ഉണക്കമീനും ഇനി ഒാൺലൈനിൽ
text_fieldsകൊല്ലം: യഥാർഥ ഉണക്കമത്സ്യം എന്ത് എന്ന് കാട്ടിത്തന്ന തീരദേശ വികസന കോർപറേഷൻ ഒാൺലൈൻ വിപണിയിൽ സജീവമാകാനൊരുങ്ങുന്നു. നേരത്തെ, മൂന്നിനം ഉണക്ക മത്സ്യം ഒാൺലൈൻ വഴി വിറ്റിരുന്ന കോർപറേഷൻ അഞ്ചിനം ഉൽപന്നങ്ങൾകൂടി ഏപ്രിൽ 15 മുതൽ വിപണിയിലിറക്കാനുള്ള ഒരുക്കത്തിലാണ്. നേരത്തെ, വിറ്റിരുന്ന രണ്ടുതരം ഉണക്ക ചെമ്മീൻ, നെത്തോലി എന്നിവക്കുപുറമെ സ്രാവ്, കാരൽ (മുള്ളൻ), മാന്തളിർ എന്നിവകൂടി ഒാൺലൈൻ വിപണിയിലെത്തിക്കും. ഒാർഡർ ചെയ്യുന്നവർക്ക് ഉൽപന്നങ്ങൾ വീടുകളിൽ നൽകുന്നതിന് കരാറെടുത്തിരുന്ന സ്വകാര്യ കൊറിയർ കമ്പനി അത് പാലിക്കാത്തതിനെ തുടർന്ന് കോർപറേഷൻ ഒാൺലൈൻ വിൽപന നേരത്തെ നിർത്തിെവച്ചിരുന്നു.
പോസ്റ്റൽ ഡിപ്പാർട്മെൻറുമായി ചേർന്നാണ് പുതിയ ഒാൺലൈൻ വിൽപന കരാർ ഉണ്ടാക്കുന്നത്. കോർപറേഷെൻറ www.drishkerala.com എന്ന വെബ് ൈസറ്റ് വഴി പണമടച്ച് ഒാർഡർ നൽകിയാൽ ഉണക്ക മീൻ ഇനി വീട്ടിലെത്തും.
രാജ്യത്ത് എവിടെനിന്ന് ഒാർഡർ ലഭിച്ചാലും ഉൽപന്നം എത്തിച്ചു നൽകാനാണ് പദ്ധതി. ഇതിനു പുറമെ സപ്ലൈകോ, കൺസ്യൂമർ ഫെഡ്, അഗ്രോ ബസാർ, മത്സ്യഫെഡ് സ്റ്റാളുകൾ, എക്സിബിഷനുകൾ എന്നിവിടങ്ങളിലും ഉൽപ്പന്നങ്ങൾ ലഭിക്കും. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ കോർപറേഷന് വിതരണക്കാർ ഉണ്ട്. നേരത്തെ, പ്രതിമാസം ലക്ഷം രൂപക്കുള്ള വിൽപനയാണ് ഒാൺ ലൈൻ വഴി നടന്നിരുന്നത്. ഇത് രണ്ടു ലക്ഷമായി ഉയർത്താനാണ് പദ്ധതി.
ഒാൺ ൈലൻ വഴി ഉണക്ക മത്സ്യ വ്യാപാരം മാത്രമേയുള്ളൂ വെങ്കിലും വൈവിധ്യമാർന്ന പല മത്സ്യ ഉൽപന്നങ്ങളും കോർപറേഷൻ പുറത്തിറക്കുന്നുണ്ട്. അച്ചാറുകളാണ് പ്രധാനം. ചെമ്മീൻ, ചൂര, കണവ, കല്ലുമ്മക്കായ, കക്ക, മുരിങ്ങ എന്നിവയുടെ എല്ലാം അച്ചാറുകൾ സ്റ്റാളുകളിൽ ലഭിക്കും. വിനാഗിരി ഒഴികെ മറ്റ് പ്രിസർവേറ്റിവുകൾ ഒന്നും ചേർക്കാതെ പൂർണമായും കൈകൊണ്ടാണ് നിർമാണം. 250 ഗ്രാമിന് 170 മുതൽ 200 രൂപവരെയാണ് വില. അച്ചാറുകളിൽ മാംസത്തിെൻറ അളവ് 40 ശതമാനത്തിൽ കുറയില്ല.
