ന്യൂഡൽഹി: ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിൽ കൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ് ഒന്നാം നമ്പർ പദവി തിരിച്ചുപിടിച്ചു. നടപ്പു സാമ്പത്തിക വർഷം ഒന്നാം പാദത്തിൽ മൊത്തം വിൽപനയുടെ 29 ശതമാനം പിടിച്ചാണ് ഒന്നാമതുണ്ടായിരുന്ന ചൈനീസ് കമ്പനി ഷിവോമിയെ പിന്തള്ളിയത്. വർഷങ്ങളായി അജയ്യരായി തുടർന്ന സാംസങ്ങിനെ കഴിഞ്ഞ സാമ്പത്തിക വർഷം ഒക്ടോബർ- ഡിസംബർ പാദത്തിലാണ് ഒാൺലൈൻ വ്യാപാരത്തിൽ ശ്രദ്ധയൂന്നുന്ന ഷിവോമി പിന്തള്ളിയത്.
സാംസങ് ഒന്നാമതാണെങ്കിലും 28 ശതമാനം വിപണി പങ്കാളിത്തവുമായി ഷിേവാമി തൊട്ടുപിറകിലുണ്ട്. വ്യത്യസ്ത വിലകളിലായി നിരവധി മോഡലുകൾ ഇറക്കിയതും ഇതിൽ ജെ പരമ്പരയിലെ മോഡലുകൾ വൻജനപ്രീതി നേടിയതുമാണ് സാംസങ്ങിനെ തുണച്ചത്. എന്നാൽ, സാമ്പത്തിക വർഷത്തിെൻറ രണ്ടാം പാദത്തിൽ റെക്കോഡ് വിൽപനയുമായി ഷിവോമി വീണ്ടും ഒന്നാം നമ്പർ പദവി തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമത്തിലാണ്.
12 ശതമാനം വിൽപനയുമായി വിവോ മൂന്നാമതുണ്ട്. ഒാപോ 10 ശതമാനം, ഹോണർ മൂന്നു ശതമാനം എന്നിവയാണ് പിറകിലുള്ള കമ്പനികൾ. 30,000 രൂപക്ക് മുകളിലുള്ള പ്രീമിയം മോഡൽ വിഭാഗത്തിൽ മറ്റൊരു ചൈനീസ് കമ്പനി ‘വൺ പ്ലസി’നാണ് മേൽക്കൈ. വിതരണ സംവിധാനത്തിൽ അടുത്തിടെ അഴിച്ചുപണി നടത്തിയ ആഗോള ഭീമൻമാരായ ആപ്പിളിന് വിപണി പങ്കാളിത്തം ഒരു ശതമാനം മാത്രമാണ്. ഫീച്ചർ ഫോൺ വിഭാഗത്തിൽ റിലയൻസിനാണ് (47 ശതമാനം) മേൽക്കൈ. സാംസങ് (ഒമ്പതു ശതമാനം), നോകിയ (എട്ട് ശതമാനം), ലാവ (അഞ്ച് ശതമാനം) എന്നിവ പിറകിലുണ്ട്.