ സംസാരിക്കുന്നു.

വിനയ് കുമാർ ബാലകൃഷ്ണൻ

മൗറീഷ്യസിലെ ഇൻഷുറൻസ് കമ്പനിയിൽ സി.ഇ.ഒ ആയിരുന്ന വിനയ്കുമാർ ബാലകൃഷ്ണൻ തന്റെ 46ാം വയസ്സിൽ പ്രകൃതിക്കും നാടിനും വേണ്ടി പ്രവർത്തിക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് കേരളത്തിലെത്തുന്നത്. ദുബൈയിൽനിന്ന് ശ്രദ്ധയിൽപെട്ട ഗോതമ്പ് തവിടുകൊണ്ട് നിർമിക്കുന്ന പാത്രങ്ങൾ കേരളത്തിലും ആരംഭിക്കണമെന്ന ആഗ്രഹമാണ് 'തൂശൻ' എന്ന ഐഡിയയിലേക്ക് തന്നെ എത്തിച്ചതെന്ന് വിനയ്കുമാർ പറയുന്നു. ഗോതമ്പ് തവിടുകൊണ്ട് പാത്രങ്ങൾ നിർമിക്കുന്ന പോളണ്ട് കമ്പനിക്ക് ഇന്ത്യയിൽ ഇത്തരത്തിലൊരു സംരംഭം തുടങ്ങാൻ ആവശ്യപ്പെട്ട് മെയിൽ അയച്ചെങ്കിലും നിരാശയായിരുന്നു ഫലം. പക്ഷേ, വിനയ്കുമാറിന്റെ ആഗ്രഹം അവിടംകൊണ്ട് അവസാനിച്ചില്ല. നാട്ടിലെ അസംസ്കൃത വസ്തുക്കളും യന്ത്രങ്ങളും ഉപയോഗിച്ച് സ്വന്തമായൊരു പാത്രനിർമാണ സംരംഭം തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പിച്ചു. തുടർന്ന് മൂന്നു വർഷത്തോളം നടത്തിയ ഗവേഷണത്തിന്‍റെയും അന്വേഷണത്തിന്‍റെയും ഫലമായാണ് ഇന്ത്യയിലെ ആദ്യത്തെ ഗോതമ്പ് തവിടുകൊണ്ട് പാത്രങ്ങൾ നിർമിക്കുന്ന 'തൂശൻ' ബ്രാൻഡിന് കേരളത്തിലെ അങ്കമാലിയിൽ തുടക്കമിടുന്നത്.

തൂശന്‍റെ തുടക്കം

തൂശനില മുറിച്ചുവെച്ച് തുമ്പപ്പൂ ചോറും ആശിച്ച കറികളുമെല്ലാം കഴിക്കുന്ന ഗൃഹാതുര ഓർമകളെ നുണഞ്ഞെടുക്കുന്നവരാണ് നമ്മൾ. ഓണത്തിനും മറ്റു വിശേഷ ദിവസങ്ങളിലും മാത്രം തൂശനിലയിൽ ചോറുകഴിച്ച് ആത്മനിർവൃതിയടയുന്ന മലയാളികൾക്കിടയിലേക്ക് ഈ വൈകാരിക സ്മരണകൾ ഉണർത്തുന്ന 'തൂശൻ' എന്ന പേരിൽ പുതിയ സംരംഭവുമായി വിനയ് കുമാർ ബാലകൃഷ്ണനും ഭാര്യ ഇന്ദിര നായരും കടന്നുവന്നു.നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് ഈ ബ്രാൻഡ് എത്തുന്നത്. ഗോതമ്പ് തവിടു കൊണ്ട് പാത്രങ്ങൾ നിർമിക്കാനുള്ള മാതൃകകൾ ഒന്നും രാജ്യത്തില്ലായിരുന്നു. പക്ഷേ പിന്നീട് തിരുവനന്തപുരം സി.എസ്.ഐ.ആർ ഈ ആശയം ഏറ്റെടുക്കുകയും വർഷങ്ങൾ നീളുന്ന പരീക്ഷണങ്ങൾക്കൊടുവിൽ പാത്രനിർമാണത്തിനാവശ്യമായ സാ​ങ്കേതികവിദ്യ നിർമിച്ചുനൽകുകയും ചെയ്തു.

