Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightകോവിഡാനന്തര ലോകം...

കോവിഡാനന്തര ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്?

text_fields
bookmark_border
കോവിഡാനന്തര ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക്?
cancel

സമസ്ത മേഖലകളിലും കനത്ത ആഘാതമേല്പിച്ച കോവിഡ്-19 പൂർണമായും പിൻവാങ്ങുന്നതിന് മുൻപ് തന്നെ മറ്റൊരു മഹാമാരിയുടെ വരവറിയിക്കുന്ന സൂചനകൾ ലോകമെമ്പാടുനിന്നും വന്നുകൊണ്ടിരിക്കുന്നു. രണ്ടായിരത്തി ഇരുപതിൽ മാനവ രാശിയെ പരീക്ഷിച്ചത് ആരോഗ്യ പ്രതിസന്ധി ആയിരുന്നെങ്കിൽ, 2008-ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം സംഭവിക്കാനിടയുള്ള ഏറ്റവും രൂക്ഷമായ സാമ്പത്തിക തകർച്ച ആണ് രണ്ടായിരത്തി ഇരുപത്തി രണ്ടിനെ തുറിച്ചുനോക്കുന്നത് . അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഫ്) പ്രവചിക്കുന്നത് പ്രകാരം ആഗോള മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളർച്ചാ നിരക്ക് രണ്ടായിരത്തി ഇരുപത്തി ഒന്നിൽ 6.1% ആയിരുന്നത് രണ്ടായിരത്തി ഇരുപത്തി രണ്ടിൽ വെറും 3.2% ലേക്ക് കൂപ്പ് കുത്തും. വികസിത രാജ്യങ്ങളുടെ വളർച്ചാ നിരക്ക് 5.2% ൽ (2021) നിന്നും 2.4% ലേക്ക് (2022) ചുരുങ്ങുമ്പോൾ, വികസ്വര സമ്പത് വ്യവസ്ഥകളുടെ കാര്യത്തിൽ നിലവിലെ 6.8% (2021) വളർച്ചാ നിരക്ക് 4.4% (2022) ലേക്ക് ഇടിയുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. എന്തൊക്കെയാണ് ലോക സമ്പദ്വ്യവസ്ഥയുടെ പ്രയാണത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങൾ എന്ന് പരിശോധിക്കാം.

റഷ്യ-യുക്രെയ്ൻ യുദ്ധം

ചുരുക്കം ചിലതൊഴിച്ച്‌ ഏതാണ്ടെല്ലാ ലോകരാജ്യങ്ങളും കോവിഡ് അനുബന്ധ നിയന്ത്രങ്ങളിൽ ഇളവ് വരുത്തുകയും, വ്യവസായിക ഉത്‌പാദനം ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങാൻ ആരംഭിക്കുകയും ചെയ്യുന്ന വേളയിലാണ് അശനിപാതം പോലെ റഷ്യയുടെ യുക്രെയ്ൻ ആക്രമണം. പടിഞ്ഞാറൻ രാജ്യങ്ങൾ ഒറ്റക്കെട്ടായി പുടിൻ ഭരണ കൂടത്തിന്റ്റെ അധിനിവേശ ശ്രമത്തെ അപലപിക്കുകയും റഷ്യയുടെ മേൽ കടുത്ത സാമ്പത്തിക-സാമൂഹിക നിയന്ത്രങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ജർമ്മനിയും, ഇറ്റലിയും, ബ്രിട്ടനും അടക്കമുള്ള പ്രമുഖ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എണ്ണ- പ്രകൃതി വാതക കയറ്റുമതി വെട്ടിച്ചുരുക്കുമെന്നും ശത്രുതാ മനോഭാവമുള്ള രാജ്യങ്ങൾ ഊർജ്ജ ഇറക്കുമതി റൂബിളിൽ നടത്തേണ്ടി വരുമെന്നും ഭീഷണി മുഴക്കിയാണ് റഷ്യ തങ്ങൾക്കു മേലുള്ള നിയന്ത്രണങ്ങളെ വെല്ലുവിളിച്ചത്.


