Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
വൺ ഇന്ത്യ വൺ പെൻഷൻ: സംഘ്പരിവാറിൻെറ കേരളത്തിലേക്കുള്ള പാലം?
cancel
Homechevron_rightOpinionchevron_rightViewschevron_rightവൺ ഇന്ത്യ വൺ പെൻഷൻ:...

'വൺ ഇന്ത്യ വൺ പെൻഷൻ': സംഘ്പരിവാറിൻെറ കേരളത്തിലേക്കുള്ള പാലം?

text_fields
bookmark_border

വാർധക്യ കാലത്ത്, സാമ്പത്തിക ഭദ്രതയുണ്ടാവുക എന്നത്​ ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നതാണ്. അതിനെ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. തള്ളിക്കളയാനും ആരും തയ്യാറാവില്ല.

ഈ ആഗ്രഹത്തെയാണ്, 'വൺ ഇന്ത്യ, ഒൺ പെൻഷൻ' എന്ന ആശയത്തിലൂടെ ചൂഷണത്തിന് വിധേയമാക്കുന്നത്. അതായത്, രാജ്യത്തെ 140 കോടി ജനങ്ങളിൽ നൂറ് ദശലക്ഷം വരുന്ന വയോധികർക്ക് പതിനായിരം രൂപ പെൻഷൻ നൽകുന്നതിന് 12 ലക്ഷം കോടി രൂപയാണാവശ്യം. സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് പിരിയുന്നവരുടെ ഒരു വർഷത്തെ പെൻഷൻ തുക കണക്കാക്കിയാൽ, ഏകദേശം ഈ തുകയോട് അടുത്ത് വരും. അതിനാൽ തന്നെ, ഈ പെൻഷൻ പദ്ധതിക്ക് തടസ്സം സർക്കാർ ജീവനക്കാരാണ് എന്ന വാദമാണ്​ ഈ ആശയത്തിൻെറ കാതൽ.

പൊതുമേഖലാ സ്ഥാപനങ്ങളും അതിലെ തൊഴിലാളികളുമാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന നിലപാടിലേക്ക്​ പിന്നീടിതെത്തുന്നു. സർക്കാർ സ്ഥാപനങ്ങളും, ഭരണ സംവിധാനവ്യവസ്ഥയും അതിലേക്ക് നയിക്കുന്ന പ്രവർത്തനവുമാണ് അധിക ചിലവിന്​ ആധാരമെന്നവർ വാദിക്കുകയും, റവന്യൂ വരുമാനത്തിൻെറ 80 ശതമാനവും സർക്കാർ ഉദ്യോഗസ്ഥരുടെ, അല്ലങ്കിൽ ജനപ്രതിനിധികളുടെ ശമ്പളത്തിന്നും പെൻഷനും വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് തെറ്റിധരിപ്പിക്കുകയും ചെയ്യുന്നു.


രാജ്യത്ത്, പൗരന് ജീവിക്കാനാവശ്യമായ സാഹചര്യമൊരുക്കുകയും രാജ്യം നില നിർത്തുകയുമാണ് ഭരണ സംവിധാനത്തിലൂടെയും പൊതുമേഖലയിലൂടെയും സാധ്യമാക്കുന്നതെന്ന് ബോധപൂർവ്വം മറച്ചു പിടിക്കാനും സാധാരണക്കാരെ വഞ്ചിക്കാനുമാണ് ഇത്തരം വാദത്തിലൂടെ ഇവർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങളിൽ പൊതു മേഖല സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവരോട് ഒരു തരം അസൂയവഹമായ സാഹചര്യം സൃഷ്ടിച്ചെടുക്കാനും അത് വഴി ഇത്തരം സ്ഥാപനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥരെ തീറ്റി പോറ്റാൻ മാത്രമുള്ളതാണെന്ന് പറഞ്ഞു വെക്കുകയും ചെയ്യുന്നു. ഇങ്ങനെ പൊതു മേഖല സ്ഥാപനങ്ങൾക്കെതിരെയും ജനാധിപത്യ ഭരണ സംവിധാനത്തിനെതിരെയും തിരിയാൻ ജനങ്ങളിൽ ബോധപൂർവ്വം സ്വാധീനം ചെലുത്തുന്നു.