ഗോതമ്പ് തവിടുകൊണ്ട് നിർമിച്ച തൂശൻ പ്ലേറ്റുകൾ

പക്ഷേ അപ്പോഴും പാത്രനിർമാണം പൂർണതയിൽ എത്തിയില്ല. പാത്രം നിർമിക്കാനാവശ്യമായ യന്ത്രവും നിർമ്മാണത്തിനാവശ്യമായ ചേരുവകളുടെ കൃത്യമായ അളവുകൾ മനസ്സിലാക്കിയെടുക്കുക എന്നതായിരുന്നു അടുത്ത ടാസ്ക്. തുടർന്ന് ഒരു വർഷത്തോളം ദിവസവും ഫാക്ടറിയിലെത്തി സ്വന്തമായി നിർമ്മിച്ചെടുത്ത യന്ത്രത്തിൽ പാത്രങ്ങൾ നിർമിച്ച് നോക്കിയാണ് വിനയ്കുമാറും ഭാര്യയും അളവുകൾ കൃത്യമായി കണ്ടെത്തുന്നത്. കഴിഞ്ഞ ഓണത്തിന് ഔദ്യോഗികമായി തൂശൻ ബ്രാൻഡ് അങ്കമാലിയിൽ പ്രവർത്തനമാരംഭിച്ചു.

തൂശൻ ഉൽപന്നങ്ങൾ

ഗോതമ്പ് തവിടുകൊണ്ട് നിർമിച്ച പ്ലേറ്റുകളാണ് തൂശൻ പ്രധാനമായും നിർമിക്കുന്നത്. നിലവിൽ വിപണിയിൽ വ്യാപകമായ ഡിസ്പോസിബിൾ പ്ലാസ്റ്റിക് പ്ലേറ്റുകൾക്കു പകരം പരിസ്ഥിതി സൗഹൃദ തൂശൻ പ്ലേറ്റുകളെ അവതരിപ്പിക്കുകയാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യം. ഒറ്റത്തവണ ഉപയോഗിക്കാവുന്നതും എളുപ്പത്തിൽ ജൈവവിഘടനത്തിന് വിധേയമാകുന്നതുമായ പാത്രങ്ങളാണ് ഇവ. പ്ലേറ്റുകൾ മൈനസ് 10 ഡിഗ്രി മുതൽ 140 ഡിഗ്രി വരെ താപനിലയെ നേരിടാനും മൈക്രോവേവ് ചെയ്യാനും കഴിയും. അരികൊണ്ടുള്ള സ്ട്രോകളും കാരി ബാഗുകളും തൂശൻ നിർമിക്കുന്നുണ്ട്.

തൂശന്‍ കാരി ബാഗുകൾ

അന്തർദേശീയ ഫുഡ് സർട്ടിഫിക്കേഷനുള്ള സ്ട്രോകൾ ഒരു മണിക്കൂറിലധികം അലിയാതെ നിൽക്കും. ആന്ധ്രയിലാണ് സ്ട്രോകൾ ഉൽപാദിപ്പിക്കുന്നത്. പയറും പരിപ്പും മുതൽ ഷവർമയും ബിരിയാണിയുംവരെ പൊതിയാവുന്ന ലോണ്ടറിബാഗുകളും ഗാർബേജ് ബാഗുകളും ഉൾപ്പെടെയുള്ള നിരവധി കാരിബാഗുകളും തൂശനിലുണ്ട്. ഇതുകൂടാതെ ഫോർക്ക്, സ്പൂണുകൾ, കത്തി, കപ്പുകൾ തുടങ്ങിയ ഉൽപന്നങ്ങൾ പ്രകൃതിദത്തമായി നിർമിക്കാനുള്ള പരീക്ഷണങ്ങളും തൃശൻ നടത്തുന്നുണ്ട്. ദൗത്യങ്ങൾ വിജയിക്കുകയാണെങ്കിൽ ജൂലൈയോടെ ഈ ഉൽപന്നങ്ങൾ കൂടി വിപണിയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അരികൊണ്ട് നിർമ്മിച്ച തൂശന്‍ സ്ട്രോകൾ

