29 ഉൽപന്നങ്ങൾക്ക്​ അധിക തീരുവ; ഇന്ത്യ-യു.എസ്​ വ്യാപാര ബന്ധം കൂടുതൽ വഷളാകുന്നു

12:42 PM
15/06/2019

ന്യൂഡൽഹി: 29 അമേരിക്കൻ ഉൽപന്നങ്ങൾക്ക്​ അധിക തീരുവ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ വഷളാകുന്നു. ഇന്ത്യൻ അലുമിനിയത്തിനും സ്​റ്റീലിനും നികുതി വർധിപ്പിക്കാനുള്ള  അമേരിക്കൻ തീരുമാനത്തിന്​ മറുപടിയായാണ്​ പുതിയ നീക്കം. ഇന്ത്യക്കുണ്ടായിരുന്ന വ്യവസായ സൗഹൃദ രാജ്യ പദവി അമേരിക്ക എടുത്തു കളഞ്ഞതും പ്രശ്​നങ്ങൾ വഷളാക്കി.

ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കമ്മി 21.3 ബില്യൺ ഡോളറായി 2018ൽ വർധിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറേ മാസങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ പുരോഗതിയുണ്ടായിരുന്നു. പുതിയ സംഭവ വികാസങ്ങളുടെ പശ്​ചാത്തലത്തിൽ ഇരു രാജ്യങ്ങളിലും കുറയനാണ്​ സാധ്യത​. 

പ്രധാനമായും മൂന്ന്​ കാര്യങ്ങളിലാണ്​ ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രശ്​നം നില നിൽക്കുന്നത്​. പാവപ്പെട്ട രോഗികൾക്ക്​ ഗുണകരമാകുന്ന രീതിയിൽ മെഡിക്കൽ ഉൽപന്നങ്ങളുടെ വില ഇന്ത്യ നിയന്ത്രിച്ചിരുന്നു. ഇന്ത്യയിലേക്ക്​ മെഡിക്കൽ ഉൽപന്നങ്ങൾ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്​ അമേരിക്കയിൽ നിന്നാണ്​. ഇ​-കോമേഴ്​സ്​ വിപണിയിലാണ്​ രണ്ടാമ​ത്തെ പ്രശ്​നം നില നിൽക്കുന്നത്​. ആമസോൺ, വാൾമാർട്ട്​ പോലുള്ള അമേരിക്കൻ കമ്പനികൾ ഇന്ത്യൻ ഇ-കോമേഴ്​സ്​ മേഖലയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്​. ഇ-കോമേഴ്​സ്​ മേഖലയിൽ  കർശന നിയന്ത്രണം കേന്ദ്രസർക്കാർ കൊണ്ടു വന്നത്​ ആമസോൺ, വാൾമാർട്ട്​ പോലുള്ള കമ്പനികൾക്ക്​ അതൃപ്​തിയുണ്ടാക്കിയതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

ഡാറ്റയുടെ പ്ര​ാദേശികവൽക്കരണമാണ്​ ഇരു രാജ്യങ്ങൾക്കുമിടയിൽ നില നിൽക്കുന്ന മൂന്നാമത്തെ പ്രധാന പ്രശ്​നം. അമേരിക്കൻ പേയ്​മ​​െൻറ്​ കമ്പനികൾ അവരുടെ ഇന്ത്യയിലെ ഉപയോക്​താക്കളുടെ വിവരങ്ങൾ പുറത്തേക്ക്​ കൊണ്ട്​ പോകരുതെന്നും ഇവിടത്തെ സെർവറുകളിൽ തന്നെ സൂക്ഷിക്കണമെന്നും ആർ.ബി.ഐ കർശന നിർദേശം നൽകിയിരുന്നു. ഗൂഗിൾ ഉൾപ്പടെയുള്ള പല കമ്പനികൾക്കും ഈ നിർദേശത്തോട്​ യോജിപ്പുണ്ടായിരുന്നില്ല. ഈ പ്രശ്​നങ്ങളുടെ ഫലമായാണ്​ ഇന്ത്യയുടെ വ്യവസായ സൗഹൃദ രാജ്യ പദവിയും ട്രംപ്​ എടുത്ത്​ കളഞ്ഞത്​. 

Loading...
COMMENTS