പ്രതിഷേധങ്ങൾക്കിടെ വീണ്ടും ഇന്ധനവില വർധിച്ചു
text_fieldsതിരുവനന്തപുരം: പ്രതിഷേധങ്ങൾ ശക്തമാവുന്നതിനിടെ രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 40 പൈസയും ഡീസലിന് 46 പൈസയുമാണ് കേരളത്തിൽ വർധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 83.70 രൂപയും ഡീസലിന് 77.64 രൂപയുമാണ് വില.
ബുധനാഴ്ച എക്സൈസ് തീരുവ കുറച്ച് പെട്രോൾ-ഡീസൽ വില വർധനവിനെ തടയില്ലെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ വില ഉയരുന്നതാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നതെന്നാണ് അരുൺ ജെയ്റ്റ്ലിയുടെ പക്ഷം.
നിലവിൽ 19.48 രൂപ പെട്രോളിനും 15.33 രൂപ ഡീസലിനും നികുതിയായി ചുമത്തുന്നുണ്ട്. ഇതിന് പുറമേ സംസ്ഥാനങ്ങൾ വാറ്റ് നികുതിയും ഇന്ധന വിൽപനക്ക് മേൽ ഇൗടാക്കുന്നുണ്ട്. ഇത് കുറക്കുന്നത് വഴി ഇന്ധനവില വർധനവ് ഒരു പരിധിവരെ പിടിച്ച് നിർത്താൻ കഴിയുമെന്നാണ് മുൻ ധനമന്ത്രി പി.ചിദംബരം അഭിപ്രായപ്പെടുന്നത്.
