നോട്ട്​ പിൻവലിക്കൽ: ചെറുകിട ധനകാര്യ സ്ഥാപനങ്ങളിൽ  പ്രതിസന്ധി തുടരുന്നു

21:08 PM
16/06/2017

ന്യൂഡൽഹി: നവംബർ എട്ടിലെ കേന്ദ്രസർക്കാറി​​െൻറ നോട്ട്​ പിൻവലിക്കൽ തീരുമാനം മുലം ഉണ്ടായ പ്രതിസന്ധിയിൽ നിന്ന്​ ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ ഇതുവരെ കരകയറിയിട്ടില്ലെന്ന്​ റിപ്പോർട്ട്​.  ​നോട്ട്​ പിൻവലിക്കൽ സ്ഥാപനങ്ങളുടെ വായ്​പ തിരിച്ചടവിനെ പ്രതികൂലമായി ബാധിച്ചുവെന്നാണ്​ റിപ്പോർട്ട്​​. ഇതുമൂലം ധനകാര്യ സ്ഥാപനങ്ങളുടെ  മൂലധനത്തിലുൾപ്പടെ ശോഷണം സംഭവിക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്​.

 ബാങ്കിതര  സാമ്പത്തിക സ്ഥാപനങ്ങളെയും പ്രതിസന്ധി ഇൗ സാമ്പത്തിക വർഷവും വിടാതെ പിന്തുടരുമെന്നാണ്​ ഇന്ത്യ റേറ്റിങ്​സ്​ എന്ന സ്ഥാപനം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്​. ഇത്തരം സ്ഥാപനങ്ങളിലെ വായ്​പകളുടെ തിരിച്ചടവിലുൾപ്പടെ വൻ പ്രതിസന്ധിയുണ്ടെന്നാണ്​ സൂചന. നിലവിലെ സ്ഥിതി തുടർന്നാൽ​ ദൈനംദിന പ്രവർത്തനങ്ങളുൾപ്പടെ പ്രതിസന്ധിയിലാവുന്ന സ്ഥിതിയിലേക്കാണ്​ ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ നീങ്ങുക.

നോട്ട്​ പിൻവലിക്കലിന്​ പുറമേ കാർഷിക വായ്​പകൾ എഴുതി തള്ളാൻ ആവശ്യപ്പെടുന്നതും ധനകാര്യ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന പ്രധാന ഘടകമാണ്​. കാർഷിക വായ്​പകൾ എഴുതി തള്ളിയത്​ മൂലം ഇത്തരം സ്ഥാപനങ്ങൾക്ക്​ ഉണ്ടാവുന്ന നഷ്​ടം നികത്താൻ സംസ്ഥാന-കേന്ദ്രസർക്കാറുകൾ തയാറാവാത്തത്​ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു​. മഹാരാഷ്​ട്രയിലാവും പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിക്കുകയെന്നതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തരാഖണ്ഡ്​, ഉത്തർപ്രദേശ്​, മധ്യപ്രദേശ്​ എന്നീ സംസ്ഥാനങ്ങളടെ സ്ഥിതിയും മോശമാണെന്നാണ്​ സൂചന.

COMMENTS