വാണിജ്യ നിയമഭേദഗതി; പ്രവാസികൾക്ക് ഏറെ ഗുണകരമാകും
text_fields1987 ലെ വാണിജ്യ നിയമത്തിൽ ചില ഭേദഗതികളും വ്യവസ്ഥകളും കൂട്ടിച്ചേർത്തിരുന്നു. പുതിയ നിയമത്തിലെ സുപ്രധാന ഭേദഗതികളും വ്യവസ്ഥകളും ജോയന്റ് ബാങ്ക് അക്കൗണ്ട് പ്രവർത്തനങ്ങളെയും ചെക്ക് ഇടപാടുകളെയും മെച്ചപ്പെടുത്തുമെന്നതാണ് വസ്തുത. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഭേദഗതി ജോയന്റ് അക്കൗണ്ട് ഉടമകളിൽ ഒരാളുടെ മരണമോ നിയമപരമായ കഴിവില്ലായ്മയോ ഉണ്ടായാൽ ജീവിച്ചിരിക്കുന്നവരോ, നിയമപരമായി കഴിവുള്ളവരോ ആയ അക്കൗണ്ട് ഉടമകൾക്ക് ജോയന്റ് അക്കൗണ്ട് തുടർന്ന് പ്രവർത്തിപ്പിക്കാൻ സാധിക്കും എന്നതാണ്. മരണമോ, കഴിവില്ലായ്മയോ സംഭവിച്ച തീയതി മുതൽ 10 ദിവസത്തിനുള്ളിൽ ബാങ്കിനെ വിവരമറിയിക്കണമെന്നാണ് വ്യവസ്ഥ.
ഇങ്ങനെ അറിയിച്ചാൽ ആ തീയതി മുതൽ മരണപ്പെട്ടയാളുടെയോ കഴിവില്ലാത്ത വ്യക്തിയുടെയോ വിഹിതം മാത്രമേ മരവിപ്പിക്കൂ. ഒരു പിൻഗാമിയെ നിയമപരമായി നിയമിക്കുന്നതു വരെ ജോയന്റ് അക്കൗണ്ട് മുഴുവനായും മരവിപ്പിക്കുന്ന രീതിയായിരുന്നു നേരത്തേ, എന്നാൽ നിലവിൽ ഈ ഭേദഗതി അതിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കയാണ്.
തീർത്തും ഗുണകരമായ ഒരു ഭേദഗതിയാണിത്. പ്രത്യേകിച്ച് പ്രവാസികൾക്ക്. പരിഷ്കരിച്ച സംവിധാനം സുഗമമായ ബിസിനസ് പ്രവർത്തനങ്ങൾ നടത്താൻ സഹായിക്കുന്നതിനൊപ്പം സാമ്പത്തിക തടസ്സങ്ങളുടെ സാധ്യതയും കുറക്കുന്നു. ഒരു പിൻഗാമിയെ നിയമിക്കുന്നതിനു മുമ്പുള്ള ഇടക്കാല കാലയളവിൽ ഉണ്ടായേക്കാവുന്ന നിയമപരമായ സങ്കീർണതകൾ ലഘൂകരിക്കും. വിദേശി കുടുംബങ്ങുടെ ജോയന്റ് അക്കൗണ്ട് വഴി പ്രവർത്തനങ്ങൾ സാധിക്കുന്നതു വഴി ഇതുവരെ ഉണ്ടായിരുന്ന പ്രയാസങ്ങളും ഇല്ലാതെയാകും. അവശ്യകാരണങ്ങൾക്ക് പണം എടുക്കാൻ സാധിക്കും.
ചെക്ക് ഇടപാടുകളിലെ പരിഷ്കാരങ്ങൾ
1- ചെക്കുകളുടെ ഭാഗിക പേമെന്റ് നടത്താൻ ഇപ്പോൾ സാധിക്കും. ഇതിനുള്ള നിബന്ധനകൾ സെൻട്രൽ ബാങ്ക് പുറപ്പെടുവിക്കും.
2- ചെക്കുകൾ സർട്ടിഫൈ ചെയ്യാൻ സാധിക്കും. അതിനുള്ള പൈസ ബാങ്കിൽ ഉണ്ടെങ്കിൽ
3- പണമില്ലാതെ തിരികെ വരുന്ന ചെക്കുകൾ ഇനിയും എക്സിക്യുട്ടിവ് കോടതി മുഖേന എൻഫോഴ്സ് ചെയ്യാൻ സാധിക്കും. സാധാരണ കോടതിയിൽ പോയി ജഡ്ജ്മെന്റ് ലഭിക്കേണ്ട ആവശ്യമില്ല.
4- ബാങ്ക് ചെക്കുകൾ ഗാരന്റി നൽകുന്നത് തടയാൻവേണ്ടി കനത്തശിക്ഷ നടപടികൾ വ്യവസ്ഥ ചെയ്യുന്നു.
ഇപ്പോൾ വരുത്തിയ ഭേദഗതികളും പുതിയ വ്യവസ്ഥകളും പ്രവാസികളടക്കമുള്ളവർക്ക് ഏറെ ഗുണകരമാണ്. സാമ്പത്തിക തുടർച്ചയും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ബാങ്കിങ് രീതികളിൽ വിശ്വാസം വർധിപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