ഏതാണ്ട് നാല് മാസത്തോളമായി പുകഞ്ഞു കത്തിക്കൊണ്ടിരിക്കുന്ന യുക്രെയ്ൻ യുദ്ധം ലോകത്തിനു സമ്മാനിച്ചത് എണ്ണ, പ്രകൃതി വാതകം, രാസ വളം, ധാന്യങ്ങൾ, മറ്റു ഭക്ഷ്യ വസ്തുക്കൾ തുടങ്ങി വിലക്കയറ്റത്തിന്റ്റെ ഒരു നീണ്ട പട്ടികയാണ്. ലോകബാങ്കിൻ്റെ പ്രവചനപ്രകാരം ഭക്ഷ്യ-ഊർജ മേഖലകളിൽ ഇപ്പോഴനുഭവപ്പെടുന്ന വിലക്കയറ്റം വരും നാളുകളിൽ താഴാൻ സന്ധ്യത ഉണ്ടെങ്കിൽ കൂടി അടുത്ത രണ്ടു വർഷത്തേക്ക് വിലനിലവാരം കഴിഞ്ഞ അഞ്ചു വർഷത്തെ ശരാശരിക്കു മേലേയാവാനാണ് സാധ്യത. യുദ്ധം സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾ മൂലം 2022 ൽ ബ്രെന്റ്റ് ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 100 അമേരിക്കൻ ഡോളർ ആയിരിക്കുമെന്നും ലോക ബാങ്ക് പഠന റിപ്പോർട്ടിൽ പറയുന്നു.

വിലക്കയറ്റമെന്ന ആഗോള പ്രതിഭാസം

അന്താരാഷ്ട്ര നാണ്യ നിധിയുടെ നിർവചനമനുസരിച്ചു വികസിതം എന്ന ഗണത്തിൽ പെടുന്ന 34 രാജ്യങ്ങളിൽ 15 ലും 2021ന്റെ അവസാന പാദങ്ങൾ മുതൽക്കേ പണപ്പെരുപ്പം 5% മുകളിലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് വ്യവസായവത്‌കൃത രാജ്യങ്ങളിൽ പണപ്പെരുപ്പം ആശങ്ക ഉളവാക്കുന്ന തലത്തിലേക്ക് മാറുന്നത്. വികസിത രാജ്യങ്ങളിൽ മാത്രമല്ല, ഏതാണ്ട് എഴുപത്തഞ്ചു ശതമാനം വികസ്വര രാജ്യങ്ങളിലും പണപ്പെരുപ്പം നീണ്ടു നിൽക്കുന്നതും ഉത്കണ്ഠപ്പെടുത്തുന്നതുമായി മാറിക്കഴിഞ്ഞു. എന്തൊക്കെയാവാം ആഗോള വ്യാപകമായി പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നതിന്റ്റെ കാരണങ്ങൾ?


കോവിഡ്-19 പടർന്നു പിടിക്കുകയും ഉത്പാദന വിതരണ സംവിധാനങ്ങൾ പാടേ താറുമാറാവുകയും ചെയ്ത നാളുകളിൽ ലോകവ്യാപകമായി സർക്കാരുകളും കേന്ദ്ര ബാങ്കുകളും അതി ബൃഹത്തായ സാമ്പത്തിക പാക്കേജുകൾ നടപ്പിലാക്കുകയും, പലിശ നിരക്കുകളിൽ ഗണ്യമായ കുറവ് വരുത്തുകയും ചെയ്തിരുന്നു. പല സാമ്പത്തിക ശാസ്ത്ര വിചക്ഷണരുടേയും നിരീക്ഷണ പ്രകാരം പിന്നീട് പണപ്പെരുപ്പത്തിലേക്കു നയിച്ച പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണിത്. മുന്പ് വിശദീകരിച്ച ആഗോള രാഷ്ട്രീയ അനിശ്ചിതാവസ്തയും അതിനെ തുടർന്ന് ഉടലെടുത്ത ഊർജജ പ്രതിസന്ധിയുമാണ് രണ്ടാമത്തെ സുപ്രധാന ഘടകം.


