ഭക്ഷ്യോൽപന്നങ്ങളുടെ വില കൂടി; രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയർന്നു
text_fieldsന്യൂഡൽഹി: രാജ്യത്തെ റീടെയിൽ പണപ്പെരുപ്പ നിരക്ക് ഉയർന്നു. ജൂൺ മാസത്തിലെ പണപ്പെരുപ്പ നിരക്ക് 3.18 ശതമാനമായാണ് വർധിച്ചത്. കഴിഞ്ഞ മാസം 3.05 ശതമാനമായിരുന്നു രാജ്യത്തെ പണപ്പെരുപ്പ നിരക്ക്. പണപ്പെരുപ്പ നിരക്ക് 3.20 ശതമാനം വരെ ഉയരുമെന്നായിരുന്നു റോയിട്ടേഴ്സ് പ്രവചനം.
ഭക്ഷ്യധാന്യങ്ങൾക്കും ഇന്ധനത്തിനും വില ഉയർന്നതാണ് പണപ്പെരുപ്പവും ഉയരാനുള്ള കാരണം. മെയ് മാസത്തിലെ കണക്കുകൾ അനുസരിച്ച് ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലയിൽ 1.83 ശതമാനത്തിൻെറ വർധനയാണ് രേഖപ്പെടുത്തിയത്. ഏപ്രിലിൽ ഇത് 1.1 ശതമാനമാനം മാത്രമായിരുന്നു.
റീടെയിൽ പണപ്പെരുപ്പ നിരക്കിനെ അടിസ്ഥാനമാക്കിയാണ് റിസർവ് ബാങ്ക് നിലവിൽ വായ്പ പലിശ നിരക്കുകൾ തീരുമാനിക്കുന്നത്. പണപ്പെരുപ്പം കുറഞ്ഞ സാഹചര്യത്തിൽ റിസർവ് ബാങ്ക് വായ്പ പലിശ നിരക്കുകൾ കുറച്ചിരുന്നു. കഴിഞ്ഞ മൂന്ന് വായ്പ അവലോകന യോഗങ്ങളിൽ പലിശ നിരക്കിൽ കാൽ ശതമാനത്തിൻെറ കുറവാണ് ആർ.ബി.ഐ വരുത്തിയിരുന്നത്. പണപ്പെരുപ്പം ഉയർന്ന സാഹചര്യത്തിൽ ആർ.ബി.ഐ ഇത് വർധിപ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ, റിസർവ് ബാങ്ക് പ്രതീക്ഷിച്ച രീതിയിേലക്ക് പണപ്പെരുപ്പം ഉയരാത്തതിനാൽ നിരക്കുകളിൽ തൽക്കാലം ആർ.ബി.ഐ മാറ്റം വരുത്തിയേക്കില്ല.
