പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഐ.ബി.എമ്മും; 3900 ജീവനക്കാരെ പിരിച്ചുവിടും
text_fieldsന്യൂയോർക്ക്: ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ച് ഐ.ബി.എമ്മും. 3900 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ലക്ഷ്യമിട്ട വരുമാനം കണ്ടെത്താനാകാതെ വരികയും ചില സ്വത്തുവകകൾ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സ്ഥാപനം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നത്.
പിരിച്ചു വിടൽ ജനുവരി-മാർച്ച് കാലയളവിൽ 300 ദശലക്ഷം ഡോളർ ചെലവുണ്ടാക്കുമെന്ന് ഐ.ബി.എം പറഞ്ഞു. കമ്പനിയിൽ തൊഴിലാളികളെ പിരിച്ചുവിടുമെന്ന വാർത്ത ഒാഹരി വിപണിയിൽ കമ്പനിക്ക് രണ്ട് ശതമാനം നഷ്ടമുണ്ടാക്കി.
കമ്പനിയുടെ തൊഴിലാളികളിൽ 1.5 ശതമാനം പേരെ മാത്രമാണ് പിരിച്ചുവിട്ടത്. എന്നാൽ പിരിച്ചുവിടുന്നതിന്റെ എണ്ണം വിപണിയെ നിരാശരാക്കിയെന്നാണ് കരുതുന്നതെന്ന് ഇൻവെസ്റ്റിങ്. കോമിലെ സീനിയർ അനലിസ്റ്റ് ജെസ്സി കോഹൻ പറഞ്ഞു. നിക്ഷേപകർ കൂടുതൽ ചെലവ് ചുരുക്കൽ നടപടികൾ പ്രതീക്ഷിച്ചിരുന്നു.
ബിഗ് ടെക് മുതൽ വാൾ സ്ട്രീറ്റ് ബാങ്കിങ് ഭീമൻമാർ വരെയുള്ള യു.എസ് കമ്പനികൾ ആഗോള സാമ്പത്തിക മാന്ദ്യത്തെ മികച്ച രീതിയിൽ നേരിടാൻ വൻ തോതിൽ ചെലവ് കുറക്കുന്നു. ആ സമയം ഐ.ബി.എമ്മിന്റെ ചെലവ് ചുരുക്കൽ വേണ്ട വിധത്തിലായില്ലെന്നാണ് വിദഗ്ധാഭിപ്രായം.
2022ൽ 10 ബില്യൺ ഡോളർ ലക്ഷ്യമിട്ടിടത്ത് 9.3 ബില്യൺ ഡോളർ മാത്രമേ വരുമാനമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചുള്ളു. ഈ വർഷവും ദുർബലാവസ്ഥയിൽ തന്നെയായിരിക്കും സാമ്പത്തികം. മഹാമാരി മൂലം സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നതിനാൽ ഉപഭോക്താക്കൾ ചെലവ് ചുരുക്കുന്നതും കമ്പനിയെ ബാധിക്കും.
നാലാം പാദത്തിൽ ഐ.ബി.എമ്മിന്റെ സോഫ്‌റ്റ്‌വെയർ, കൺസൾട്ടിംഗ് ബിസിനസ്സ് വളർച്ച മന്ദഗതിയിലായി. എന്നാൽ വിവിധ കമ്പനികളുമായി സേവനങ്ങൾ ഒരുക്കുന്നതിനും മറ്റും കരാർ ഒപ്പിടുകയും ഹൈബ്രിഡ് ക്ലൗഡ് വരുമാനം രണ്ട് ശതമാനത്തോളം വർധിക്കുകയും ചെയ്തിട്ടുണ്ട്. വിശകലന വിദഗ്ധരുടെ കണക്കുകൾ പ്രകാരം 2022-ൽഐ.ബി.എം 5.5 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.