മുംബൈ: മുംബൈയിൽ ഓഫീസുകൾക്ക് അവധിയാണെങ്കിലും ഓഹരി വിപണി പ്രവർത്തിക്കും. മുംബൈ, പൂണെ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലെ ഒാഫീസുകൾ മാർച്ച് 31 വരെ പ്രവർത്തിക്കരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉത്തരവിട്ടിരുന്നു.
ബാങ്കിങ് സ്ഥാപനങ്ങൾ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, ബ്രോക്കിങ് ഹൗസുകൾ എന്നിവ തുറന്ന് പ്രവർത്തിക്കാമെന്ന് ഉദ്ധവ് താക്കറെ ട്വിറ്ററിലൂടെ പിന്നീട് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഓഹരി വിപണിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാൻ വഴിയൊരുങ്ങിയത്.
രാജ്യത്തിൻെറ സാമ്പത്തിക തലസ്ഥാനമായ മുംബൈയിലാണ് ബി.എസ്.ഇയുടെയും എൻ.എസ്.ഇയുടെയും ആസ്ഥാനങ്ങൾ പ്രവർത്തിക്കുന്നത്. സെബിയുടെ ആസ്ഥാനവും മുംബൈയിലാണ്. പ്രധാന ബ്രോക്കിങ് ഹൗസുകളുടെ ഓഫീസുകളും മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്.