അനിൽ അംബാനിക്ക് ആശ്വാസം; പാപ്പരത്ത നടപടികൾ റദ്ദാക്കി
text_fieldsന്യൂഡൽഹി: വ്യവസായ ഭീമൻ അനിൽ അംബാനിക്ക് ആശ്വാസം നൽകുന്ന നടപടിയുമായി കമ്പനി നിയമട്രിബ്യൂണൽ. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്രാസ്ട്രെക്ചറിന്റെ പാപ്പരത്ത നടപടികൾ കമ്പനിനിയമ ട്രിബ്യൂണൽ അപ്പലേറ്റ് അതോറിറ്റി സ്റ്റേ ചെയ്തു. 920 കോടിയുടെ വായ്പയിൽ 88 കോടി തിരിച്ചടച്ചില്ലെന്ന് കാണിച്ചായിരുന്നു അനിൽ അംബാനിക്കെതിരെ കേസ് വന്നത്.
അനിൽ അംബാനിയുടെ ഉടമസ്ഥതയിലുളള റിലയൻസ് ഇൻഫ്രാസ്ടെക്ചറിനെതിരെ പാപ്പരത്ത നടപടികൾ സ്വീകരിക്കാൻ മുംബൈയിലെ കമ്പനി നിയമ ട്രിബ്യൂണൽ അനുമതി നൽകിയിരുന്നു. ഇതിനെതിരെ അപ്പലേറ്റ് അതോറിറ്റിയെ അനിൽ അംബാനി സമീപിക്കുകയായിരുന്നു.
അപ്പലേറ്റ് അതോറിറ്റിയിൽ നൽകിയ ഹരജിയിൽ 92 കോടി രൂപ തിരിച്ചടച്ചിട്ടുണ്ടെന്ന് അനിൽ അംബാനി വാദിച്ചു.
ഈ വാദം പരിഗണിച്ച് താൽക്കാലികമായാണ് നടപടികൾക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ഐ.ഡി.ബി.ഐ ട്രസ്റ്റീഷിപ്പ് സമർപ്പിച്ച പരാതിയെ തുടർന്നാണ് ദേശീയ കമ്പനി നിയമട്രിബ്യൂണൽ ഉത്തരവിട്ടത്. ഊർജ വിതരണ കരാർ പ്രകാരം ദുർസർ സോളർ പവർ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു (ഡി.എസ്.പി.എ.എൽ) റിലയൻസ് ഇൻഫ്രാസ്ട്രക്ചർ തുക വീട്ടേണ്ടിയിരുന്നത്. ഡിഎസ്പിപിഎലിന്റെ സെക്യൂരിറ്റി ട്രസ്റ്റീയെന്ന നിലയിലാണ് ഐഡിബിഐ ട്രസ്റ്റീഷിപ്പ് എൻസിഎൽടിയെ സമീപിച്ചത്.
അതേസമയം, സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദത്തിൽ റിലയൻസ് പവറിന് 44.68 കോടിയുടെ ലാഭമുണ്ടായി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ 98.16 കോടിയുടെ നഷ്ടമാണുണ്ടായത്. എന്നാൽ, കമ്പനിയുടെ ആകെ വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്. 5.35 ശതമാനം ഇടിവോടെ 1885 കോടിയായാണ് വരുമാനം കുറഞ്ഞത്. 584 കോടിയാണ് കമ്പനിയുടെ കടബാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

