കരുതലോടെ നിക്ഷേപിക്കാം; സ്വർണം ഇനിയും ലാഭം തരും
text_fieldsപ്രതീകാത്മക ചിത്രം
സ്വർണവില സർവകാല റെക്കോഡ് ഭേദിച്ച് കുതിക്കുമ്പോൾ ഉള്ളിൽ തീയാളുന്ന വലിയ വിഭാഗമുണ്ട്. സ്വർണം അനിവാര്യമെന്ന് കരുതുന്ന വിവാഹം ഉൾപ്പെടെ ചടങ്ങുകൾക്ക് ഒരുങ്ങുന്നവരാണിവർ. എന്നാൽ, സ്വർണത്തെ മികച്ചൊരു നിക്ഷേപമാർഗമായി കാണുന്നവരും ഈയിടെ കൂടിവരികയാണ്. അത്രയധികം നേട്ടമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വർണം അവർക്ക് നൽകുന്നത്. ഈ വർഷം മാത്രം ഒരു പവൻ വിലയിലുണ്ടായ വർധന 44,400 രൂപയാണ്. ഓഹരി വിപണി തരുന്നതിനേക്കാൾ പതിന്മടങ്ങ് ലാഭമാണ് സ്വർണം നിക്ഷേപകർക്ക് നൽകിയത്.
പാരമ്പര്യമായി ലഭിച്ചും സൂക്ഷിച്ചും വരുന്ന ടൺ കണക്കിന് സ്വർണമാണ് കേരളീയരുടെ പക്കലുള്ളത്. അതിലുണ്ടായ മൂല്യവർധന പലതരത്തിലും ഉടമകളെ സഹായിക്കുന്നു. വീട് വെക്കാനും മക്കളുടെ വിവാഹത്തിനും വിദ്യാഭ്യാസത്തിനുമെല്ലാം വരുന്ന ഭാരിച്ച ചെലവിനെ നേരിടാൻ പലരും ആശ്രയിക്കുന്നത് ഇങ്ങനെ ആഭരണമായും മറ്റും കൈവശമുള്ള മഞ്ഞലോഹത്തെയാണ്. വിറ്റും പണയംവെച്ച് വായ്പയെടുത്തും ഏതു സമയത്തും എളുപ്പത്തിൽ കാശാക്കാവുന്ന മറ്റു നിക്ഷേപങ്ങളില്ലെന്ന് തന്നെ പറയാം.
നിക്ഷേപമാർഗമായി സ്വർണത്തെ കാണുന്നവരും ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. ഈ ‘പൊന്നും’വിലയിൽ വാങ്ങിക്കൂട്ടുന്നത് അബദ്ധമാകുമോ?. ഇനിയും കുതിപ്പില്ലെങ്കിലോ, വിലയിടിവുണ്ടാവുകയോ ചെയ്താൽ വലിയ നഷ്ടം പറ്റില്ലേ എന്ന ആശങ്ക സ്വാഭാവികം. എന്നാൽ സ്വർണം ഇപ്പോഴും ദീർഘകാല നിക്ഷേപത്തിന് യോജിച്ചത് തന്നെയാണെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധർ പറയുന്നത്. ദീർഘകാല വീക്ഷണത്തോടെ നിക്ഷേപിക്കുകയാണെങ്കിൽ പണപ്പെരുപ്പത്തിൽനിന്നും ആഗോള പ്രതിസന്ധികളിൽനിന്നും സമ്പത്തിനെ സംരക്ഷിക്കുമെന്ന് സ്വർണം തെളിയിച്ചിട്ടുണ്ട്.
ഓഹരി വിപണി താഴേക്ക് പോകുമ്പോൾ സ്വർണവില കൂടാറുണ്ട് എന്നതും രൂപയുടെ മൂല്യം ഇടിയുന്നതിനെതിരെ സുരക്ഷാ കവചമായി പ്രവർത്തിക്കുന്നു എന്നതുമാണ് സ്വർണത്തിന്റെ പ്രത്യേകത. പതിറ്റാണ്ടുകളായി സ്വർണം അതിന്റെ മൂല്യം നിലനിർത്തുന്നുണ്ട്.
