ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവിയും നഷ്ടപ്പെട്ട് അദാനി
text_fieldsവിപണിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ വൻ തിരിച്ചടി നേരിട്ടതോടെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന പദവി നഷ്ടമായി ഗൗതം അദാനി. ഫോർബ്സിന്‍റെ ഇന്നത്തെ പട്ടിക പ്രകാരം അദാനി 13ാം സ്ഥാനത്താണ്. ഒമ്പതാം സ്ഥാനത്തുള്ള റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് നിലവിൽ ഏഷ്യയിലെ വലിയ സമ്പന്നൻ.
മുകേഷ് അംബാനിക്ക് 83.8 ബില്യൺ യു.എസ് ഡോളറിന്‍റെ ആസ്തിയും, ഗൗതം അദാനിക്ക് 80.3 ബില്യൺ യു.എസ് ഡോളറിന്‍റെ ആസ്തിയുമാണുള്ളത്. കഴിഞ്ഞ ദിവസം ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തിൽ നിന്നും അദാനി പുറത്തായിരുന്നു.
ബുധനാഴ്ച കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ വൻ ഇടിവാണ് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരികൾക്ക് നേരിട്ടത്. 10 കമ്പനികളുടെ ഓഹരികളും കനത്ത വീഴ്ചയിലാണ്.
ഹിൻഡൻബർഗ് ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടർന്നാണ് അദാനി ഓഹരിവിപണിയിൽ തിരിച്ചടി നേരിട്ടത്. ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിൽ അദാനിക്കെതിരെ ഉന്നയിച്ചത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി വില വൻതോതിൽ ഇടിയാൻ തുടങ്ങിയത്.