Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Featurechevron_rightനയംമാറ്റം...

നയംമാറ്റം പ്രഖ്യാപിക്കുന്ന ബജറ്റ്; പണമില്ലായ്മ പ്രതിസന്ധി

text_fields
bookmark_border
നയംമാറ്റം പ്രഖ്യാപിക്കുന്ന ബജറ്റ്; പണമില്ലായ്മ പ്രതിസന്ധി
cancel

എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ സി.പി.എം വലിയ നയംമാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ധനമന്ത്രി കെ.എൻ ബാലഗോപാൽ കേരളത്തിന്റെ ബജറ്റവതരിപ്പിക്കുന്നത്. സി.പി.എം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസനനയരേഖയിൽ വിദ്യാഭ്യാസ-വ്യവസായ മേഖലകളിലടക്കം സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. സി.പി.എമ്മിന്റെ ഈ വികസനനയരേഖയിലേക്കുള്ള ആദ്യ ചുവടുവെപ്പുകൾ ഉൾക്കൊള്ളുന്നുവെന്നതാണ് ബാലഗോപാലിന്റെ രണ്ടാം ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്.

വരവും ചെലവും തമ്മിലുള്ള അന്തരം വർധിച്ചതിനാൽ കടക്കെണി വലിയ പ്രതിസന്ധിയായി സംസ്ഥാനത്തിന് മുന്നിൽനിൽക്കുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ബജറ്റവതരണം. എന്നാൽ, കടക്കെണി പരിഹരിക്കാൻ അധിക ധനസമാഹരണത്തിനായി കാര്യമായ നിർദേശങ്ങളൊന്നും ബജറ്റ് മുന്നോട്ട് വെക്കുന്നില്ല. ചെലവുകളിൽ വലിയ അച്ചടക്കവും പാലിക്കാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.

കേരളത്തിന്റെ ഇനിയുള്ള പോക്കിന് പ്രധാനമായും ആശ്രയിക്കുക ഐ.ടി ഉൾപ്പെടുന്ന ഡിജിറ്റൽ വ്യവസായങ്ങളേയായിരുക്കുമെന്ന് അടിവരയിടുന്നതാണ് ഈ വർഷത്തെ ബജറ്റ്. ഐ.ടി മേഖലയിൽ വലിയ കുതിച്ചുചാട്ടം ബജറ്റ് ലക്ഷ്യമിടുന്നു. ഇതിന് ഉതകുന്ന രീതിയിൽ വിദ്യഭ്യാസമേഖലയേയും ആകെ അഴിച്ചു പണിയുക ബജറ്റിന്റെ പ്രധാന ലക്ഷ്യമാണ്.

പുതിയ നയത്തിലേക്ക് ചുവടുവെക്കുകയാണെങ്കിലും ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും പി​ന്നോട്ട് പോകാനും സർക്കാർ തയാറല്ല. സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡറുകൾ, വയോജനങ്ങൾ, ദരിദ്രർ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ശാക്തീകരിക്കാനുള്ള പദ്ധതികൾ ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. എന്നാൽ, കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളെ സ്വാധീനിക്കുന്ന ക്ഷേമ പെൻഷനുകൾ ഉയർത്തിയില്ലെന്നത് തിരിച്ചടിയാണ്.

പ്രതിസന്ധിക്കിടയിലും സർക്കാറിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിനെ സംബന്ധിച്ചും ബജറ്റിൽ പരാമർശമുണ്ട്. സ്ഥലമേറ്റെടുപ്പിനായാണ് തുക മാറ്റിവെച്ചിരിക്കുന്നത്. പ്രതിഷേധങ്ങൾക്കിടയിലും കെ റെയിലിൽ നിന്നും പിന്നോട്ടില്ലെന്ന സന്ദേശം നൽകുകയാണ് ബജറ്റ് പ്രസംഗത്തിലൂടെ ധനമന്ത്രി.

ഒറ്റനോട്ടത്തിൽ സമഗ്രതല സ്പർശിയാണ് ബജറ്റെന്ന് തോന്നുമെങ്കിലും നിർദേശങ്ങൾ നടപ്പാക്കുന്നതിന് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ഇത്തവണയും വെല്ലുവിളിയാവും. ​ജി.എസ്.ടി വിഹിതത്തിൽ ഉൾപ്പടെ കേന്ദ്രസർക്കാർ നിഷേധാത്മക സമീപനം തുടരുമ്പോൾ ധനസമാഹാരണത്തിന് പുതിയ മാർഗങ്ങൾ തേടാതെ ബജറ്റ് നിർദേശങ്ങൾ എങ്ങനെ നടപ്പിലാക്കുമെന്ന ചോദ്യം ഉയരുന്നുണ്ട്.

കിഫ്ബിയുടെ കാര്യക്ഷമതയെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇനിയും അറുതിയായിട്ടില്ലെന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. ബജറ്റവതരണം കഴിഞ്ഞയുടൻ വിശ്വാസ്യതയില്ലാ​ത്ത ബജറ്റെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തിയത്. നികുതി പിരിവിലെ പ്രശ്നങ്ങൾ ഉൾപ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. വരും ദിവസങ്ങളിൽ പൊതുജനങ്ങളിൽ നിന്നും പ്രതിപക്ഷത്ത് നിന്നുമെല്ലാമുള്ള ഇത്തരം വിമർശനങ്ങൾക്ക് കൂടി ധനമന്ത്രി മറുപടി പറയേണ്ടി വരും.

Show Full Article
TAGS:kerala budget 2022 
News Summary - Budget announcing policy change; Cash crisis
Next Story