സ്വർണത്തിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. നിക്ഷേപ കാലം
ദീർഘകാല നിക്ഷേപകർക്ക് (അഞ്ചു വർഷത്തിന് മുകളിൽ) സ്വർണം എപ്പോഴും സുരക്ഷിതമായ മാർഗമാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങളിൽനിന്ന് നിങ്ങളുടെ പണത്തിന് സംരക്ഷണം നൽകാൻ സ്വർണത്തിന് സാധിക്കും. ഹ്രസ്വകാല നിക്ഷേപകർക്ക് (ഒരു വർഷത്തിൽ താഴെ) നഷ്ടസാധ്യതയുള്ള സമയമാണിത്. വലിയ കുതിപ്പിന് ശേഷം വിപണിയിൽ തിരുത്തൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പലിശനിരക്കിലെ മാറ്റങ്ങളും പണപ്പെരുപ്പവും സ്വർണവിലയെ ബാധിക്കും. വില കൂടുമ്പോൾ വലിയ നിക്ഷേപകർ ലാഭമെടുക്കാനായി സ്വർണം വിൽക്കുന്നതും താൽക്കാലികമായി വില കുറയാൻ കാരണമാകും. ലോക സാഹചര്യങ്ങൾ ശാന്തമാകുകയാണെങ്കിൽ സ്വർണത്തിന് ഇപ്പോൾ ലഭിക്കുന്ന അമിത പ്രാധാന്യം കുറയുകയും വില ഇടിയുകയും ചെയ്തേക്കാം. ഇതൊക്കെയാണ് ഹ്രസ്വകാല നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങൾ.
2. വിലയിലെ മാറ്റങ്ങൾ
സ്വർണവില ഉയർന്ന നിലവാരത്തിലാണ് നിൽക്കുന്നത്. അതിനാൽ, ഒന്നിച്ച് വാങ്ങുന്നതിന് പകരം പ്രതിമാസം ഒരു തുക നീക്കിവെച്ച് (എസ്.ഐ.പി മാതൃകയിൽ) വാങ്ങുന്നത് ഗുണകരമാകും. ഇത് വില കുറയുമ്പോൾ കൂടുതൽ സ്വർണം വാങ്ങാൻ നിങ്ങളെ സഹായിക്കും.
3. നിക്ഷേപ രീതികൾ
നിക്ഷേപമെന്ന ഉദ്ദേശ്യത്തോടെയാണെങ്കിൽ സ്വർണം ആഭരണങ്ങളായി വാങ്ങുന്നത് നഷ്ടമാണ്. ആഭരണങ്ങളായി വാങ്ങുമ്പോൾ 10 മുതൽ 20 ശതമാനം വരെ പണിക്കൂലിയും മൂന്നു ശതമാനം ജി.എസ്.ടിയും നൽകേണ്ടിവരും. വാങ്ങിയ ഉടനെ വിറ്റാൽപോലും പണിക്കൂലി തിരിച്ചുകിട്ടില്ല. തേയ്മാനമാണ് മറ്റൊരു നഷ്ടം. പഴയ സ്വർണം മാറ്റിയെടുക്കുമ്പോൾ പല ജ്വല്ലറികളും നിശ്ചിത ശതമാനം 'വേസ്റ്റേജ്' കുറക്കും. ആഭരണങ്ങളിൽ കല്ലുകളോ മറ്റ് ലോഹങ്ങളോ ഉണ്ടാകാം. വിൽക്കുമ്പോൾ സ്വർണത്തിന്റെ തൂക്കം കണക്കാക്കുമ്പോൾ ഇതിന്റെ ഭാരം കുറക്കുന്നത് നഷ്ടമുണ്ടാക്കാം. മോഷണസാധ്യതയുള്ളതിനാൽ നല്ല കരുതൽ വേണം. അല്ലെങ്കിൽ ലോക്കർ സൗകര്യം തേടേണ്ടിവരും. ഇതിൽ നിന്നെല്ലാം രക്ഷ നൽകുന്നതാണ് ഡിജിറ്റൽ നിക്ഷേപ രീതി. (ബോക്സ് കാണുക)
എന്തുകൊണ്ട് ഇപ്പോഴും സ്വർണം ?
വില റെക്കോഡ് നിലവാരത്തിലാണെങ്കിലും സ്വർണം ഇപ്പോഴും ആകർഷകമായി തുടരുന്നതിന് പ്രധാനമായും നാല് കാരണങ്ങളുണ്ട്
കറൻസി സുരക്ഷ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, ആഗോള വിപണിയിൽ വില കൂടിയില്ലെങ്കിലും ഇന്ത്യയിൽ സ്വർണവില വർധിക്കും. ഇത് രൂപയുടെ മൂല്യത്തകർച്ചയിൽനിന്ന് നിക്ഷേപത്തെ സംരക്ഷിക്കുന്നു.
കേന്ദ്ര ബാങ്കുകളുടെ വാങ്ങൽ: നമ്മുടെ ആർ.ബി.ഐ ഉൾപ്പെടെ ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. ഇത് സ്വർണവില ഒരു പരിധിയിൽ താഴെ പോകാതെ നിലനിർത്താൻ സഹായിക്കുന്നു.
പലിശനിരക്കിലെ മാറ്റങ്ങൾ: കേന്ദ്ര ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കാൻ തുടങ്ങുമ്പോൾ സ്വർണവില സാധാരണയായി കൂടാറുണ്ട്. ബോണ്ടുകളിൽനിന്നുള്ള ലാഭം കുറയുന്നതിനാൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നു.