എല്ലാം ലാഭ നഷ്ട കണക്കുകളുടെ അടിസ്ഥാനത്തിൽ നിരത്തി, കുത്തക മുതലാളിമാർക്ക് കടന്നു വരാനുള്ള സാഹചര്യത്തെ സ്വാഗതം ചെയ്യുന്ന പ്രവണതയിലേക്ക് ജനങ്ങളുടെ ചിന്തയെ എത്തിക്കുന്നു. ജനാധിപത്യ രാജ്യം നില നിൽക്കുന്നത് തന്നെ ജനക്ഷേമത്തിലൂന്നിയാണ്. അല്ലാതെ ലാഭനഷ്ട കണക്കുകളുടെ അടിസ്ഥാനത്തിലല്ല എന്നുള്ളത് ബോധപൂർവ്വം വിസ്മരിക്കുന്നു.

അതിനേക്കാൾ ഭീകരമായ കാര്യം മറ്റൊന്നാണ്. കണക്കിലെ കളികൾ കൊണ്ട് ജനങ്ങളെ വഞ്ചിക്കുന്ന സംഘടന, ഇന്ത്യയിലെ 50 കുത്തക മുതലാളിമാരുടെ കൈയ്യിലുള്ള 300 ലക്ഷം കോടി രൂപയെ കുറിച്ച് മിണ്ടുന്നില്ല. ലോക സമ്പന്നരിൽ നാലാം സ്ഥാനക്കാരനായ അമ്പാനിയുടെ കൈയ്യിലുള്ള 6 ലക്ഷം കോടി രൂപയെ കുറിച്ച്​ മിണ്ടാട്ടമേയില്ല. 140 കോടി ജനങ്ങളനുഭവിക്കേണ്ട പൊതു മുതൽ ചൂഷണം ചെയ്താണ് വിരലിലെണ്ണാവുന്ന കുത്തകകൾ ഇന്ത്യയുടെ സമ്പത്ത് കൈയ്യടക്കി വെച്ചിരിക്കുന്നതിനെ കുറിച്ചും ഇവർ മൗനമവലംബിക്കുന്നു. ഇത്തരം കുത്തകകൾ രാജ്യത്തെ ചൂഷണം ചെയ്തുണ്ടാക്കുന്ന സമ്പത്തിന് പരിധി നിശ്ചയിക്കണമെന്ന്​ ഇവർക്കഭിപ്രായവുമില്ല.

പ്രത്യക്ഷത്തിൽ, കുത്തക വൽക്കരണത്തിൻെറ കൂടെ നിൽക്കുകയും പൊതു മേഖലയെ തള്ളി പറയുകയും ചെയ്യുന്നു എന്നു തോന്നുന്ന ഈ ആശയം പ്രചരിക്കപ്പെട്ടത് സമൂഹമാധ്യമങ്ങളിലൂടെയാണ്​. സംഘടനയുടെ ഔദ്യോഗിക ഫേസ്​ബുക്​ അക്കൗണ്ട്, ആഗസ്റ്റ് മാസവസാനമാവുമ്പോഴേക്കും, അഡ്മിൻമാർ മാറുകയും, മുമ്പുണ്ടായിരുന്ന അഡ്മിൻമാർ മോഡറേറ്റർമാരുകയും, ഗ്രൂപ്പ് ഐക്കൺ "ജനനി ജൻമ ഭൂമി " എന്നതിലേക്ക് മാറുകയും ചെയ്തതിനെ പലരും ചോദ്യം ചെയ്തു തുടങ്ങിയെന്ന് മാത്രമല്ല, സംഘ്പരിവാർ മറ നീക്കി പുറത്ത് വന്നതാണെന്ന ആരോപണം പല ഭാഗത്ത് നിന്ന് ഉയരുകയും ചെയ്തു. അന്നേ ദിവസം ആരോപണത്തിന് മറുപടി പറയാൻ സംഘടന കുറച്ച് പരുങ്ങലിലായെങ്കിലും, പിന്നീട് മറുപടിയുമായി രംഗത്ത് വന്നിരുന്നു.


