ദിശാബോധം നൽകും
text_fieldsപുതിയ കേരളത്തിെൻറ നിർമാണത്തിന് ആത്മവിശ്വാസവും ദിശാബോധവും നൽകുന്ന ബജറ്റാണ് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് െഎസക് വ്യാഴാഴ്ച നിയമസഭയിൽ അവതരിപ്പിച്ചത്. ഒാഖി ദുരന്തം, മഹാപ്രളയം, നോട്ട് നിരോധനം, ചരക്ക് സേവന നികുതി തുടങ്ങിയവ സംസ്ഥാനത്തിെൻറ സമ്പദ്ഘടനയുടെമേൽ ചെറുതല്ലാത്ത ആഘാതമാണ് ഏൽപിച്ചത്. സാമ്പത്തികപ്രവർത്തനങ്ങളെ മന്ദീഭവിപ്പിച്ച മേൽപറഞ്ഞ ദുരന്തങ്ങളിൽനിന്ന് കേരള സമ്പദ്ഘടനയെ വീണ്ടെടുക്കുക എന്ന വെല്ലുവിളിയാണ് 2019-20 ലേക്കുള്ള സംസ്ഥാന ബജറ്റ് ഏറ്റെടുക്കുന്നത്. കേരള പുനർനിർമാണ പദ്ധതിക്കുവേണ്ടി പ്രത്യേകമായി ആയിരം കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കേരളത്തിെൻറ പുനർനിർമാണം ഒരു വർഷം കൊണ്ട് പൂർത്തിയാകുന്ന ഒന്നല്ല. വരും വർഷങ്ങളിൽ പുതിയ കേരളത്തിെൻറ നിർമാണത്തിനാവശ്യമായ പണം കണ്ടെത്താൻ കഴിയും. ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെൻറ് ബാങ്ക് തുടങ്ങിയ ഏജൻസികൾ കുറഞ്ഞ പലിശക്കുള്ള വായ്പ നൽകാമെന്ന് സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ദുരന്തം ബാധിക്കാത്ത സംസ്ഥാനങ്ങളുടെ വായ്പപരിധി ഉയർത്തണമെന്ന് ധനമേഖലയിലെ വിദഗ്ധരും സംസ്ഥാന ധനമന്ത്രിമാരുടെ സമ്മേളനവും ആവശ്യപ്പെട്ടിട്ടുണ്ട്. വായ്പപരിധി ഉയർത്തുന്നതിനനുസരിച്ച് കേരളത്തിെൻറ പുനർനിർമാണത്തിന് കൂടുതൽ തുക കണ്ടെത്താനാവും. അതോടൊപ്പം ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രളയം ബാധിച്ച സ്ഥലങ്ങളിലെ ജനങ്ങളുടെ നഷ്ടപ്പെട്ട ജീവനോപാധികൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്. ഇതിനും വ്യക്തമായ ഒരു പരിപാടി ഇൗ ബജറ്റിലുണ്ട്.
പ്രളയം ബാധിച്ച മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് 250 കോടി രൂപയുടെ ഒരു പ്രത്യേക പാക്കേജ് അനുവദിച്ചിരിക്കുന്നു. ഇതിനുപുറമെ കുടുംബശ്രീ, ദേശീയ തൊഴിലുറപ്പുപദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി എന്നിവയിലൂടെ ഇൗ പ്രദേശങ്ങൾക്ക് പ്രത്യേക സഹായം നൽകുന്നുണ്ട്. ഇതിനുപുറമെയാണ് 25 പ്രത്യേക സമഗ്രപദ്ധതികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ മേഖലകളെ മുൻനിർത്തി പ്രഖ്യാപിച്ചിരിക്കുന്ന ഇൗ പദ്ധതികൾ കേരളത്തിെൻറ ഭാവി വളർച്ചക്ക് കൃത്യമായ ദിശാബോധം നൽകും. പശ്ചാത്തല മേഖലയുെട വലിയ തോതിലുള്ള വികസനം, വിവര സാേങ്കതികരംഗം, വ്യവസായം, ഗതാഗതം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, ലിംഗനീതി, സാമൂഹികസുരക്ഷ തുടങ്ങി സമസ്ത മേഖലകളെയും കണക്കിലെടുക്കുന്ന വികസനപരിപാടികളാണ് ഇതിലൂടെ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.
സംസ്ഥാന സർക്കാർ മുന്നോട്ടുവെക്കുന്ന ഇൗവികസന പരിപാടികളുടെ പ്രസക്തി വിമർശകർ പോലും ചോദ്യംചെയ്യുന്നില്ല. മറിച്ച് ഇവയൊക്കെ നടപ്പാക്കാൻ കഴിയുമോ അതിനാവശ്യമായ വിഭവങ്ങൾ കണ്ടെത്താനാവുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ഇൗ ചോദ്യങ്ങൾക്കുള്ള ഉത്തരം സംസ്ഥാന സർക്കാറിെൻറ സമീപകാലത്തെ പദ്ധതിനിർവഹണത്തിെൻറ അനുഭവത്തിെൻറ അടിസ്ഥാനത്തിൽ വേണം കണ്ടെത്താൻ.
ഏറ്റെടുക്കുന്ന പദ്ധതികൾ നിശ്ചയദാർഢ്യത്തോടുകൂടി നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഒരു ഗവൺമെൻറാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. ദേശീയപാതവികസനം, ഗെയിൽ പൈപ്പ്ലൈൻ, അന്തർസംസ്ഥാന വൈദ്യുതി ലൈൻ, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, ക്ഷേമപെൻഷനുകൾ തുടങ്ങി ഒേട്ടറെ കാര്യങ്ങളിൽ സർക്കാറിെൻറ നിർവഹണരംഗത്തെ ജാഗ്രത കേരളീയർക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്.
ബജറ്റ് വിഭാവനം ചെയ്യുന്ന പുതിയ കേരളത്തിെൻറ നിർമാണം യാഥാർഥ്യമാക്കുന്നതിൽ ജനപങ്കാളിത്തത്തിന് നിർണായകമായ പ്രാധാന്യമാണുള്ളത്. പ്രളയദുരന്തത്തിൽനിന്ന് കേരളത്തെ രക്ഷിച്ചെടുക്കുന്നതിൽ ജനങ്ങളുടെ െഎക്യവും പങ്കാളിത്തവും നിർണായകമായ പങ്കുവഹിക്കുകയുണ്ടായി. ഇത് പുതിയ കേരളം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലും ഉണ്ടാവണം.
(ആസൂത്രണബോർഡ് അംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
