സംസ്ഥാനത്തും നീരവ് മോദി മോഡൽ തട്ടിപ്പ്
text_fieldsകൊല്ലം: നീരവ് മോദി മോഡൽ വായ്പ തട്ടിപ്പ് ഹാരിസൺസ് മലയാളം കമ്പനി സംസ്ഥാനത്ത് നടത്തിയതിെൻറ തെളിവുകൾ പുറത്ത്. എസ്.ബി.െഎ അടക്കം നാലു പ്രമുഖ ബാങ്കുകളാണ് തട്ടിപ്പിന് കൂട്ടുനിന്നത്. മതിയായ രേഖകളൊന്നുമില്ലാതെ ഹാരിസൺസിന് ബാങ്കുകൾ നൽകിയത് 110 കോടിയിലേറെ രൂപയുടെ വായ്പയാണ്. ഹാരിസൺസിെൻറ വാർഷിക റിപ്പോർട്ടിൽ ഇതിെൻറ തെളിവുകൾ കമ്പനി തന്നെ നിരത്തുന്നു. കേരളത്തിൽ സ്വന്തം പേരിൽ ഭൂമിയില്ലെന്നാണ് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നത്. എന്നിട്ടും ഹാരിസൺസിേൻറതെന്ന നിലയിൽ ഭൂമി ഇൗടായി സ്വീകരിച്ച് ബാങ്കുകൾ വായ്പ അനുവദിച്ചിട്ടുമുണ്ട്. എസ്.ബി.െഎ, െഎ.സി.െഎ.സി.െഎ, െഎ.ഡി.ബി.െഎ, എച്ച്.ഡി.എഫ്.സി എന്നീ ബാങ്കുകളുടെ കൊച്ചിയിലെ ശാഖകളാണ് ഹാരിസൺസിന് കോടികൾ വായ്പയായി അനുവദിച്ചത്. ഏത് ബാങ്കിൽനിന്ന് എത്ര രൂപ എന്ന് തരംതിരിച്ച് കമ്പനിയുടെ വാർഷിക റിപ്പോർട്ടിൽ കാണിച്ചിട്ടില്ല. ഹാരിസൺസിെൻറ ആധാരങ്ങൾ മുഴുവൻ വ്യാജമാണെന്ന വിജിലൻസ് റിപ്പോർട്ട് 2012ൽ പുറത്തുവന്നിരുന്നു. എന്നിട്ടും അതേ ആധാരങ്ങൾ ഇൗടായി സ്വീകരിച്ച് ബാങ്കുകൾ കമ്പനിക്ക് അനുവദിച്ചത് കോടികളുടെ വായ്പയാണ്.
പത്തനംതിട്ടയിലെ ചെങ്ങറ സമരഭൂമി ഉൾപ്പെടുന്ന കുമ്പഴ എസ്റ്റേറ്റ് പണയപ്പെടുത്തിയിട്ടുണ്ട്. ചെങ്ങറ തർക്കഭൂമിയായിട്ടും അതിെൻറ ഈടിന്മേൽ 2011ൽ 60 കോടി വായ്പ അനുവദിച്ചിരുന്നു. 2012ലെ വിജിലൻസ് റിപ്പോർട്ട് വകെവക്കാതെ 2014ൽ ഇൗ വായ്പ പുതുക്കി നൽകി. വയനാട്ടിലെ മേയ്ഫീൽഡ് എസ്റ്റേറ്റ് പണയപ്പെടുത്തി 2012-13ൽ 11.73 കോടി വായ്പയെടുത്തു. അതിൽ 7.70 കോടി ഇനിയും തിരിച്ചടക്കാനുണ്ട്. 2013-14ൽ വീണ്ടും കുമ്പഴ എസ്റ്റേറ്റ് പണയപ്പെടുത്തി 40 കോടി വായ്പയെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. ആധാരങ്ങൾ തട്ടിപ്പാണെന്നും വായ്പകൾ അനുവദിക്കരുതെന്നും കാണിച്ച് റവന്യൂ സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യം ബാങ്കുകൾക്ക് അറിയിപ്പ് നൽകിയിരുന്നു. വിജിലൻസ് റിപ്പോർട്ട് സംബന്ധിച്ച് നിരവധി പത്രവാർത്തകളും വന്നിരുന്നു. അതൊന്നും വകവെക്കാതെയാണ് ബാങ്കുകൾ വായ്പ അനുവദിച്ചുകൊണ്ടിരിക്കുന്നത്.
ഒറിജിനൽ ആധാരം പോലുമില്ലാതെ കരമടച്ച രസീതുകൾ, കൈവശാവകാശ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ മാത്രം ബലത്തിലാണ് ബാങ്കുകൾ ഇത്രയും ഭീമമായ തുകകൾ വായ്പ അനുവദിച്ചത്. നിയമപ്രകാരമുള്ള ആധാരം ഹാരിസൺസിനില്ലാതിരിക്കെ കോടികൾ വായ്പ അനുവദിച്ച ബാങ്കുകളുടെ നടപടി ദുരൂഹമാണ്. കമ്പനിയുടെ കൈവശമുള്ള അനധികൃത ഭൂമി ഏറ്റെടുക്കാൻ ഹൈകോടതി നിർദേശമനുസരിച്ച് റവന്യൂ വകുപ്പ് സ്പെഷൽ ഒാഫിസറെ നിയോഗിച്ചത് 2013ലാണ്. 2014ൽ തെക്കൻ ജില്ലകളിലെ ഭൂമി മുഴുവൻ ഏറ്റെടുത്ത് സർക്കാർ ഉത്തരവിറക്കി. ഇതൊന്നും വകെവക്കാതെയാണ് ബാങ്കുകൾ ഭൂമിയുടെ ഇൗടിന്മേൽ വായ്പകൾ അനുവദിക്കുന്നത്. ഹാരിസൺസിന് ബാങ്കുകൾ വായ്പ അനുവദിച്ചതിനെക്കുറിച്ച് സി.ബി.െഎ അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. തങ്ങളുടെ ൈകവശ ഭൂമി മുഴുവൻ മലയാളം പ്ലാേൻഷൻസ് (ഹോൾഡിങ്) എന്ന ലണ്ടൻ കമ്പനിയുടേതെന്നാണ് ഹാരിസൺസ് വാർഷിക റിപ്പോർട്ടിൽ പറയുന്നത്. വിദേശ കമ്പനിയുടെ ഭൂമി പണയമായി സ്വീകരിച്ച് ഹാരിസൺസിന് വായ്പ അനുവദിച്ചതെങ്ങനെയെന്നാണ് ചോദ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