എന്നാൽ ഇതിനൊക്കെ പുറമെ, വികസിത രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും ഒരു പോലെ ദോഷകരമായി ബാധിച്ച ഒന്നാണ് കോവിഡ് നിയന്ത്രണങ്ങൾ മൂലം ആഗോള വിതരണ ശൃംഖലയിൽ ഉണ്ടായ താളപ്പിഴകൾ. എൺപതുകൾക്ക് ശേഷം നവലിബറൽ ആശയങ്ങളുടെ സ്വാധീനത്തിന്റ്റെ ഫലമായി ലോക സാമ്പത്തിക രംഗം ഇഴപിരിക്കാനാകാത്തവണ്ണം അതിസങ്കീർണമായി കെട്ടുപിണഞ്ഞു കിടക്കുന്നതുകൊണ്ടു തന്നെ ആഗോള നിർമാണ-വിതരണ ശൃംഖലയിൽ പ്രത്യക്ഷമായോ പരോക്ഷമായോ സംഭവിക്കുന്ന ചെറു ചലനങ്ങൾ പോലും ലോക സമ്പദ് വ്യവസ്ഥയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കും.

സാമൂഹിക സുരക്ഷാ പദ്ധതികൾ നാമ മാത്രമായ രാജ്യങ്ങളിലെ, സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്നവരിൽ നിന്നു തുടങ്ങി മധ്യവർഗത്തിന്റ്റെ പല തട്ടുകൾ വരെയുള്ള ജനവിഭാഗങ്ങൾ പണപ്പെരുപ്പം അസ്വീകാര്യമായ തലങ്ങളിൽ എത്തുന്നതോടെ ഉപഭോഗാക്രമത്തിൽ ഗണ്യമായ കുറവ് വരുത്താൻ നിര്ബന്ധിതരായി തീരും. ചോദനത്തിലുണ്ടാവുന്ന (ഡിമാൻഡ്) കുറവ് ഉത്പാദന രംഗത്തെ തളർച്ചയ്ക്കു വഴിവയ്ക്കുകയും തൊഴിലില്ലായ്മ അതിരൂക്ഷമാക്കുകയും ചെയ്യും. തൊഴിലില്ലായ്മ ഏറ്റവും നിർണായകമായ ഒരു സാമൂഹിക-രാഷ്ട്രീയ പ്രശ്നവും കൂടിയാണെന്നോർക്കുക. ആഗോള എണ്ണ വിലയിൽ ഉണ്ടായ വർധനവിനൊപ്പം കറൻസിയുടെ മൂല്യ ശോഷണവും, വിദേശ വിനിമയ ശേഖരത്തിലെ കനത്ത ഇടിവും ചേർന്ന് ശ്രീലങ്ക, നേപ്പാൾ,ലാവോസ്, പാകിസ്താൻ തുടങ്ങിയ വികസ്വര രാജ്യങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി.



