അദാനിയുടെ നഷ്ടം 88,000 കോടി, അംബാനിയുടേത് 28,000 കോടി; ഓഹരി തകർച്ചയിൽ വീണ് ഇന്ത്യയിലെ ശതകോടീശ്വരൻമാർ
text_fieldsമുംബൈ: ഇന്ത്യയിലെ ശതകോടീശ്വരൻമാർക്ക് ഓഹരി വിപണിയുടെ തകർച്ച മൂലമുണ്ടായത് വൻ നഷ്ടം. മുകേഷ് അംബാനി, ഗൗതം അദാനി, ശിവ് നാടാർ, അസീം പ്രേംജി, ഷാപൂർ മിസ്ത്രി എന്നിവർക്കാണ് വലിയ നഷ്ടമുണ്ടായത്. ഏകദേശം 34 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഏഴ് പ്രമുഖ വ്യവസായികൾക്ക് ഓഹരി വിപണിയുടെ തകർച്ച മൂലം ഉണ്ടായത്.
ബ്ലുംബർഗിന്റെ ബില്ല്യണയർ ഇൻഡക്സ് പ്രകാരം 300 ബില്യൺ ഡോളറിന്റെ ഈ വ്യവസായികളുടെ ആകെ ആസ്തി. കൂട്ടത്തിൽ ഗൗതം അദാനിക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്.
ഈ വർഷം മാത്രം 10.1 ബില്യൺ ഡോളറാണ് അദാനിയുടെ നഷ്ടം. ഇതോടെ അദാനിയുടെ ആകെ ആസ്തി 68.8 ബില്യൺ ഡോളറായി ഇടിഞ്ഞു. അദാനി എന്റർപ്രൈസസിന് മാത്രം 12 ശതമാനം ഇടിവാണ് ഈ വർഷം ഉണ്ടായത്. അദാനി ഗ്രീൻ എനർജി 22 ശതമാനം, അദാനി ടോട്ടൽ ഗ്യാസ് 21.26, അദാനി എനർജി സൊലുഷൻസ്, അദാനി പോർട്സ് എന്നീ കമ്പനികൾ ആറ് ശതമാനവും രണ്ട് ശതമാനവും ഇടിഞ്ഞു.
മുകേഷ് അംബാനിയുടെ ആസ്തിയിൽ 3.13 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. എങ്കിലും 87.5 ബില്യൺ ഡോളർ ആസ്തിയോടെ മുകേഷ് അംബാനി തന്നെയാണ് ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാമത്. അതേസമയം, ഈ വർഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില 2.54 ശതമാനം ഉയർന്നു. ജിയോ ഫിനാൻഷ്യൽ സർവീസ് 28.7 ശതമാനമാണ് ഇടിഞ്ഞത്.
എച്ച്.സി.എൽ ടെക്നോളജീസിന്റെ ശിവ്നാടാറിന്റെ ആസ്തിയിൽ 7.13 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. 36 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. വിപ്രോയുടെ അസീം പ്രേംജി ആസ്തിയിൽ 2.70 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. 28.2 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി.
പാലോൻജി ഗ്രൂപ്പിന്റെ സ്ഥാപകനായ ഷാപൂർ മിസ്ത്രിയുടെ ആസ്തിയിൽ 4.52 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. 34.1 ബില്യൺ ഡോളറായാണ് അദ്ദേഹത്തിന്റെ ആസ്തി ഇടിഞ്ഞത്. സൺ ഫാർമസ്യൂട്ടിക്കൽസിന്റെ ദിലീപ് സാങ്‍വിയുടെ ആസ്തിയിൽ 4.21 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. 25.3 ബില്യൺ ഡോളറായാണ് ആസ്തി ഇടിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.