ഇന്ധന വില വർധിപ്പിക്കരുതെന്ന്​ എണ്ണ കമ്പനികളോട്​ കേന്ദ്രസർക്കാർ

18:52 PM
11/04/2018

ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില റെക്കോർഡുകൾ ഭേദിച്ച്​ മുന്നേറുന്നതിനിടെ വീണ്ടും വില വർധിപ്പിക്കരുതെന്ന്​ പൊതുമേഖല എണ്ണകമ്പനികൾക്ക്​ കേന്ദ്രസർക്കാർ നിർദേശം നൽകിയെന്ന്​ റിപ്പോർട്ട്​. എണ്ണവിലയിലുണ്ടായ കുറവുമൂലം കമ്പനികൾക്കുണ്ടായ ലാഭം കൊണ്ട്​ വില വർധിപ്പിക്കാതെ തൽക്കാലം മുന്നോട്ട്​ പോവാനാണ്​ കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന നിർദേശം.

ഏപ്രിൽ ഒന്നിന്​ രാജ്യത്തെ പെട്രോൾ വില നാല്​ വർഷത്തിനിടയിലെ ഉയർന്ന നിരക്കായ 73.73 രൂപയിലെത്തിയിരുന്നു. ഡൽഹിയിൽ ഡീസൽ വില ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കായ 64.58ലും എത്തിയിരുന്നു. ഇതിന്​ പിന്നാലെ എണ്ണവില ഉയരുന്ന പശ്​ചാത്തലത്തിൽ സർക്കാർ നികുതി കുറക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. 

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിലവിൽ ഏറ്റവും കൂടുതൽ എണ്ണവിലയുള്ളത്​ ഇന്ത്യയിലാണ്​. എണ്ണവിലയിൽ പകുതിയും നികുതിയാണ്​. ഇതാണ്​ നികുതി കുറക്കണമെന്ന ആവശ്യം ഉയർന്നുവരാൻ കാരണം. അതേ സമയം, ​പൊതുമേഖല എണ്ണ കമ്പനികളായ ഇന്ത്യൻ ഒായിൽ കോർപ്പറേഷൻ, ഭാരത്​ പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവർ ഒരു രൂപ നഷ്​ടത്തിലാണ്​ ഡീസലും, പെട്രോളും വിൽക്കുന്നതെന്ന്​ റിപ്പോർട്ടുകളുമായി ചില ദേശീയ മാധ്യമങ്ങൾ രംഗത്തുണ്ട്​. ഇൗ കമ്പനിയിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ്​ റിപ്പോർട്ടുകൾ.

Loading...
COMMENTS