തങ്ങളുടെ പേജ് നിലനിർത്തി കൊണ്ട് അഡ്മിൻമാരെ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു.നേരത്തെയുള്ള അഡ്മിൻമാരെ മോഡറേറ്റർമാരാക്കിയത് കൊണ്ട് തന്നെ , പുതിയ പോസ്റ്റുകളിടുന്നതിനോ, ലൈവ് ചെയ്യുന്നതിനോ തടസ്സമില്ലതാനും. മാത്രമല്ല, പഴയ പോസ്റ്റുകൾക്കോ നിർദേശങ്ങൾക്കോ, ലൈവുകൾക്കോ ഒന്നും സംഭവിച്ചിട്ടില്ലതാനും.ഇത് വല്ലാത്തൊരു തരം ഹാക്കിങ്ങായി പോയെന്നേ കാണുന്നവർക്കഭിപ്രായമുള്ളൂ.ഒരു സുപ്രഭാതത്തിൽ അഡ്മിൻമാർ മോഡറേറ്റർമാരായ ആ പേജ് തന്നെയാണ് തുടർന്നങ്ങോട്ടുള്ള പ്രവർത്തനത്തിനും പ്രചരണത്തിനും സംഘടന ഉപയോഗിക്കുന്നത് എന്നത്​ 'രസകരമാണ്​'. മറിമായം വെളിപ്പെടാനിരിക്കുന്നതേയുള്ളുവെങ്കിലും, ആരോപണം ശക്തമായതിനെ തുടർന്ന്, പേജിൻെറ ഐക്കണിൽ നിന്ന് "ജനനി ജന്മഭുമി" നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. പകരം ഒരു പരസ്യ ഏജൻസി പേജ് ഏറ്റെടുത്തതായാണ് കാണാൻ സാധിക്കുന്നത്.

കേരളത്തിൽ, പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള പാർട്ടികൾ പോലും സംഘടനാ പേജുകൾ സജീവമാക്കാനും കൂടുതൽ പേരിലേക്കെത്തിക്കാനും പ്രവർത്തകരെ കൊണ്ട് ലൈക്ക് ചെയ്യാൻ നിർബന്ധിക്കുന്ന സർക്കുലർ ഇറക്കുന്ന കാലത്താണ്, 'വൺ ഇന്ത്യ, വൺ പെൻഷൻ' എന്ന ചെറിയ സംഘടന വലിയ കാശ് കൊടുത്ത് പരസ്യ ഏജൻസിയെ കൊണ്ട് പേജ് ബൂസ്റ്റ് ചെയ്യിക്കുന്നത്. പത്ത് രൂപ മെമ്പർഷിപ്പ് ഫീസ് മാത്രം വാങ്ങുന്ന ഒരു സംഘടനക്കെങ്ങനെ ഇത് സാധിക്കും​?. മാത്രമല്ല, അവർ തന്ന വിവര പ്രകാരം മെമ്പർഷിപ്പും പ്രവർത്തനവും സമൂഹമാധ്യമങ്ങൾ വഴി ആയത് കൊണ്ട് തന്നെ ഈ പത്ത് രൂപ പോലും ഭൂരിഭാഗം പേരിൽ നിന്നും പിരിഞ്ഞു കിട്ടിയിട്ടില്ല എന്നാണ്.

കേരളത്തിൽ പ്രദേശിക തലത്തിൽ സംഘ്പരിവാർ, ബി.ജെ.പി എന്നിവ ഉണ്ടോ എന്ന് നമ്മൾ സംശയിക്കുമ്പോഴും സമൂഹമാധ്യമങ്ങളിൽ ബി.ജെ.പി മുഖ്യധാരയിലുണ്ട്​. അതെങ്ങനെയാണെന്ന് നമുക്കേവർക്കുമറിയാം. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി ചെലവഴിച്ച കാശ് മറ്റു രാഷ്​ട്രീയപ്പാർട്ടികൾ ചെലവഴിച്ച മുഴുവൻ കാശിനേക്കാളും കൂടുതലാണെന്നാണ് അരുന്ധതി റോയ് ആരോപിച്ചത്. ആ കാശിൻെറ നൂറിരട്ടി തിരിച്ച് പിടിക്കാനുള്ള എല്ലാ സാഹചര്യവും കോർപറേറ്റുകൾക്ക് ഒരുക്കി കൊടുക്കുന്ന തിരക്കിലാണ് എൻ.ഡി.എ സർക്കാർ. അതിന്​ രാജ്യം വിൽക്കാനും അവർ തയ്യാറാണ്​.

