സ്പേസ് എക്സിനും ടെസ്‌ലക്കും വൻ കുതിപ്പ്; മസ്കിന്റെ ആസ്തി 84 ലക്ഷം കോടി കടന്നു
text_fieldsന്യൂയോർക്: ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഇലോൺ മസ്കിന്റെ ആസ്തി 1 ട്രില്യൺ ഡോളർ(ഏകദേശം 84 ലക്ഷം കോടിയിലധികം ഇന്ത്യൻ രൂപ) കടന്നതായി റിപ്പോർട്ട്. മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ കമ്പനിയായ സ്പേസ് എക്സ്, പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയായ ടെസ്‌ല എന്നിവയുടെ ഓഹരി മൂല്യത്തിലുണ്ടായ വളർച്ചയാണ് ഈ സാമ്പത്തിക നേട്ടത്തിലേക്ക് വീണ്ടുമെത്തിച്ചത്.
ആഗോള സാമ്പത്തിക വിപണിയിലെ പുതിയ ചലനങ്ങൾ വിലയിരുത്തുന്ന ബ്ലൂംബർഗ് ബില്യണേഴ്‌സ് ഇൻഡക്സ് പ്രകാരമാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. മുൻപ് ഓഹരി വിപണിയിലുണ്ടായ നേരിയ ഇടിവിനെത്തുടർന്ന് മസ്കിന്റെ ആസ്തിയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ സ്പേസ് എക്സിന്റെ ഐ.പി.ഒ തരംഗത്തിന് ശേഷമുണ്ടായ വിപണിയിലെ തിരിച്ചുവരവും വാൾസ്ട്രീറ്റിലെ അനുകൂല തരംഗവും സാമ്പത്തിക വളർച്ചക്ക് കാരണമായി. ഒറ്റ ദിവസം കൊണ്ട് കോടിക്കണക്കിന് ഡോളറിന്റെ വർധനവാണ് മസ്കിന്റെ ആസ്തിയിലുണ്ടായത്. കണക്കുകൾ പ്രകാരം മസ്കിന്റെ ആസ്തി 13 അക്ക സംഖ്യയിൽ എത്തുന്നത് കഴിഞ്ഞ മൂന്നു മാസത്തിനിടെ ആദ്യമായാണ്.
നിലവിൽ ലോക സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഇലോൺ മസ്ക് സാങ്കേതികവിദ്യ, ബഹിരാകാശ മേഖലകളിലെ ആധിപത്യം വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. ടെസ്‌ലയുടെ പുതിയ മോഡലുകളുടെ വിപണി പ്രവേശനവും സ്പേസ് എക്സിന്റെ വരാനിരിക്കുന്ന നിർണായക ബഹിരാകാശ ദൗത്യങ്ങളും വരും ദിവസങ്ങളിലും മസ്കിന്റെ ആസ്തി ഇനിയും ഉയർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഗൂഗിൾ, ആപ്പിൾ തുടങ്ങിയ ആഗോള കമ്പനികളുടെ ആകെ മൂല്യത്തോട് കിടപിടിക്കുന്നതാണ് ഇലോൺ മസ്ക് എന്ന വ്യക്തിയുടെ മാത്രം നിലവിലെ ആസ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

