കയറ്റുമതിയില്‍ ഇടിവ്, കരകയറാനാവാതെ ടെക്സ്റ്റൈല്‍സ് മേഖല
text_fieldsമുംബൈ: ജി.എസ്.ടിയും നോട്ട് നിരോധനവും മൂലം രാജ്യത്തെ കയറ്റുമതിയില്‍ സാരമായ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 2014ന് ശേഷം ചൈനയിലേക്കുള്ള ചരക്കുകളുടെ കയറ്റുമതിയില്‍ മാത്രമാണ് നേരിയ തോതില്‍ (ഒരു ശതമാനത്തില്‍ താഴെ) വർധനയുണ്ടായത്. ആഫ്രിക്കന്‍ രാജ്യങ്ങൾ, ലാറ്റിന്‍ അമേരിക്ക, ജപ്പാന് തുടങ്ങിയ നാടുകളിലേക്കുള്ള കയറ്റുമതി ഗണ്യമായി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്തതായി ‘ഇന്ത്യ സ്പെൻറ്’ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2014നും 2018നുമിടയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 4.22 ശതമാനമാണ് ഇടിഞ്ഞത്. അതേസമയം, ഇറക്കുമതിയില്‍ ഒരു ശതമാനം കൂടിയിട്ടുണ്ട്. യു.പി.എയുടെ 10 വര്‍ഷ ഭരണകാലത്ത് ആഫ്രിക്കന്‍ നാടുകളിലേക്കുള്ള കയറ്റുമതിയില്‍ 22 ശതമാനത്തോളവും ഇറക്കുമതിയില്‍ 59 ശതമാനവുമായിരുന്നു വളര്‍ച്ച. കയറ്റുമതിയിലെ ഇടിവും ഇറക്കുമതിയിലെ നേരിയ വർധനയും 2017-2018 കാലയളവില്‍ 16,200 കോടി ഡോളറിെൻറ വ്യാപാര കമ്മിയാണ് സൃഷ്ടിച്ചത്. കയറ്റു-ഇറക്കുമതിയില്‍നിന്നുള്ള ജി.ഡി.പി അനുപാതം 2016ലെ ഐ.എം.എഫ് കണക്ക് പ്രകാരം 27 ശതമാനമായി കുറഞ്ഞു. 2012ല്‍ 43 ശതമാനമായിരുന്നു ഇത്.
ആഗോള സാമ്പത്തികമാന്ദ്യം മൊത്തത്തില്‍ വ്യാപാരത്തെ ബാധിച്ചെങ്കിലും ഇന്ത്യയുടെ കയറ്റുമതി ഇടിവിന് പ്രധാന കാരണം ജി.എസ്.ടിയും നോട്ട് നിരോധനവും ആണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജി.എസ്.ടി നടപ്പാക്കിയതും തുടര്‍ന്നുള്ള സങ്കീർണതകളും വ്യവസായ, വ്യാപാര മേഖലകളെ ബാധിച്ചു. ആഭരണങ്ങൾ, രത്നങ്ങള്‍, തുണിത്തരങ്ങൾ എന്നിവയുടെ കയറ്റുമതിയില്‍ ഇടിവ് സംഭവിച്ചു. ജി.എസ്.ടി നടപ്പായി വര്‍ഷം ഒന്നു തികയുമ്പോഴും അതേല്പിച്ച ആഘാതത്തില്‍ നിന്ന് ടെക്സ്റ്റൈല്‍സ് മേഖല മുക്തമായിട്ടില്ല. സൂറത്തില്‍ നിരവധി സ്ഥാപനങ്ങള്‍ അടച്ചു പൂട്ടി. ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. സാരി മേഖലയില്‍ ഉല്പാദനം നേര്‍പാതിയായി കുറഞ്ഞതായി ഒാള് ഇന്ത്യ സാരി ഫെഡറേഷന് പ്രസിഡൻറ് ശാന്തിലാല്‍ ജാരിവാല പറയുന്നു.
രണ്ട് ശതമാനം വില്പന നികുതി 12 ശതമാനം ജി.എസ്.ടി ആയി മാറിയതോടെ ഉല്പാദന ചെലവ് കൂടി. അതോടെ വില്പനയും ഇടിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ഇന്ന് ജി.എസ്.ടി ദിനം
ന്യൂഡൽഹി: ചരക്കുസേവന നികുതി സമ്പ്രദായമായ ജി.എസ്.ടി പ്രാബല്യത്തിൽ വന്നതിെൻറ ഒന്നാംവാർഷികം സർക്കാർ ഞായറാഴ്ച ‘ജി.എസ്.ടി ദിന’മായി ആചരിക്കും. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിെൻറ അധ്യക്ഷതയിലാണ് ഡൽഹിയിലെ ചടങ്ങ്.
ഒരുവർഷം മുമ്പ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും സംയുക്തമായാണ് പാർലമെൻറിെൻറ സെൻട്രൽ ഹാളിൽ ജി.എസ്.ടി നടപ്പാക്കുന്നതിെൻറ പാതിരാ വിളംബരം നടത്തിയത്. സങ്കീർണമായ ബഹുതല പരോക്ഷ നികുതി ഘടനക്കുപകരം ലളിതവും സുതാര്യവും സാേങ്കതികവിദ്യയുടെ മികവുമുള്ള ഒറ്റ നികുതി സമ്പ്രദായം രാജ്യത്ത് നടപ്പാക്കാനായി എന്ന് സർക്കാർ അവകാശപ്പെടുന്നു. അതേസമയം, ഒരു വർഷമായിട്ടും നികുതി ഘടന സംബന്ധിച്ച പ്രയാസങ്ങൾ നീങ്ങിയിട്ടില്ലെന്ന് വ്യാപാരി വ്യവസായി സമൂഹവും ഗുണഫലം അനുഭവിക്കാൻ കഴിയുന്നില്ലെന്ന് ഉപഭോക്താക്കളും കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
