വോഡഫോണിന് അനുകൂലമായ വിധി ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: വോഡഫോണിന് അനുകൂലമായ അന്തരാഷ്ട്ര തർക്കപരിഹാര കോടതി വിധി ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ. വിധിക്കെതിരായി ഡിസംബർ 21അപ്പീൽ സമർപ്പിച്ചുവെന്നാണ് റിപ്പോർട്ട്. മുതിർന്ന കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ ആദായ നികുതി വകുപ്പുമായുള്ള വർഷങ്ങൾ നീണ്ടുനിന്ന വോഡഫോണുമായുള്ള കേസാണ് തീർപ്പാക്കിയത്. 22,000 കോടി നികുതിയിനത്തിൽ വോഡഫോൺ നൽകാനുണ്ടെന്നായിരുന്നു ആദായ നികുതി വകുപ്പ് വ്യക്തമാക്കിയത്. ഇതിനെതിരെ അപ്പീൽ നൽകാൻ മൂന്ന് മാസത്തെ സമയമാണ് കോടതി ഇന്ത്യക്ക് അനുവദിച്ചത്.
2012 ഫിനാൻസ് ആക്ടിലെ ഭേദഗതിയെ തുടർന്നാണ് വോഡഫോണിനോട് നികുതിയടക്കാൻ കേന്ദ്രം നിർദേശിച്ചത്. പലിശയും പിഴയും അടക്കണമെന്നും നികുതി വകുപ്പ് ആവശ്യപ്പെട്ടു. വോഡഫോണിന് അനുകൂലമായ സുപ്രീംകോടതി കോടതി വിധിയെ തുടർന്നായിരുന്നു നിയമം ഭേദഗതി ചെയ്തത്. വോഡഫോൺ എസ്സാറിന്റെ 67 ശതമാനം ഓഹരികൾ വാങ്ങിയതിന് നികുതി നൽകണമെന്നായിരുന്നു സർക്കാറിന്റെ ആവശ്യം.