സംഘ് പരിവാർ ഇന്ത്യയിൽ അധികാരം നേടിയതെങ്ങനെയെന്നത് നമുക്കേവർക്കുമറിയാം. വിദൂര ലക്ഷ്യം മുൻ നിർത്തി പ്രവർത്തിക്കുന്ന സംഘടനയാണ് സംഘ് പരിവാറെന്നതിൻെറ ഉദാഹരണമാണ്, ആം ആദ്മി പാർട്ടി. 2009 ൽ അജിത് ഡോവലിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട വിവേകാനന്ദ ഫൗണ്ടേഷൻസിലെ അംഗങ്ങളായിരുന്നു, അരവിന്ദ് കെജ്രിവാൾ, കിരൺ ബേദി, ബാബ രാം ദേവ് തുടങ്ങിയവർ. മാത്രമല്ല, സംഘ്പരിവാറുമായി അല്ലങ്കിൽ ബി.ജെ.പി യുമായി യാതൊരു ബന്ധവുമില്ലെന്ന് ഫൗണ്ടേഷൻ തർക്കിക്കുമ്പോഴും, അതിലെ ഉന്നതരെല്ലാമിന്ന് നരേന്ദ്ര മോഡി ഭരണകൂടത്തിലെ പ്രധാനികളാണ്.

അജിത് ഡോവൽ, ദേശീയ സുരക്ഷ അഡ്വൈസറാണ്. ന്രിപേന്ദ്ര മിശ്ര പ്രിൻസിപ്പൽ സെക്രട്ടറിയും, പി.കെ മിശ്ര അഡീഷനൽ പ്രിൻസിപൽ സെക്രട്ടറിയുമാണ്. 1972 ൽ രൂപീകൃതമായ വിവേകാനന്ദ കേന്ദ്രയാണ് വിവേകാനന്ദ ഫൗണ്ടേഷൻെറ മാതൃ സംഘടന. രാഷ്ട്രീയ സ്വയം സേവക സംഘത്തിലാണ് വിവേകാനന്ദ കേന്ദ്ര അഫിലിയേറ്റ് ചെയ്തിരിക്കുന്നത്. അരവിന്ദ് കെജ്രിവാളിൽ നിന്ന് സംഘ്പരിവാറിലെത്താൻ രണ്ട് സംഘടനകൾ പിറകോട്ട് പോകണമെന്നർത്ഥം. ഇത്രയും ദീർഘ വീക്ഷണത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ആർ.എസ്.എസ് എന്ന്​ മനസ്സിലാക്കിത്തരാൻ ഉദാഹരണമായി പറഞ്ഞെന്നേയുള്ളൂ.

ഇനി , ഈ വിദൂര ലക്ഷ്യം എങ്ങനെ പൂർത്തീകരിക്കുന്നുവെന്നറിഞ്ഞാൽ നാം കൂടുതൽ സംഘർഷത്തിലകപ്പെടും. നവീന ആശയങ്ങൾ രാജ്യത്തും സർക്കാർ തലത്തിലും അല്ലാതെയും സൃഷ്ടിക്കുക എന്ന തിംഗ്താംഗ് തിയറിയുമായാണ് വിവേകാനന്ദ ഫൗണ്ടേഷൻ രംഗത്ത് വരുന്നത്. അതിലൊന്നാണ്, 2011 ഏപ്രിൽ മാസത്തിൽ വിവേകാനന്ദ ഫൗണ്ടേഷൻ '' ബ്ലാക്ക് മണി " എന്ന വിഷയത്തിൽ 2 ദിവസം നടത്തിയ സെമിനാർ. അജിത് ഡോവൽ, ഗുരു മൂർത്തി, ബാബ രാംദേവ്, അണ്ണ ഹസാരെ, അരവിന്ദ് കെജ്രിവാൾ, സുബ്രഹമണ്യ സ്വാമി, കിരൺ ബേദി തുടങ്ങിയവർ പങ്കെടുത്ത ഈ സെമിനാറിൻെറ തുടർച്ചയാണ്, ജന ലോക്പാൽ ബിൽ പാസ്സാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഡൽഹിയിൽ ജെ.പി പാർക്കിൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന നിരാഹാര സമരം. സമരം പിന്നീട് ഭരണകൂടവുമായി ഒത്തു തീർക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചതെങ്കിലും, കെജ്രിവാളിലൂടെ ആം ആദ്മി രൂപീകൃതമാകുന്നതാണ് നാം കണ്ടത്.