ആഗോള സാമ്പത്തിക അസ്ഥിരത: യുദ്ധസാഹചര്യങ്ങളും ആഗോള രാഷ്ട്രീയ പ്രതിസന്ധികളും നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടുന്നു.
നിക്ഷേപിക്കേണ്ട 'സ്മാർട്ട്' രീതി
സ്വർണം വാങ്ങിയ ഉടൻ വില കുറയുമോ എന്ന് പേടിയുള്ളവർക്ക് ‘പിരമിഡ് തന്ത്രം’പരീക്ഷിക്കാം
ആദ്യ ഘട്ടം: നിങ്ങൾ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന ആകെ തുകയുടെ 20-30 ശതമാനം മാത്രം ഇപ്പോൾ നിക്ഷേപിക്കുക.
വില കുറയാൻ കാത്തിരിക്കുക: വിപണിയിൽ വില 3-5 ശതമാനം കുറയുകയാണെങ്കിൽ അടുത്ത 30 ശതമാനം കൂടി നിക്ഷേപിക്കുക.
അവസാന ഘട്ടം: വില സ്ഥിരമാവുകയോ അല്ലെങ്കിൽ വീണ്ടും കൂടാൻ തുടങ്ങുകയോ ചെയ്യുമ്പോൾ ബാക്കി തുക നിക്ഷേപിച്ച് വാങ്ങൽ പൂർത്തിയാക്കുക.
സ്വർണം വാങ്ങാം ഡിജിറ്റലായി
സ്വർണം ഭൗതികമായി വാങ്ങാതെ ഡിജിറ്റലായി സൂക്ഷിക്കുന്ന കടപ്പത്രങ്ങളും ഇ.ടി.എഫുകളും മ്യൂച്വൽ ഫണ്ടുകളും മികച്ച നിക്ഷേപ രീതികളാണ്.
ഗോൾഡ് ഇ.ടി.എഫ്
ഓഹരി വിപണി വഴി സ്വർണത്തിൽ നിക്ഷേപിക്കുന്ന രീതിയാണ് ഗോൾഡ് ഇ.ടി.എഫ് (എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്). കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതുപോലെ തന്നെയാണിത്. സാധാരണ ഒരു ഇ.ടി.എഫ് യൂനിറ്റ് എന്നാൽ ഒരു ഗ്രാം സ്വർണത്തിന് തുല്യമാണ് (ചില ഫണ്ടുകളിൽ ഇത് 0.01 ഗ്രാം വരെയും ആകാം). സൂക്ഷിക്കാനുള്ള പ്രയാസമോ പരിശുദ്ധിയിലുള്ള പേടിയോ ഇല്ലാതെ എളുപ്പത്തിൽ വാങ്ങി വിൽക്കാൻ സാധിക്കും. ഡീമാറ്റ് അക്കൗണ്ടിൽ ഡിജിറ്റൽ രൂപത്തിലാണിതുണ്ടാവുക. പണിക്കൂലി നൽകേണ്ടതില്ല. വിപണി സമയത്ത് എപ്പോൾ വേണമെങ്കിലും ഇവ വിൽക്കാം. പണം നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും.
എങ്ങനെ നിക്ഷേപിക്കാം?
ഇതിൽ നിക്ഷേപിക്കാൻ ഡീമാറ്റ്, ട്രേഡിങ് അക്കൗണ്ട് ആവശ്യമാണ്. (സെരോധ, അപ്സ്റ്റോക്, ഗ്രോ മുതലായവ). പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകി കെ.വൈ.സി പൂർത്തിയാക്കണം. ഇനി ട്രേഡിങ് ആപ്പിൽ പോയി ‘ഗോൾഡ് ഇ.ടി.എഫ്’ എന്ന് സെർച്ച് ചെയ്യുക. എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, നിപ്പോൺ ഇന്ത്യ, ആക്സിസ് തുടങ്ങി നിരവധി ഇ.ടി.എഫുകളുണ്ട്. ഓഹരി വാങ്ങുന്നതുപോലെ എത്ര യൂനിറ്റുകളും വാങ്ങാം. നിക്ഷേപ ചെലവ് താരതമ്യേന കുറവാണ്.
