സർക്കാർ ധനസഹായം പിൻവലിക്കാൻ ബാങ്കുകളിൽ വൻ തിരക്ക്
text_fieldsകോട്ടയം: പ്രളയദുരിതാശ്വാസമായി സർക്കാർ അനുവദിച്ച പണം പിൻവലിക്കാൻ ബാങ്കുകളിൽ വൻ തിരക്ക്. അക്കൗണ്ടിൽ വന്ന 10,000 രൂപ ഉടൻ എടുത്തില്ലെങ്കിൽ തിരിച്ചുപിടിക്കുമെന്ന പ്രചാരണത്തെ തുടർന്ന് പണം ലഭിച്ചവർ കൂട്ടമായി ബാങ്കുകളിലേക്ക് ഇരച്ചെത്തുകയായിരുന്നു. ഇതോടെ പല ബാങ്ക് ശാഖകളിലും വൻ തിരക്കാണ് കഴിഞ്ഞ രണ്ടുദിവസമായി അനുഭവപ്പെടുന്നത്. എസ്.ബി.െഎ ശാഖകളിലാണ് തിരക്കേറെ. എ.ടി.എമ്മുകളുടെ മുന്നിലും നീണ്ട നിരയാണ്.
പ്രചാരണം ശക്തമായതോടെ പ്രളയമേഖലകളിലെ ബാങ്കുകളിൽ തുറക്കുംമുേമ്പ അക്കൗണ്ട് ഉടമകൾ കാത്തുനിൽക്കുന്ന സ്ഥിതിയാണ്. ഇതോടെ സാധാരണ ഇടപാടുകാരും വലഞ്ഞു. എന്നാൽ, സർക്കാർ അനുവദിച്ച തുക തിരിച്ചുപിടിക്കുമെന്നത് വ്യാജപ്രചാരണമാണെന്ന് ബാങ്കുകൾ അറിയിച്ചു. അക്കൗണ്ടിൽ നിക്ഷേപിച്ച പണം സർക്കാർ പിൻവലിക്കില്ലെന്നും തിടുക്കം കൂട്ടേണ്ട സാഹചര്യമില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞിട്ടും ജനങ്ങൾ അംഗീകരിക്കാത്ത അവസ്ഥയാണ്. നേരേത്ത, അക്കൗണ്ടിൽ നിശ്ചിത ബാലൻസ് വേണമെന്ന ബാങ്ക് നിർദേശം തെറ്റിച്ചവരുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിൽനിന്ന് ചില ബാങ്കുകൾ പിഴ ഇൗടാക്കിയിരുന്നു. ഇത് വാർത്തയായത് കണ്ട് ചിലർ തെറ്റിദ്ധരിച്ചതായും പറയപ്പെടുന്നു.
സാധാരണക്കാരാണ് ബാങ്കിൽ എത്തുന്നവരിലേറെയും. പല ബാങ്കുകൾക്കു മുന്നിലും രാവിലെ എട്ടു മുതൽ നീണ്ടനിരയാണ്. വൈകീട്ട് നാലു വരെ മാത്രമേ പണമിടപാട് നടത്താൻ സാധിക്കുകയുള്ളൂവെങ്കിലും ജനങ്ങൾ പിരിഞ്ഞുപോകാൻ തയാറാകാത്തത് വാക്കേറ്റത്തിനും ഇടയാക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ പൊലീസിനെ വിളിച്ചുവരുത്തിയാണ് ഇടപാടുകാരെ നിയന്ത്രിച്ചത്. കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രളയമേഖലകളിലെ ബാങ്കുകളിലെല്ലാം ഇതാണ് സ്ഥിതി. കോട്ടയത്ത് തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, കുമരകം എസ്.ബി.ഐ ശാഖകളിൽ രണ്ടുദിവസമായി വൻ തിരക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