കേരളത്തിൽ മാത്രം 7,000 ടണിലധികം ഗോതമ്പ് തവിട് മാലിന്യങ്ങളാണ് ഉപേ‍ക്ഷിക്കപ്പെടുന്നത്. ഇത്തരത്തിൽ ഒഴിവാക്കപ്പെടുന്ന ഗോതമ്പ് തവിടുകൾ ഉപയോഗിച്ചാണ് തൂശന്‍ പാത്രങ്ങൾ നിർമിക്കുന്നത്. ചെടികൾക്ക് ജൈവവളമായും കന്നുകാലികൾക്ക് തീറ്റയായുമൊക്കെ ഉപയോഗിക്കാവുന്ന തൂശന്‍ പാത്രങ്ങൾ മാലിന്യ സംസ്കരണത്തിന് പുതിയ സാധ്യതകൾ തുറക്കുകയാണ്. മീൻ തീറ്റയായും തെങ്ങിന് വളമായും വിറകായുമൊക്കെ തൂശൻ പാത്രങ്ങൾ ഉപയോഗിക്കാം.

എല്ലാവരിലും എത്തണം

സാധാരണക്കാരിലേക്കും തൂശൻ ഉൽപന്നങ്ങൾ എത്തിക്കുകയെന്നതാണ് തന്‍റെ അടുത്ത ലക്ഷ്യമെന്ന് വിനയ്കുമാർ പറയുന്നു. നിർമാണച്ചെലവ് കുറക്കാന്‍ കഴിഞ്ഞാൽ സാധാരണക്കാർക്ക്കൂടി താങ്ങാന്‍ കഴിയാവുന്ന വിലയിൽ ഉൽപന്നത്തെ വിപണിയിലേക്ക് എത്തിക്കാന്‍ കഴിയും. അതിന് ഗോതമ്പുതവിട് വില കുറച്ച് കിട്ടുന്ന കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലേക്ക് തൂശനെ വിപുലീകരിക്കാനാണ് പദ്ധതി. ഗോതമ്പ് കൂടുതൽ ഉൽപാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ സംരംഭം തുടങ്ങിയാൽ കുറഞ്ഞ വിലക്ക് അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കാമെന്നും അദ്ദേഹം പറയുന്നു. ഐ.ഐ.ടി കാൺപുർ, കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റി, ഇൻഡിഗ്രാം ലാബ്സ് എന്നിവിടങ്ങളിലാണ് ഈ പ്രോജക്ട് ഇൻകുബേറ്റ് ചെയ്തിരിക്കുന്നത്.

മാറ്റങ്ങൾ നമ്മളിൽനിന്ന് തുടങ്ങട്ടെ

എല്ലാ കാര്യങ്ങളിലും ലോകത്തിനുതന്നെ മാതൃകയാകുന്ന മലയാളികൾ പ്ലാസ്റ്റിക് ഉപയോഗം കുറച്ച് ജീവിക്കുന്ന കാര്യത്തിലും മറ്റുള്ളവർക്ക് മാതൃകയാകണമെന്നാണ് വിനയ്കുമാർ പറയുന്നത്. പ്ലാസ്റ്റിക്കിന് ബദലാകുന്ന ഉൽപന്നങ്ങൾ ഉപയോഗിച്ച് ശീലമാക്കണം. അടുത്ത ഒരു തലമുറയെ കൂടി മുന്നിൽക്കണ്ട് നമ്മൾ പ്രവർത്തിക്കണമെന്നും അദ്ദേഹം പറയുന്നു.

പരിസ്ഥിതി സൗഹൃദ ബദലെന്ന നിലയിൽ അവതരിപ്പിച്ച ഈ നവീന ആശയത്തിന് നിരവധി അന്തർദേശീയ-ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. യുനൈറ്റഡ് നേഷൻസ് ഡെവല്പമെന്റിന്റെ പുരസ്കാരം, കേന്ദ്ര -കേരള കാർഷിക സർവകലാശാലയുടെ ദേശീയ പുരസ്കാരം, കേരള സ്റ്റാർട്ട് അപ് മിഷൻ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ പ്രവർത്തനം തുടങ്ങി ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ തൂശന് ലഭിച്ചു. ഉപയോക്താക്കൾക്ക് തൂശൻ ഉൽപന്നങ്ങൾ ഓൺലൈൻ മാർക്കറ്റുകളിലും ഇപ്പോൾ ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thooshanbiodegradable cutlerywheat bran plates
News Summary - Vinay Kumar Balakrishnan, Founder, 'Thooshan' Brand, India's first wheat bran plates speaks.
Next Story