മൂന്ന് ബില്യൺ ഡോളർ സ്വരുപിക്കാനൊരുങ്ങി റിലയൻസ്
text_fieldsമുംബൈ: മൂന്ന് ബില്യൺ ഡോളർ സ്വരുപിക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ബോണ്ട് വിൽപനയിലൂടെ പണം സ്വരൂപിക്കാനാണ് പദ്ധതി. വിദേശത്ത് നിന്ന് ഏറ്റവും കൂടുതൽ തുക സ്വരൂപിക്കാനാണ് റിലയൻസ് ഒരുങ്ങുന്നത്.
നിലവിലുള്ള ബോണ്ടുകളേയും ലോണുകളേയും പുതുക്കുന്നതിനായാണ് റിലയൻസിന്‍റെ നടപടിയെന്നാണ് സൂചന. എട്ട് മുതൽ 10 വർഷം വരെ കാലാവധിയുള്ള റിലയൻസ് ബോണ്ടുകളുടെ കാലാവധി ഈ വർഷം അവസാനിക്കും. പല വായ്പകളുടേയും കാലാവധി അടുത്ത നാല് മാസത്തിനുള്ളിലും കഴിയും. ഇതോടെയാണ് വീണ്ടും പണം സ്വരൂപിക്കാനുള്ള നടപടികൾക്ക് റിലയൻസ് തുടക്കം കുറിക്കുന്നത്.
10 മുതൽ 30 വർഷം കാലയളവിലായിരിക്കും റിലയൻസ് ബോണ്ടുകൾ വാങ്ങുക. ശനിയാഴ്ച ചേരുന്ന റിലയൻസിന്‍റെ ബോർഡ് യോഗം ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കും. നിക്ഷേപകർ താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ മൂന്ന് മില്യൺ ഡോളർ വരെ റിലയൻസ് സ്വരൂപിച്ചേക്കും. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് റിലയൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.