പണ നീക്കം പുറംകരാർ: എസ്.ബി.െഎ തൽക്കാലം പിന്മാറി
text_fieldsതൃശൂർ: തങ്ങളുടെ കറൻസി അഡ്മിനിസ്ട്രേറ്റീവ് സെല്ലുകളിൽനിന്ന് ശാഖകളിലേക്കും തിരിച്ച് സെല്ലുകളിലേക്കും പണം കൊണ്ടുപോകുന്ന ജോലി സ്വകാര്യസ്ഥാപനത്തിന് നൽകിയ നടപടിയിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ താൽക്കാലികമായി പിന്മാറി.
കേരളത്തിൽ ഇത് തൽക്കാലം നടപ്പാക്കില്ലെന്ന് പുറംകരാറിനെതിരെ എതിർപ്പുയർത്തിയ എസ്.ബി.ഐ സ്റ്റാഫ് യൂനിയൻ ഭാരവാഹികളെ ബാങ്കിെൻറ കേരള സർക്കിൾ അധികാരികൾ അറിയിച്ചു. എന്നാൽ, പുറംകരാറിനെതിരെ കരുതൽ തുടരാനാണ് യൂനിയെൻറ തീരുമാനം.
കേരളത്തിന് പുറത്ത് ചില മെട്രോ നഗരങ്ങളിൽ നടപ്പാക്കിയ പുറംകരാർ സംസ്ഥാനത്ത് ആദ്യമായി കഴിഞ്ഞ ശനിയാഴ്ച തൃശൂരിലാണ് നടപ്പാക്കാൻ ശ്രമമുണ്ടായത്.
സ്റ്റാഫ് യൂനിയെൻറ എതിർപ്പിനെത്തുടർന്ന് പുറംകരാർ കമ്പനിയായ മുദ്രാക്ഷി ഹൈടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പിൻമാറി. തിങ്കളാഴ്ച അവർ വീണ്ടും വരുമെന്ന കരുതലിലാണ് ജീവനക്കാർ. അതിനിടക്കാണ്, നടപടി തൽക്കാലം നിർത്തുന്നതായി ബാങ്ക് വാക്കാൽ അറിയിച്ചിരിക്കുന്നത്.
അതിനിടെ, പുറംകരാർ നടപ്പാക്കുന്നത് സംബന്ധിച്ച തർക്കം കേരള ഹൈകോടതിയുടെ മുന്നിലാണെന്നും അതിൽ തീരുമാനം വരുന്നതുവരെ നടപ്പാക്കരുതെന്നും കാണിച്ച് യൂനിയെൻറ അഭിഭാഷകൻ ബാങ്ക് മാനേജ്മെൻറിന് കത്തയച്ചു. യൂനിയൻ നൽകിയ ഹർജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കുന്നുണ്ട്.