എന്താണ് ബിറ്റ്കോയിന്‍

08:27 AM
13/02/2018

ബാങ്കുകളുടെ സഹായമില്ലാതെ തന്നെ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന ഡിജിറ്റല്‍ നാണയമാണ് ബിറ്റ്കോയിന്‍. എന്നാൽ ബിറ്റ്‌കോയിന്‍ ഇടപാടുകള്‍ക്ക് കേന്ദ്രീകൃതമായ നിയന്ത്രണ സംവിധാനമില്ല. ബിറ്റ്കോയിന്‍ ലോഹ നിര്‍മ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടര്‍ ഭാഷയില്‍ തയ്യാറാക്കിയ ഒരു പ്രോഗ്രാം അല്ലെങ്കില്‍ സോഫ്​റ്റ്​വെയർ കോഡാണിത്​.

എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇവയെ ‘ക്രിപ്റ്റോ കറന്‍സി’എന്നും വിളിക്കാറുണ്ട്. 2008ല്‍ ‘സതോഷി നകമോട്ടോ’ ആണ് ബിറ്റ്കോയിന്‍ അവതരിപ്പിച്ചത്. ‘സതോഷി നകമോട്ടോ’ എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്​ധര്‍ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മെയ്​ മാസത്തിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്​ധനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയി​​െൻറ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.

ബിറ്റ്കോയി​ൻ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സൈറ്റിലൂടെയാണ്​ ആവശ്യക്കാര്‍  ബിറ്റ് കോയിന്‍ വാലറ്റ് സ്വന്തമാക്കുന്നത്​. അതിനു ശേഷം  ബാങ്കില്‍ നിന്ന് പണം വാലറ്റിലേക്ക് മാറ്റി  ബിറ്റ് കോയിന്‍ വാങ്ങാന്‍ ഉപയോഗിക്കും. ബിറ്റ്കോയിനുകള്‍ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈല്‍ ഫോണിലോ, ശേഖരിച്ച് വെക്കാം. ഇതുപയോഗിച്ച് പ്രത്യേക രീതിയില്‍ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറന്‍സി പോലെ ഉപയോഗിക്കാനാവില്ല. ആഗോളാടിസ്ഥാനത്തില്‍ ദിവസം 25000 കോടി രൂപയുടെ വ്യാപാരം ബിറ്റ്​കോയിൻ ഉപയോഗിച്ച്​​ നടക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ വിവാദങ്ങളെ തുടർന്ന്​ പല രാജ്യങ്ങളും ബിറ്റ്​കോയിൻ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നുണ്ട്​. 

COMMENTS