ഇൻഡിഗോയിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ ഡി.ജി.സി.എ നിർദേശം
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ബജറ്റ് എയർലൈനായ ഇൻഡിഗോയിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ വ്യോമയാന മന്ത്രാലയം നിർദേശം നൽകി . ഇൻഡിഗോയുടെ എ-320 നിയോ എയർക്രാഫ്റ്റിൻെറ എൻജിനുകളിൽ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാനാണ് നിർദേശം. ഇത്തരം എയർക്രാഫ്റ്റുകളിൽ തകരാറുകൾ കണ്ടെത്തിയതിനെ തുടർന്നാണ് സുരക്ഷാ ഓഡിറ്റിന് ഡി.ജി.സി.എ ഉത്തരവിട്ടത്.
ഇൻഡിഗോയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർക്കും, എൻജീനിയറിങ് വിഭാഗം തലവനും ഡി.ജി.സി.എ നോട്ടീസ് നൽകിയിട്ടുണ്ട്. എ-320 നിയോ എയർക്രാഫ്റ്റുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ യഥാസമയം അറിയിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തുന്നുവെന്ന സംശയത്തിനിടെയാണ് ഡി.ജി.സി.എയുടെ പുതിയ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്.
എ-320 നിയോ എയർക്രാഫ്റ്റുകളുടെ സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ 2018ൽ ഡി.ജി.സി.എ ഉത്തരവിട്ടിരുന്നു. പിന്നീട് ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷമാണ് എയർക്രാഫ്റ്റുകൾക്ക് പറക്കാനുള്ള അനുമതി നൽകിയത്.