ഗോൾഡ് മ്യൂച്വൽ ഫണ്ട്
ഗോൾഡ് ഇ.ടി.എഫുകളിൽ നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടാണിത്. ലളിതമായി പറഞ്ഞാൽ, നിങ്ങൾ ഒരു മ്യൂച്വൽ ഫണ്ട് കമ്പനിക്ക് പണം നൽകുന്നു, അവർ ആ പണം ഉപയോഗിച്ച് ഗോൾഡ് ഇ.ടി.എഫുകൾ വാങ്ങുന്നു ഗോൾഡ് മ്യൂച്വൽ ഫണ്ടിന് ഡീമാറ്റ് അക്കൗണ്ട് ആവശ്യമില്ല. സാധാരണ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് തന്നെ നിക്ഷേപിക്കാം. പ്രതിമാസ അടവിൽ നിക്ഷേപിക്കാനുള്ള എസ്.ഐ.പി സൗകര്യവുമുണ്ട്. എപ്പോൾ വേണമെങ്കിലും യൂനിറ്റുകൾ വിൽക്കാം. പണം 2-3 പ്രവൃത്തി ദിവസങ്ങൾക്കകം അക്കൗണ്ടിലെത്തും. നിക്ഷേപ ചെലവ് ഇ.ടി.എഫിനേക്കാൾ അൽപം കൂടുതലായിരിക്കും.
എങ്ങനെ നിക്ഷേപിക്കാം?
എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, നിപ്പോൺ ഇന്ത്യ തുടങ്ങിയ അസംഖ്യം മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങളുണ്ട് ഇന്ത്യയിൽ. ഇവരുടെ ആപ് ഉപയോഗിച്ച് നിക്ഷേപിക്കാം. ആപ്പിലെ സെർച്ച് ബാറിൽനിന്ന് ഗോൾഡ് ഫണ്ട് തെരഞ്ഞെടുക്കുക. ഒന്നിച്ചു പണം നിക്ഷേപിക്കണമെങ്കിൽ ‘ലംപ്സം’ തിരഞ്ഞെടുക്കാം, മാസാമാസം നിക്ഷേപിക്കണമെങ്കിൽ ‘എസ്.ഐ.പി’ തിരഞ്ഞെടുക്കാം. തുക യു.പി.ഐ വഴിയോ നെറ്റ് ബാങ്കിങ് വഴിയോ അടക്കാം.
സോവറിൻ ഗോൾഡ് ബോണ്ട്
ഇന്ത്യയിൽ ദീർഘകാല നിക്ഷേപത്തിന് ഏറ്റവും മികച്ച വഴി കേന്ദ്ര സർക്കാർ പുറത്തിറക്കുന്ന ഈ കടപത്രമാണ്. സ്വർണവില കൂടുന്നതിനോടൊപ്പം വർഷം രണ്ടരശതമാനം പലിശയും ലഭിക്കും. കാലാവധിവരെ (എട്ടു വർഷം) കാത്തിരുന്നാൽ നികുതിയും നൽകേണ്ടതില്ല. സർക്കാർ ഈ പദ്ധതി താൽക്കാലികമായി നിർത്തിയിരിക്കുകയാണ്. അതിനാൽ ഇപ്പോൾ ബാങ്കോ പോസ്റ്റ് ഓഫിസോ വഴി പുതിയ ബോണ്ടുകൾ നേരിട്ട് വാങ്ങാൻ സാധിക്കില്ല. എന്നാൽ പഴയ ബോണ്ടുകൾ കൈവശമുള്ളവരിൽനിന്ന് ഓഹരി വിപണി വഴി വാങ്ങാൻ സാധിക്കും. ഇതിന് ഡീമാറ്റ് അക്കൗണ്ട് വേണം.
യു.പി.ഐ ആപ്പുകൾ വഴി
ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ആപ്പുകൾ വഴിയും സ്വർണം വാങ്ങാം. ഡീമാറ്റ് അക്കൗണ്ട് വേണ്ട. 100 രൂപക്ക് പോലും സ്വർണം വാങ്ങാം. പക്ഷെ മൂന്ന് ശതമാനം ജി.എസ്.ടി നൽകണം. എപ്പോൾ വേണമെങ്കിലും വിൽക്കാം അല്ലെങ്കിൽ നിശ്ചിത ഗ്രാം തികയുമ്പോൾ സ്വർണ നാണയങ്ങളായി വീട്ടിലെത്തിച്ചുതരികയും ചെയ്യും. പക്ഷെ ചില റിസ്കുകളുണ്ട്. ഇവയെ നിയന്ത്രിക്കാൻ ‘സെബി’ പോലുള്ള ഏജൻസികളില്ല. വിൽക്കുമ്പോൾ മൂന്നു മുതൽ അഞ്ചു ശതമാനം വരെ വില കുറച്ചാണ് തരിക. ഫോൺ നഷ്ടപ്പെടുകയോ ഗൂഗിൾ പേ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയോ ചെയ്താൽ സ്വർണ നിക്ഷേപവും അപകടത്തിലായേക്കാം. അതുകൊണ്ട് തന്നെ സുരക്ഷിതരീതി എന്നു പറയാനാവില്ല, പ്രത്യേകിച്ച് വലിയ തോതിലുള്ള നിക്ഷേപത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