കെജ്രിവാൾ, അണ്ണ ഹസാരെ മൂവ്മെൻ്റിലൂടെ ഉയർന്നു വന്ന ഒരു നേതാവല്ലന്നുള്ളത് മറ്റൊരു സത്യമാണ്. കെജ്രിവാളിനെ സൃഷ്ടിച്ചെടുക്കുന്നതും 1999ൽ "പരിവർത്തൻ" (ജനങ്ങളുടെ കൂട്ടായ്മ) തുടർന്ന് 2005 ൽ "കബീർ" (എൻ.ജി.ഒ) എന്നിവയിലൂടെയാണ്. ന്യൂയോർക്ക് കേന്ദ്രീകരിച്ചുള്ള ഫോർഡ് ഫൗണ്ടേഷൻ എന്ന കുത്തക കമ്പനിയുടെ ഫണ്ടിങ്ങിൻെറ ഫലമായാണ് കെജ്രിവാൾ എമർജിംഗ് ലീഡറായി രാജ്യത്ത് ചിത്രീകരിക്കപ്പെടുന്നത്. വിവരവകാശ നിയമം നടപ്പിലാക്കാൻ പ്രവർത്തിക്കുന്ന സംഘടനയെന്ന നിലയിൽ, ആദ്യ ഗ്രാൻറായിയി 2005 ൽ 172000 ഡോളറും, 2008 ൽ 19700 ഡോളറും, പിന്നീട് 400000 ഡോളറുമാണ് നൽകിയതെന്ന് 2011 ആഗസ്ത് 31 ന് നൽകിയ ഒരഭിമുഖത്തിൽ ഫോർഡ് ഫൗണ്ടേഷൻ പ്രതിനിധി സ്റ്റീവൻ സോൽനിക്ക് വെളിപ്പെടുത്തുകയുണ്ടായി. കെജ്രിവാൾ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഫൗണ്ടേഷൻ എമർജിംഗ് ലീഡറെന്ന പേരിൽൽ മാഗ്സസെ അവാർഡ് നൽകി കെജ്രിവാളിനെ ഒരു നേതാവായി പ്രതിഷ്ഠിച്ചു.


കോമൺവെൽത്ത് ഗെയിമുമായി ബന്ധപ്പെട്ട് അഴിമതി വിരുദ്ധ സമരവുമായി വന്ന മൂവ്മെൻ്റ് ആം ആദ്മി പാർട്ടിയിലെത്തിയതും ഡൽഹി ഭരണം നേടിയെടുക്കുകയും ചെയ്ത ശേഷം, ബി.ജെ.പി വിരുദ്ധ സർക്കാർ എന്നവകാശപ്പെട്ട കെജ്രിവാൾ പിന്നീടെല്ലാം നരേന്ദ്ര മോഡി സർക്കാറുമായി യോജിച്ചു പോകുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്ത്യൻ ഭരണഘടനയെ തന്നെ വിഛേദിക്കുന്ന രീതിയിൽ പൗരത്വ നിയമം വന്നപ്പോഴും, സംവരണ നയ രൂപീകരണത്തിലും, കാശ്മീരിൻ്റെ വിഷയത്തിലും, ഏക സിവിൽ കോഡ് തുടങ്ങിയ വിഷയത്തിലെല്ലാം കെജ്രിവാൾ എൻ.ഡിഴഎ സർക്കാറിൻെറ കൂടെയായിരുന്നു. ആം ആദ്മി രൂപീകരണത്തിലുണ്ടായ മുൻ സുപ്രീം കോടതി ജഡ്ജിയായ പ്രശാന്ത് ഭൂഷൺ പോലും പറയുന്നത്, യാഥാർത്യം മനസ്സിലാക്കാൻ വൈകിപ്പോയി എന്നാണ്.