ആഗോള ഉത്പാദന-വിതരണ ശൃംഖലയിൽ സംഭവിക്കുന്ന അസന്തുലിതാവസ്ഥകളെ ഫലപ്രദമായ നയരൂപീകരണത്തിലൂടെ ഒറ്റക്കെട്ടായി നേരിടാൻ ഉതകുന്ന ഒരു സംവിധാനത്തിന്റെ അഭാവത്തിൽ, ഇന്ത്യ ഉൾപ്പടെ ഒട്ടനവധി രാജ്യങ്ങൾ പണപ്പെരുപ്പം നിയന്ത്രിച്ചു നിർത്തുന്ന ഏറെ വിഷമകരമായ ദൗത്യം അതാതു കേന്ദ്ര ബാങ്കുകളെയാണ് സാധാരണഗതിയിൽ ഏൽപ്പിക്കാറ്. 2022 ൽ മാത്രം വികസിത/വികസ്വര രാജ്യങ്ങളിലെ നാല്പത്തി അഞ്ച് കേന്ദ്ര ബാങ്കുകളാണ് പലിശ നിരക്കുകൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വർധിപ്പിച്ചത്. ഉദാഹരണത്തിന്, അൻപതു ശതമാനത്തിനു മുകളിൽ നിൽക്കുന്ന പണപ്പെരുപ്പത്തിനു കൂച്ചു വിലങ്ങിടാൻ അർജൻറ്റീന 2022 മാർച്ചിൽ പലിശ നിരക്ക് 2.50% വർധിപ്പിക്കുക ഉണ്ടായി. തുടർന്ന് മെയ് മാസത്തിൽ നിരക്ക് വീണ്ടും 2% വർധിപ്പിക്കുകയുണ്ടായി. ബ്രസീൽ ഇതേ സമയം രണ്ടു തവണകളായി പലിശ നിരക്ക് 2% വർധിപ്പിച്ചു. വ്യവസായവത്‌കൃത രാജ്യങ്ങളുടെ കഥയും വ്യത്യസ്തമല്ല.

ബാങ്ക് ഓഫ് ഇംഗ്ലണ്ട്, പണപ്പെരുപ്പം തടയുന്നതിനായി അരശതമാനം പലിശ നിരക്ക് ഉയർത്തിയപ്പോൾ അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഏറ്റവും ഒടുവിലായി വർധിപ്പിച്ച മുക്കാൽ ശതമാനവും ചേർത്ത് മൂന്നു തവണകളായ് ഒന്നര ശതമാനം നിരക്ക് വർധന പ്രഖ്യാപിച്ചു. ഇത്തരത്തിൽ പലിശ നിരക്കുകൾ ഉയർത്തി വയ്ക്കുന്നത് പണപ്പെരുപ്പം തടയുന്നതിന് ഒരു പരിധിവരെ പ്രയോജനപ്രദമാണെങ്കിലും, യഥാർത്ഥത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള കേന്ദ്രബാങ്കുകളൊക്കെത്തന്നെയും ആഴത്തിലുള്ള ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.



പണപ്പെരുപ്പം തടയുക മാത്രമല്ല, സാമ്പത്തിക വളർച്ച ഉറപ്പുവരുത്തുക എന്ന ദൗത്യവും നയ രൂപീകരണം നടത്തുന്നവർക്ക് മുമ്പിലുണ്ട്. ഉയർന്ന പലിശ നിരക്കുകൾ ഉത്പാദന-സേവന മേഖലകളെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, കോടിക്കണക്കിനു ജനങ്ങളുടെ പ്രതിമാസ പലിശ തിരിച്ചടവിൽ വലിയ വർദ്ധനവിന് കാരണമാവുകയും തദ്വാരാ വിപണിയിലേക്ക്‌ ഒഴുകുന്ന പണത്തിന്റ്റെ ലഭ്യത കുറയ്ക്കുകയും ചെയ്യും.

