ഇന്ധന വില വീണ്ടും കൂടി

22:08 PM
18/09/2019
Oil

കൊച്ചി: സംസ്​ഥാനത്ത്​ ഇന്ധനവിലക്കയറ്റം തുടരുന്നു. ഇടവേളക്കുശേഷം നേരിയ തോതിൽ വർധിച്ചുതുടങ്ങിയ വില ​ഇപ്പോൾ ഗണ്യമായി ഉയരുകയാണ്​. പെ​​ട്രോളിനും ഡീസലിനും രണ്ടുമാസത്തിനിടയിലെ ഏറ്റവും വലിയ വില വർധനവാണ്​ ബുധനാഴ്​ച രേഖപ്പെടുത്തിയത്​. വരുംദിവസങ്ങളിലും വിലക്കയറ്റം തുടരുമെന്നാണ്​ സൂചന.

ബുധനാഴ്​ച പെട്രോൾ ലിറ്ററിന്​ 26 പൈസയും ഡീസലിന്​ 25 പൈസയും വർധിച്ചു. ചൊവ്വാഴ്​ച​ത്തെ വർധനവ്​ യഥാക്രമം 14 പൈസയും 16 പൈസയുമായിരുന്നു. തിരുവനന്തപുരത്ത്​ ബുധനാഴ്​ച പെ​ട്രോളിന്​ 75.81 രൂപയും ഡീസലിന്​ 70.85 രൂപയുമാണ്​ വില. കൊച്ചിയിൽ യഥാക്രമം 74.49, 69.51 എന്നിങ്ങനെയും കോഴിക്കോട്​ 74.82, 69.84 എന്നിങ്ങനെയും. ജൂലൈ അഞ്ചിന്​ അവതരിപ്പിച്ച കേന്ദ്രബജറ്റിൽ ഇന്ധനത്തിന്മേലുള്ള എക്​സൈസ്​ നികുതി വർധിപ്പിച്ചതിനെത്തുടർന്ന്​ ലിറ്ററിന്​ 2.50 രൂപ കൂടിയ ശേഷം ഒറ്റദിവസംകൊണ്ട്​ ഇന്ധനവില ഇത്രയും ഉയരുന്നത്​​ ആദ്യമാണ്​.  

എണ്ണ ശുദ്ധീകരണ ശാലകൾക്ക്​​ നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെതുടർന്ന്​ സൗദി അറേബ്യയുടെ എണ്ണ ഉൽപാദനം കുറഞ്ഞതും തുടർന്ന്​ അന്താരാഷ്​ട്ര വിപണിയിൽ അസംസ്​കൃത എണ്ണവില ഉയർന്നതുമാണ്​ ഇന്ധനവില കൂടാൻ കാരണമായത്​. എന്നാൽ, സൗദിയിലെ സംഭവവികാസങ്ങൾ ഇന്ത്യക്കുള്ള എണ്ണലഭ്യതയെ കാര്യമായി ബാധിക്കില്ലെന്നാണ്​ കേന്ദ്രസർക്കാർ നിലപാട്​. 
 

Loading...
COMMENTS