തെരഞ്ഞെടുപ്പ് : പണമൊഴുക്കാൻ ‘മുദ്ര’
text_fieldsതൃശൂർ: പൊതുതെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ ചെറുകിട സംരംഭകരായ സാധാരണക്കാരുടെ അക്കൗണ്ടിലേക്ക് ‘പണമെത്തിക്കാൻ’ കേന്ദ്ര സർക്കാർ ശ്രമം. ‘പ്രധാനമന്ത്രി മുദ്ര വായ്പ യോജന’ വഴി വായ്പ അനുവദിക്കാൻ ബാങ്കുകൾക്ക് വാക്കാൽ നിർദേശമെത്തി. മുദ്ര വായ്പ അപേക്ഷ ഒരു കാരണവശാലും നിരസിക്കരുതെന്നും പരമാവധി പ്രചാരം കൊടുക്കണമെന്നുമാണ് നിർദേശം. മൂന്നു വർഷം മുമ്പ് ചെറുകിട വ്യവസായ സംരംഭകർക്കായി മോദി സർക്കാർ ആവിഷ്കരിച്ച മുദ്ര വായ്പയിൽ കൊടുത്ത പണത്തിെൻറ തിരിച്ചടവ് നാമമാത്രമാണെന്നിരിക്കെ, ബാങ്കുകളെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടത്തിന് ചൂതാട്ടം നടത്താനാണ് നീക്കമെന്നാണ് ബാങ്കിങ് മേഖലയിലെ ആക്ഷേപം.
2015 ഏപ്രിലിലാണ് മുദ്ര വായ്പ പദ്ധതി തുടങ്ങിയത്. കോർപറേറ്റുകളും കർഷകരുമല്ലാത്ത സംരംഭകർക്ക് െചറുകിട വ്യവസായങ്ങൾ സ്ഥാപിക്കാനും അതുവഴി തൊഴിലവസരം സൃഷ്ടിക്കാനും ഉദ്ദേശിച്ചതാണ് പദ്ധതി. അരലക്ഷം വരെ വായ്പ നൽകുന്ന ‘ശിശു’, അഞ്ചുലക്ഷം വരെ ‘കിശോർ’,10 ലക്ഷം വരെ നൽകുന്ന ‘തരുൺ’ എന്നിവയാണ് മുദ്രയിലുള്ളത്. മൂന്നു വർഷത്തിനകം ഏറിയ പങ്കും വായ്പ നൽകിയത് ‘ശിശു’വിലാണ്. ആകെ അനുവദിച്ച തുക കണക്കാക്കിയാൽ ശരാശരി 45,203 രൂപയാണ് ഒരു അപേക്ഷകന് കിട്ടിയത്.
ഇതുവഴി സൃഷ്ടിക്കപ്പെട്ട തൊഴിലവസരം എത്രയെന്നതിെൻറ കണക്ക് മുദ്ര യോജനയുടെ പക്കലില്ല. ഇതുവരെ കൊടുത്ത വായ്പയിൽ 63 ശതമാനം പൊതുവിഭാഗത്തിനാണെന്ന് മുദ്ര യോജന വക്താക്കൾ പറയുേമ്പാൾ കഴിഞ്ഞമാസം ബി.ജെ.പി കേന്ദ്ര നേതൃത്വം അവകാശപ്പെട്ടത് പട്ടികജാതി-വർഗത്തിനും മറ്റു പിന്നാക്ക വിഭാഗത്തിനും മാത്രം 55 ശതമാനം നൽകിയെന്നാണ്. ബി.ജെ.പിയുടെ അവകാശവാദം വകവെച്ചാൽപോലും രാജ്യത്തെ ജനസംഖ്യയിൽ 78 ശതമാനത്തിലേറെ വരുന്ന പട്ടികജാതി-വർഗ, മറ്റു പിന്നാക്ക വിഭാഗത്തിന് 55 ശതമാനം എന്നത് താരതമ്യേന കുറവാണെന്ന് സംസ്ഥാനത്തെ ഒരു പഴയ തലമുറ സ്വകാര്യ ബാങ്കിലെ ഉന്നതൻ ചൂണ്ടിക്കാട്ടി.
2015-‘16 മുതൽ 2017-‘18 വരെ മുദ്രയിൽ ആകെ കൊടുത്തത് 12.27കോടിയാണ്. വായ്പയെടുത്തവരിൽ ഭൂരിഭാഗവും തിരിച്ചടവ് തുടങ്ങിയിട്ടില്ല. ജാമ്യവസ്തു ഉൾപ്പെടെയുള്ള നിബന്ധനകൾ ഇല്ലാത്തതിനാൽ ബാങ്കുകൾക്ക് വായ്പ തിരിച്ചു പിടിക്കാൻ സാേങ്കതിക തടസ്സമുണ്ട്. ഫലത്തിൽ, മുദ്ര വായ്പ ബാങ്കുകൾ നിലവിൽ നേരിടുന്ന കിട്ടാക്കടത്തിന് ആക്കം കൂട്ടുകയാണ്.
ജാമ്യവസ്തു ആവശ്യമില്ലാത്തതും ഏത് സംരംഭത്തിന് വായ്പയെടുക്കുന്നുവെന്ന് ബോധിപ്പിക്കേണ്ട ആവശ്യമില്ലാത്തതും ഇൗ പദ്ധതിയെ തട്ടിപ്പിെൻറ ഇടമാക്കുമെന്ന് പഞ്ചാബ് നാഷനൽ ബാങ്കിലെ സംഭവം തെളിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ പി.എൻ.ബി 26 മുദ്ര വായ്പ അപേക്ഷകർക്കായി 60.2 ലക്ഷം രൂപ അനുവദിച്ചതിൽ കൃത്രിമമുണ്ടെന്ന് സി.ബി.െഎ കണ്ടെത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു. മുദ്ര പദ്ധതി ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് വന്നതോടെ കേന്ദ്ര തൊഴിൽ മന്ത്രാലയം അടുത്തിടെ, മുദ്ര വായ്പയെടുത്ത് സ്വയംതൊഴിൽ ചെയ്യുന്നതും തൊഴിലവസരം സൃഷ്ടിക്കലായി കണക്കാക്കണമെന്ന് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