ഇവിടെയാണ്, അരുദ്ധതിയുടെ വാക്കുകൾ പ്രസക്തമാവുന്നത്, മാഗ്സസെ അവാർഡ് (39000 ഡോളർ ) നൽകി കെജ്രിവാളിനെ എമർജിംഗ് ലീഡറായി ചിത്രീകരിച്ചത് കോൺഗ്രസ്സ് ഭരണത്തെ മാറ്റി സവർണാധിപത്യം കൊണ്ട് വരാനുള്ള സംഘ് പരിവാർ അജണ്ടയാണ്. ഇന്നതിൻെറ പൂർത്തീകരണമാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്.

പൊതുമേഖലയെ അവഗണിച്ച് കുത്തകകൾക്കനുകൂലമായ ആശയ രൂപീകരണത്തിൻെറ സമാനത, പരസ്യ ഏജൻസിയിലൂടെയുള്ള പ്രചരണം, അടിസ്ഥാന വിഷയങ്ങൾ അവഗണിച്ച് പൗരൻെറ മുഴുവൻ ആശ്യങ്ങളും ഒറ്റ വിഷയത്തിലേക്ക് കേന്ദ്രീകരിച്ച് ജനങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത, സമൂഹമാധ്യമ പ്രചാരണം എന്നീ സംഘ്​ മാതൃകകളെല്ലാം 'വൺ ഇന്ത്യ വൺ പെൻഷനിലും' നമുക്ക് കാണാൻ സാധിക്കുന്നുണ്ട്​.

കേരളത്തിൽ, വേര് പിടിപ്പിക്കാൻ മറ്റ് മാർഗ്ഗങ്ങൾ വില പോവില്ലെന്ന് മനസ്സിലാക്കിയതിൻെറ അടിസ്ഥാനത്തിലാണ് ഇത്തരം നീക്കമെന്നും പ്രചരിക്കപ്പെടുന്നുണ്ട്. ഇടതും വലതും കൈവിട്ട സ്ഥിതിക്ക്, ഈ പദ്ധതി നടപ്പിലാക്കാൻ ബി.ജെ.പിക്ക് ഒരവസരം കൊടുത്താലോ എന്ന ചിന്ത അബോധമായി അടിച്ചേൽപ്പിക്കുന്നുണ്ട്​. ഇതിൻെറയെല്ലാം നിജസ്ഥിതി കണ്ടറിയേണ്ടിയിരിക്കുന്നു.

'വൺ ഇന്ത്യ വൺ പെൻഷൻ' എന്ന സംഘടന സംഘ്​പരിവാറിൽ നിന്നുള്ളതാണെന്ന് സംസ്ഥാന ഇൻറലിജൻസിന് വിവരം ലഭിച്ചിട്ടുണ്ടെന്ന തരത്തിലും ചില മാധ്യമങ്ങൾ റിപ്പോർട്ട്​ചെയ്യുന്നുണ്ട്​. പഞ്ചായത്ത് ഇലക്ഷനിലേക്ക് തയ്യാറെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച വൺ ഇന്ത്യ വൺ പെൻഷൻ മൂവ്​മെൻറിന്​ ചെറിയ കാലയളവ് കൊണ്ട് അത്തരം ആത്മ വിശ്വാസം ലഭിക്കുന്നുവെങ്കിൽ അതിന് പിന്നിൽ മറ്റൊരു ഘടകമുണ്ടെന്നുള്ളതിൽ സംശയമില്ല. ഡൽഹി മാതൃകയിൽ കേരളത്തിലെ, ഇടത് ലിബറൽ തൊട്ട് സാഹിത്യകാരടക്കം സംഘടിച്ച് ആം ആദ്മിയെ കേരളത്തിൽ നട്ട് പിടിപ്പിക്കാൻ ശ്രമിച്ചിട്ട് സാധിക്കാത്തിടത്താണ് 'വൺ ഇന്ത്യ വൺ പെൻഷൻ' തന്ത്രവുമായി കടന്നു വരുന്നതെന്ന്​ ഗൗരവത്തോടെ കാണേണ്ടതുണ്ട്​.

Show Full Article
TAGS:one india one pension RSS 
Next Story