സമ്പന്നരിൽ ഒന്നാംസ്ഥാനം നിലനിർത്തി അംബാനി; കുതിച്ചുകയറി അദാനി 

14:35 PM
11/10/2019
ambani-adani-yousufali-1110.jpg

ന്യൂഡൽഹി: ഫോർബ്സ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാം സ്ഥാനം നിലനിർത്തി. അദാനി ഗ്രൂപ് ചെയർമാൻ ഗൗതം അദാനിയാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ തവണ പത്താം സ്ഥാനത്തുണ്ടായിരുന്ന അദാനി എട്ട് സ്ഥാനങ്ങൾ മറികടന്നാണ് ഇത്തവണ രണ്ടാമതെത്തിയത്. ഇത്തവണ എട്ട് മലയാളികളാണ് പട്ടികയിൽ ഇടംനേടിയത്. 

12ാം വർഷവും രാജ്യത്തെ ഏറ്റവും സമ്പന്നന്‍റെ സ്ഥാനം ഉറപ്പിച്ച മുകേഷ് അംബാനിയുടെ ആസ്തി 51.4 ബില്യൺ ഡോളറാണ്. 4.1 ബില്യൺ ഡോളറാണ് അംബാനി ഇത്തവണ കൂട്ടിച്ചേർത്തത്. 

17.7 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. 4.8 ബില്യൺ ഡോളറിന്‍റെ വർധനവാണ് ഒറ്റ വർഷം കൊണ്ട് അദാനിക്കുണ്ടായത്. 

15.6 ബില്യൺ ഡോളർ ആസ്തിയോടെ അശോക് ലെയ് ലൻഡ് ഉടമകളായ ഹിന്ദുജ ബ്രദേഴ്സ് ആണ് മൂന്നാം സ്ഥാനത്ത്. പല്ലോഞ്ഞി മിസ്ത്രി നാലാം സ്ഥാനത്തും കൊട്ടക് മഹീന്ദ്ര ബാങ്കിന്‍റെ ഉദയ് കൊട്ടക് അഞ്ചാം സ്ഥാനത്തുമെത്തി. 

4.3 ബില്യൺ ഡോളറിന്‍റെ ആസ്തിയുമായി 26ാം സ്ഥാനത്തുള്ള ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് മലയാളികളിൽ ഒന്നാമത്. 43ാം സ്ഥാനത്ത് ആർ.പി ഗ്രൂപ് ചെയർമാൻ രവി പിള്ളയുണ്ട്. 3.1 ബില്യൺ ഡോളറാണ് ആസ്തി. തൊട്ടുപിന്നിൽ മുത്തൂറ്റ് ഫിനാൻസിന്‍റെ എം.ജി. ജോർജ് മുത്തൂറ്റ് 3.05 ബില്യൺ ഡോളർ ആസ്തിയുമായുണ്ട്. 

ഇൻഫോസിസ് സ്ഥാപകരിലൊരാളായ ക്രിസ് ഗോപാലകൃഷ്ണൻ (55ാം സ്ഥാനം), ജെംസ് എജ്യുക്കേഷൻ ഉടമ സണ്ണി വർക്കി (67), ബൈജൂസ് ആപ് ഉടമ ബൈജു രവീന്ദ്രൻ (72), വി.പി.എസ് ഹെല്‍ത്ത് കെയര്‍ ഉടമ ഷംഷീര്‍ വയലില്‍ (99), ഇൻഫോസിസിന്‍റെ സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാൽ (100) എന്നിവരാണ് 100 അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടിയ മറ്റ് മലയാളികൾ. 

Loading...
COMMENTS