ബോട്ടിലടക്കം ഇവയുടെ ഭാരം 500 ഗ്രാം വരുമെന്നതിനാൽ അച്ചാറുകൾ ഒാൺലൈൻവഴി വിൽപനക്ക് െവച്ചിട്ടില്ല. ചെമ്മീൻ, ഞണ്ട് എന്നിവയുടെ സൂപ്പുകൾ, റെഡി ടു ഇൗറ്റ് വിഭാഗത്തിൽ ചെമ്മീൻ റോസ്റ്റ്, നെത്തോലി റോസ്റ്റ്, ചമ്മന്തിപ്പൊടി എന്നിവയുടെ 100 ഗ്രാം പാക്കറ്റുകൾ എന്നിവയും പുറത്തിറക്കുന്നുണ്ട്. അവയും താമസിയാതെ ഒാൺലൈൻ വഴി ലഭ്യമാക്കാനാണ് പദ്ധതി. ശീലാവ്, നങ്ക് (നിലംപറ്റി), ഉലുവ, കളിമീൻ, പരവ, തിരണ്ടി എന്നിവയും സീസണും ലഭ്യതയും അനുസരിച്ച് ഉണക്ക മത്സ്യമാക്കി വിപണിയിൽ എത്തിക്കും.
ഉപ്പും ഇനി പേരിന് മാത്രം
ഉണക്കമത്സ്യമെന്നാൽ ഉപ്പിട്ട മത്സ്യമെന്ന രീതിയും കോർപറേഷൻ മാറ്റിമറിക്കുകയാണ്. സാധാരണ ഉണക്കമത്സ്യം തയാറാക്കുന്നത് മത്സ്യത്തിൻേമൽ ഉപ്പ് പരലുകൾ വാരിവിതറിയാണ്. കോർപറേഷൻ ഉപ്പ് പരൽ ഉപയോഗിക്കുന്നേയില്ല. ഉപ്പു ലായനിയിൽ മുക്കി ശുചിത്വം വരുത്തി അപ്പോൾതന്നെ ഡ്രൈയറുകളിലേക്ക് മാറ്റുകയാണ്. സാധാരണ ഉണക്കമത്സ്യത്തിൽ 60-70 ശതമാനംവരെ ഉപ്പ് ചേർന്നിരിക്കും. എന്നാൽ, കോർപറേഷെൻറ ഉൽപന്നങ്ങളിൽ 12^15 ശതമാനം മാത്രമാവും ഉപ്പ്. ജലാംശം 50 ശതമാനത്തിൽ താഴെയും.
വൃത്തിതന്നെ മുഖ്യ വാഗ്ദാനം
ഉണക്കമത്സ്യമെന്നാൽ മിച്ചംവന്ന മത്സ്യം ഉണക്കുന്നത് എന്ന സങ്കൽപം മാറ്റിമറിച്ചതാണ് ഇൗ രംഗത്ത് കോർപറേഷൻ വരുത്തിയ മാറ്റം. നീണ്ടകര തുറമുഖത്തുനിന്ന് കോർപറേഷൻ നേരിട്ട് വാങ്ങുന്ന മത്സ്യം സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് മുറിച്ച് ഉപ്പ് ലായനിയിൽ വൃത്തിയാക്കി സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഡ്രൈയറുകളിൽ ഉണക്കിയെടുത്താണ് വിപണിയിലെത്തിക്കുന്നത്. സൂര്യപ്രകാശം ഏൽക്കാത്തതിനാൽ പോഷകങ്ങൾ നഷ്ടമാവില്ല. അടച്ചുറപ്പുള്ള പ്ലാൻറിൽ ശാസ്ത്രീയമായി ഉണക്കുന്നതിനാൽ കാറ്റും പൊടിയും മറ്റ് മാലിന്യങ്ങളും കലരാതെ ശുദ്ധിയുള്ളവയാണ് ഉൽപന്നങ്ങളെന്ന് കോർപറേഷൻ പറയുന്നു. ഫുഡ് ഗ്രേഡ് സ്റ്റീലിൽ നിർമിച്ചവയാണ് ഡ്രൈയറും പ്ലാൻറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
