തൊഴിലില്ലായ്മ കൂടുന്നു; സമ്പദ്വ്യവസ്ഥക്ക് തിരിച്ചടിയായി കണക്കുകൾ
text_fieldsന്യൂഡൽഹി: സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്കിൽ വീണ്ടും വർധന. മൂന്ന് വർഷത്തിനിടയിലെ ഉയർന്ന നിരക്കിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. ഒക്ടോബർ മാസത്തിൽ 8.5 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ മാസം ഇത് 7.2 ശതമാനം മാത്രമായിരുന്നു. സി.എം.ഐ.ഇ(സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി)യാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്.
നഗരപ്രദേശങ്ങളിൽ ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് തൊഴിലില്ലായ്മ കൂടുതലാണ്. 8.9 ശതമാനമാണ് നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്. ഗ്രാമങ്ങളിൽ ഇത് 8.3 ശതമാനം മാത്രമാണ്. സമ്പദ്വ്യവസ്ഥയിലെ ചില സെക്ടറുകളിൽ നെഗറ്റീവ് വളർച്ചയാണ് നിലവിൽ രേഖപ്പെടുത്തുന്നത്.
രാജ്യത്ത് ഏറ്റവും കുറവ് തൊഴിലില്ലായ്മ അനുഭവപ്പെടുന്ന സംസ്ഥാനം തമിഴ്നാടാണ്. 1.1 ശതമാനം മാത്രമാണ് തമിഴ്നാട്ടിലെ തൊഴിലില്ലായ്മ നിരക്ക്. ത്രിപുരയിലാണ് തൊഴിലില്ലായ്മ അതിരൂക്ഷം. 27.2 ശതമാനാണ് ത്രിപുരയിലെ തൊഴിലില്ലായ്മ നിരക്ക്. തൊഴിലില്ലായ്മ മൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത് ബിരുദദാരികളാണെന്നും കണക്കുകളിൽ നിന്ന് വ്യക്തമാവും. പത്താം ക്ലാസ് ജയിക്കാത്തവർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് കേവലം നാല് ശതമാമാണെങ്കിൽ ബിരുദദാരികൾക്കിടയിൽ ഇത് 15 ശതമാനമാണ്.
