ആഭ്യന്തര വിമാനങ്ങളിലെ ബാഗേജ് നിരക്ക് ഉയർത്തി ഇൻഡിഗോ
text_fieldsന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിൽ അധിക ചെക്ക്-ഇൻ ബാഗേജിന് നൽകേണ്ട തുക കുത്തനെ ഉയർത്തി ഇൻഡിഗോ. ഏകദേശം 33 ശതമാനം വർധനയാണ് നിരക്കുകളിൽ വരുത്തിയിരിക്കുന്നത്. 15 കിലോ ഗ്രാം ബാഗേജ് ഇപ്പോൾ ഇൻഡിഗോയിൽ സൗജന്യമായി അനുവദനീയമാണ്. ഇതിന് ശേഷം വരുന്ന അധിക ബാഗേജിനുള്ള നിരക്കാണ് കമ്പനി ഉയർത്തിയിരിക്കുന്നത്.
അധികമായി വരുന്ന 5,10,15,30 കിലോ ഗ്രാം ബാഗേജിന് യഥാക്രമം 1,900, 3,800, 5,700,11,400 രൂപയാണ് പുതിയ നിരക്ക്. അധികമായി വരുന്ന ഒാരോ കിലോ ഗ്രാം ബാഗേജിനും ഏകദേശം 400 രൂപയാണ് യാത്രികർ അധികമായി നൽകേണ്ടി വരിക. മുമ്പ് അധിക ബാഗേജിന് 1425, 2850,4275,8550 രൂപയായിരുന്നു നിരക്ക്.
ആഗസ്റ്റ് വരെ സൗജന്യ ബാഗേജിന് ശേഷം അധികമായി വരുന്ന അഞ്ച് കിലോ ഗ്രാം വരെയുള്ള ബാഗേജിന് 500 രൂപ വരെ മാത്രമേ ഇൗടാക്കാവു എന്ന് വ്യോമയാന മന്ത്രാലയത്തിെൻറ ഉത്തരവുണ്ടായിരുന്നു. എന്നാൽ വിമാന കമ്പനികൾ ഇൗ ഉത്തരവ് കോടതിയിൽ ചോദ്യം ചെയ്യുകയും അനൂകുല വിധി നേടുകയുമായിരുന്നു. ഇതോടെ 15 കിലോ ഗ്രാമിന് ശേഷമുള്ള അധിക ബാഗേജിന് നിരക്ക് നിശ്ചയിക്കാനുള്ള അധികാരം വിമാന കമ്പനികൾക്ക് ലഭിച്ചു.
