ആധാർ ഉണ്ടോ? പാൻ കാർഡ് ഉടൻ
text_fieldsന്യൂഡൽഹി: ആധാർ ഉള്ള വ്യക്തികൾക്ക് ഉടൻ പാൻ കാർഡ് ലഭ്യമാക്കുന്ന ഇ-പാൻ സംവിധാനവുമായി ആദായനികുതി വകുപ്പ്. ആദ്യമായി പാൻ കാർഡിന് അപേക്ഷിക്കുന്നവർക്ക് മാത്രമാണ് നിശ്ചിത കാലയളവിലേക്ക് ഇൗ ആനുകൂല്യം. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും പാൻ ലഭ്യമാക്കുക. വ്യക്തികൾക്ക് മാത്രമാണ് പദ്ധതി ബാധകം. സ്ഥാപനങ്ങൾക്കോ ട്രസ്റ്റുകൾക്കോ കമ്പനികൾക്കോ ഹിന്ദു കൂട്ടുകുടുംബങ്ങൾക്കോ അപേക്ഷിക്കാൻ സാധിക്കില്ല.
ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ വരുന്ന വൺ ടൈം പാസ്വേർഡ് (ഒ.ടി.പി) ഉപയോഗിച്ചാണ് പാൻകാർഡിന് അപേക്ഷിക്കേണ്ടത്. നിലവിലുള്ള ആധാറിലുള്ള അപേക്ഷകെൻറ പേര്, ജനന തീയതി, ലിംഗം, വിലാസം, മൊബൈൽ നമ്പർ എന്നിവ കൃത്യവും ഒരേപോലുള്ളതുമായിരിക്കണം. അപേക്ഷിച്ചുകഴിഞ്ഞാൽ അധികം വൈകാതെ തപാൽ മുഖേന പാൻകാർഡ് സൗജന്യമായി ലഭിക്കും. https://www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. അതിനിടെ പാൻകാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2019 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
