കേരള ബാങ്ക് പ്രഖ്യാപനം നൂലാമാലയിൽ
text_fieldsതിരുവനന്തപുരം: റിസർവ് ബാങ്കിെൻറ അനുമതി കിട്ടിയെന്നും ഇല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾക്കിടയിൽ കേരള ബാങ്ക് രൂപവത്കരണം അനിശ്ചിതമായി നീളുന്നു. 14 ജില്ല സഹകരണബാങ്കുകൾ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിച്ച് കേരള സംസ്ഥാന സഹകരണബാങ്കിന് (കേരള ബാങ്ക്) ചിങ്ങം ഒന്നിന് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചിട്ട് നടപടികൾ ഇപ്പോഴും എങ്ങുമെത്തിയില്ല. ജില്ല ബാങ്കുകളുടെ ലയനം കീറാമുട്ടിയായതോടെ സർക്കാർ പ്രഖ്യാപനം അനന്തമായി നീളുമെന്നാണ് അറിയുന്നത്.
ആർ.ബി.െഎയുടെ അനുമതി കിട്ടിയെന്ന് ഇതിനിടെ ചിലവാദങ്ങൾ ഉയർന്നെങ്കിലും അത് ശരിയല്ലെന്നാണ് വകുപ്പ് മന്ത്രിയുടെ ഒാഫിസ് അറിയിച്ചത്. എന്നാൽ, ചില നിബന്ധനകളോടെ അനുമതി കിട്ടാനുള്ള സാധ്യത അവർ ഉന്നയിച്ചു. ആർ.ബി.െഎ അനുമതി കിട്ടിയാലേ കേരള ബാങ്ക് രൂപവത്കരണത്തിന് മുന്നോടിയായി ഒാർഡിനൻസ് കൊണ്ടുവരാനാകൂ. ഹ്രസ്വകാല വായ്പമേഖല രണ്ട് തട്ടുകളിലേക്ക് മാറ്റാനുള്ളതാണ് ഒാർഡിനൻസ്. അതിന് നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് ജനറലിെൻറ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ ഒാർഡിനൻസ് കൊണ്ടുവരുന്നതിൽ സൂക്ഷ്മത പുലർത്തണമെന്ന നിർദേശമുണ്ടായി. കേരള ബാങ്ക് വരുന്നതോടെ 14 ജില്ല ബാങ്കുകളും 804 ശാഖകളും സംസ്ഥാന സഹകരണബാങ്കിെൻറ 20 ശാഖകളും ഇതിെൻറ ഭാഗമാകും. ഇതോടെ ജില്ല ബാങ്കുകൾ ഇല്ലാതാകും. സഹകരണനിയമപ്രകാരം ജില്ല ബാങ്കുകൾ ലയിപ്പിക്കാൻ മൂന്നിൽരണ്ട് അംഗങ്ങളുടെ പിന്തുണവേണം.
നിലവിൽ പല ജില്ല ബാങ്കുകളിലും യു.ഡി.എഫിന് ഭൂരിപക്ഷമുള്ളതിനാൽ അനുമതി പെെട്ടന്ന് തരപ്പെടുത്താനാവില്ല. അത് മറികടക്കാനാണ് ഒാർഡിനൻസ് കൊണ്ടുവരുന്നത്. എന്നാലും അത് നിയമപ്രശ്നങ്ങളിലേക്ക് കടന്നാൽ കേരള ബാങ്ക് വീണ്ടും നീളും. അതേസമയം ജില്ല ബാങ്കുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹരജി ഹൈകോടതി പരിഗണനയിലാണ്. അതും നിർണായകമാണ്. ഇത്തരം നടപടികളും ബാങ്ക് രൂപവത്കരണം നീളാൻ ഇടവരുത്തും.
പ്രളയശേഷമുള്ള നവകേരള സൃഷ്ടിയിലാണ് സർക്കാർ സംവിധാനങ്ങളുടെ ശ്രദ്ധ. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനംകൂടി വന്നാൽ കേരള ബാങ്ക് അനിശ്ചിതത്വത്തിലേക്ക് നീങ്ങുമെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