ഇന്ത്യയെ പോലുള്ള വികസ്വര സമ്പദ്‌വ്യവസ്ഥകൾ ഒരു വശത്തു ഉയർന്ന പണപ്പെരുപ്പം കൊണ്ട് വീർപ്പുമുട്ടുമ്പോൾ മറുവശത്തു ശുഷ്കമായ സാമ്പത്തിക വളർച്ചയും പെരുകുന്ന തൊഴിലില്ലായ്മയും സമ്പ്ദഘടനയുടെ നടത്തിപ്പ് തികച്ചും സങ്കീർണവും ദുഷ്കരവുമാക്കുന്നു. 'സ്റ്റാഗ്ഫ്ളേഷൻ ' എന്ന സംജ്ഞ ഉപയോഗിച്ചാണ് സാമ്പത്തിക ശാസ്ത്രജ്ഞർ ഇത്തരം അവസ്ഥയെ വിവക്ഷിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് വരും വർഷങ്ങളിൽ വികസിതവും വികസ്വരവുമായ ഏതാണ്ടെല്ലാ രാജ്യങ്ങളുടെയും വളർച്ചാ നിരക്കിൽ അന്താരാഷ്ട്ര നാണ്യ നിധി കനത്ത തളർച്ച പ്രതീക്ഷിക്കുന്നത്.



വഴികാട്ടുമോ ചൈനയും ഇന്ത്യയും ?

അന്താരാഷ്ട്ര നാണ്യ നിധിയുടെ കണക്കു പ്രകാരം ചൈനയുടെ 2021 ലെ വളർച്ചാനിരക്ക് 8.1% ആയിരിക്കും എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ അത് യഥാക്രമം 4.4%, 5.1% എന്ന കണക്കിൽ കുറയും. ഇന്ത്യയുടെ കാര്യത്തിൽ കാര്യങ്ങൾ കുറേക്കൂടി ആശാവഹമാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 8.9%(2021), 8.2%(2022), 6.9%(2023) എന്ന തോതിലായിരിക്കും വളർച്ച രേഖപെടുത്തുക. മറ്റു വികസ്വര, വികസിത രാജ്യങ്ങളെ തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയ്ക്കും, ഒരു പരിധി വരെ ചൈനയ്ക്കും ആശ്വസിക്കാമെങ്കിലും ലോക സമ്പദ്ഘടനയ്ക്കു ഊർജം പകരാനുള്ള കെൽപ്പ് ഇരു രാജ്യങ്ങൾക്കും ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്.മാത്രവുമല്ല പല വിധ അനിശ്ചിതത്വങ്ങൾക്കിടയിൽ വളർച്ചാ നിരക്ക്, പ്രവചങ്ങൾക്ക് താഴെപ്പോവാനുള്ള സാധ്യതയും ഏറെയാണ്.

ഷാങ് ഹായിയും, ബെയ്‌ജിംഗും ഉൾപ്പടെ ഓമിക്രോൺ വകഭേദം മൂലം ഏറെ വലഞ്ഞ ചൈനയിലെ പല നഗരങ്ങളും മാസങ്ങൾ നീണ്ട അതി കർശനമായ നിയന്ത്രണങ്ങളിൽ നിന്നും പതിയെ പുറത്തു വന്നു തുടങ്ങുന്നതേയുള്ളൂ. ഗോൾഡ്മാൻ സാക്‌സിന്റ്റെ അനുമാനപ്രകാരം കോവിഡ് അനുബന്ധ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ചൈനയുടെ സമ്പദ് വ്യവസ്ഥ അതില്ലാത്ത സാഹചര്യത്തേക്കാൾ ഏതാണ്ട് 7.1% കുറവ് മാത്രമേ ഉല്പാദിപ്പിക്കുകയുള്ളു. അതുകൊണ്ടു തന്നെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പത് വ്യവസ്ഥ അതിന്റ്റെ പ്രതാപകാലത്തേക്കു ഉടനടി തിരിച്ചു പോകുമെന്ന് പ്രതീക്ഷിക്കുന്നത്അ പ്രായോഗികമായിരിക്കും.



