സൊമാറ്റോയും ജീവനക്കാരെ പിരിച്ചുവിടുന്നു; മൂന്ന് ശതമാനം തൊഴിലാളികളെ ഒഴിവാക്കുമെന്ന് കമ്പനി
text_fieldsന്യൂഡൽഹി: ഭക്ഷ്യവിതരണ കമ്പനിയായ സൊമാറ്റോയും ജീവനക്കാരെ പിരിച്ചുവിടുന്നു. മൂന്ന് ശതമാനം തൊഴിലാളികളെയാണ് ഒഴിവാക്കുന്നത്. പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്ന് സൊമാറ്റോ വക്താവ് അറിയിച്ചു.
സൊമാറ്റോക്ക് 3800 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതിൽ 520 പേരെ 2020 മേയിൽ ഒഴിവാക്കിയിരുന്നു. കോവിഡിനെ തുടർന്നായിരുന്നു ജീവനക്കാരെ പിരിച്ചുവിട്ടത്. കമ്പനിയുടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥർ രാജിവെച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള ഒരുക്കവുമായി സൊമാറ്റോ രംഗത്ത് വന്നിരിക്കുന്നത്.
സൊമാറ്റോ സഹസ്ഥാപകൻ മോഹിത് ഗുപ്ത, പുതിയ ഇനിഷേറ്റീവ് തലവൻ രാഹുൽ , മുൻ ഇന്റർസിറ്റി ലെജൻഡ് സർവീസ് തലവ സിദ്ധാർഥ് ജാവർ എന്നിവരാണ് രാജിവെച്ചത്. അതേസമയം, സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ സൊമാറ്റോയുടെ നഷ്ടം കുറഞ്ഞിരുന്നു. 439 കോടിയിൽ നിന്ന് 250 കോടിയായാണ് നഷ്ടം കുറഞ്ഞത്. കമ്പനിയുടെ ഓപ്പറേഷൻസിൽ നിന്നുള്ള വരുമാനം 62.20 ശതമാനം ഉയർന്നിരുന്നു.