ഇന്ത്യയുടെ കാര്യമെടുത്താൽ, കോവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്നും സാമ്പത്തിക വ്യവസ്ഥ പതിയെ കര കയറുന്നു എന്നത് ആശാവാഹമാണെങ്കിലും, പണപ്പെരുപ്പം, പ്രത്യേകിച്ച് ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം വളർച്ചയെ അസ്ഥിരപ്പെടുത്തുന്ന ഒരു സുപ്രധാന ഘടകമാണ്. ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി വില നിയയന്ത്രിക്കുന്നതിൻറ്റെ ഭാഗമായി ഗോതമ്പിൻറ്റെ കയറ്റുമതി നിയന്ത്രിച്ച കേന്ദ്ര സർക്കാരിന്റെ നടപടി പക്ഷെ അന്താരാഷ്ട്ര തലത്തിൽ ഗോതമ്പിന്റെ വില വർദ്ധനവിലേക്കു നയിച്ചു. പണപ്പെരുപ്പം നേരിടാൻ കേന്ദ്ര ബാങ്ക് ജൂണിൽ പലിശ നിരക്ക് അര ശതമാനം വർധിപ്പിച്ചത് ഉത്പാദന-സേവന മേഖലകൾക്ക് തിരിച്ചടി ആയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രവുമല്ല, അമേരിക്ക,ഇംഗ്ലണ്ട് തുടങ്ങിയ വികസിത രാജ്യങ്ങൾ തുടര്ച്ചയായ് പലിശ നിരക്ക് വർധിപ്പിക്കുന്നത് ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ഓഹരി വിപണിയിൽ നിന്നും വൻതോതിൽ മൂലധനം പുറത്തേക്കു ഒഴുകുന്നതിലേക്ക് വഴിവച്ചേക്കും.

നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഏതെങ്കിലുമൊരു രാജ്യം അല്ലെങ്കിൽ ഒന്നോ രണ്ടോ രാജ്യങ്ങൾ ചേർന്ന് അദ്‌ഭുദങ്ങൾ സൃഷ്ടിക്കുമെന്നു കരുതാൻ കഴിയില്ല. അമേരിക്കയും യൂറോപ്പും സമീപകാല ചരിത്രത്തിൽ നേരിട്ടിട്ടില്ലാത്ത വിലക്കയറ്റത്തിൽ പെട്ടുഴലുമ്പോൾ, ഏഷ്യ, ആഫ്രിക്ക,ലാറ്റിൻ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ രാജ്യങ്ങളിലെ പ്രശ്നങ്ങൾ കുറേക്കൂടി ആഴത്തിലുള്ളതും സങ്കീർണവുമാണ്. വരാൻ പോവുന്ന വിപത്തിനെ കാലേക്കൂട്ടി തിരിച്ചറിയുകയും ഏകീകൃതവും ഫലപ്രദവുമായ ചർച്ചകളിലൂടെയും പരസപര പൂരകങ്ങളായ നടപടികളിലൂടെയും പ്രതിരോധിക്കാൻ ശ്രമിക്കുക എന്നത് മാത്രമാണ് അഭിലഷണീയമായ ഏക പോംവഴി. അല്ലാത്ത പക്ഷം, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു മനുഷ്യരായിരിക്കും അതിൻെറ കെടുതികൾ അനുഭവിക്കാൻ വിധിക്കപ്പെടുന്നത്.

References

1.World Economic Outlook-April 2022. International Monetary Fund.

https://www.imf.org/en/Publications/WEO/Issues/2022/04/19/world-economic-outlook-april-2022

2. A toxic mix of recession risks hangs over the world economy. The Economist. April (2022).

https://www.economist.com/leaders/2022/04/09/a-toxic-mix-of-recession-risks-hangs-over-the-world-economy

3. Ukraine war will mean high food and energy prices for three years. The Guardian. April (2022).

https://www.theguardian.com/business/2022/apr/26/ukraine-war-food-energy-prices-world-bank

4. Carmen Reinhart& Clemens Graf Von Luckner. The Return of Global Inflation. World Bank Blogs. February (2022).

https://blogs.worldbank.org/voices/return-global-inflation

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic crisis
News Summary - Economic crisis in world
Next Story